ഇനി മന്ത്രിമാരുടെ കാറുകളെക്കുറിച്ച് സംസാരിക്കാം
കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് കാര്യങ്ങള്‍. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പിസി ജോര്‍ജ്ജിനൊഴികെ ആര്‍ക്കും അറിഞ്ഞൂടാത്ത അവസ്ഥ. പണി മൊത്തം പാളി നില്‍ക്കുന്ന ഈയവസരത്തില്‍ ഇത്തരമൊരു ലേഖനം വേണായിരുന്നോടാ എന്ന് ചിലര്‍ ചോദിച്ചേക്കാം. മറ്റൊരവസരം കിട്ടിയില്ലെങ്കിലോ എന്നോര്‍ത്താണ് ഇപ്പോള്‍ തന്നെയാകാം എന്നുവെച്ചത് എന്നുമാത്രമേ പറയാനുള്ളൂ.
ടൊയോട്ട ഇന്നോവയോട് മന്ത്രിമാര്‍ക്കുള്ള പ്രത്യേക പ്രിയത്തിന് കാരണമുണ്ട്. ദീര്‍ഘയാത്രകള്‍ക്ക് ഏറ്റവും യോജിച്ച വാഹനമാണിത്. എന്നാല്‍ ഇന്നോവ മാത്രമല്ല മന്ത്രിമാര്‍ക്ക് പ്രിയങ്കരമായ വാഹനം.

ഉമ്മന്‍ചാണ്ടി
കേരള നിയമസഭാചരിത്രത്തിലെ ഏറ്റവും സാഹസികരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. ജാതിസംഘടനകളും വിവിധ മതവിഭാഗങ്ങളും സ്വന്തം സംഘടനയിലെ വിവിധ ഗ്രൂപ്പുകളുമെല്ലാം ചേര്‍ന്ന് നടത്തുന്ന ബലാല്‍ക്കാര പ്രവര്‍ത്തനങ്ങള്‍ക്കിടയിലൂടെ മന്ത്രിസഭയുടെ തടികേടാകാതെ രക്ഷിച്ചുകൊണ്ടുപോകുക എന്ന യത്നമാണ് ഉമ്മചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനം തന്നെയാണ് കേരളത്തില്‍ ഇന്ന് നടക്കുന്ന ഭരണപ്രവര്‍ത്തനവും. ഉമ്മന്‍ചാണ്ടിയുടെ ഉപയോഗത്തിലുള്ള ടൊയോട്ട ഇന്നോവ കാറാണ്. ഈ വാഹനത്തിന് 12.85 ലക്ഷം രൂപ ചെലവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിലനിലവാരം വെച്ച് നോക്കുമ്പോള്‍ ഇന്നോവ ജി 8എസ് ഡീസല്‍ പതിപ്പാകാണ് സാധ്യത കാണുന്നത്.

കെഎം മാണി
പാലാ കോണ്‍ഗ്രസ് നേതാവും അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ച് സാമ്പത്തികശാസ്ത്രത്തില്‍ കാള്‍ മാര്‍ക്സിന്‍റെ തൊട്ടുതാഴെയായി ഇടംപിടിച്ചയാളുമായ കെഎം മാണിസ്സാറിന്‍റെ ഉപയോഗത്തില്‍ ടൊയോട്ട ഇന്നോവയാണുള്ളത്. 13.75 ലക്ഷം രൂപ ചെലവിട്ടതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. വില ഓണ്‍റോഡ് ആയി പരിഗണിക്കുമ്പോള്‍ ജിഎക്സ് 8എസ് ഡീസല്‍ പതിപ്പായിരിക്കും ഇതെന്ന് അനുമാനിക്കാം.

ആര്യാടന്‍ മുഹമ്മദ്
നിലമ്പൂരിന്‍റെ അനിഷേധ്യ നേതാവ് ആര്യാടന്‍റെ പക്കലുള്ളത് 13.50 ലക്ഷം വിലയുള്ള ഇന്നോവയാണ്. ജിഎക്സ് 7എസ് ഡീസല്‍ പതിപ്പായിരിക്കാനിടയുണ്ട് ഈ കാര്‍.

കെ പി മോഹനന്‍
മന്ത്രി കെപി മോഹനന്‍റെ കൈയില്‍ 12.85 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാറാണുള്ളത്. ഇന്നോവ ജി 8എസ് ഡീസല്‍ പതിപ്പാകാം ഇത്.

കെ.ബാബു
കെ ബാബു ഓട്ടുന്നതും ഇന്നോവ കാര്‍ തന്നെ. 13,55.949 രൂപ ഇതിനായി ചെലവിട്ടുവെന്നാണ് വെളിപ്പെടുത്തല്‍.

കെ.ബി. ഗണേഷ്കുമാര്‍
ഗണേഷ്‍കുമാറിന്‍റെ പക്കല്‍ വോള്‍വോ അടക്കമുള്ള വാഹനങ്ങള്‍ വേറെയുണ്ട്. ഇവയ്ക്ക് ഔദ്യോഗിക നമ്പരായ 9 നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പണമുപയോഗിച്ച് ഒരു ഇന്നോവ കാര്‍ മൂപ്പരും വാങ്ങിയിട്ടിട്ടുണ്ട്. വില 14,33,901 ലക്ഷം. ഇത് ടോപ് എന്‍ഡ് പതിപ്പാണ്. എയ്റോ 8എസ് ഡീസല്‍ പതിപ്പായിരിക്കാന്‍ സാധ്യത കാണുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ആഭ്യന്തരമന്ത്രിക്ക് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ഒരു സ്കോഡ ഒക്ടേവിയ സെഡാന്‍ അനുവദിച്ചുകിട്ടിയിരുന്നു. എന്നാല്‍ പിന്നീടിദ്ദേഹം സര്‍ക്കാര്‍ നല്‍കിയ പണംകൊണ്ട് യാത്രാസുഖമുള്ള ഇന്നോവയിലേക്ക് മാറുകയായിരുന്നു. 13.50 ലക്ഷമാണ് വാഹനത്തിന്‍റെ വില. ജി 8എസ് ഡീസല്‍ പതിപ്പായിരിക്കാം ഇത്.

സി.എന്‍.ബാലകൃഷ്ണന്‍
ഇദ്ദേഹത്തിന്‍റെ പക്കലുള്ളത് 12.85 ലക്ഷം ചെലവിട്ട് വാങ്ങിയ ഇന്നോവയാണുള്ളത്.

പി.ജെ.ജോസഫ്
പ്രതിഭാശാലിയായ ഒരു കാര്‍ഷികഗായകന്‍ കൂടിയായ പി.ജെ.ജോസഫിന്‍റെ പക്കല്‍ 13,94,750 രൂപ ചെലവിട്ട് വാങ്ങിയ ഇന്നോവ കാറുണ്ട്. എയ്റോ 7എസ് ഡീസല്‍ പതിപ്പോ എയ്റോ 8എസ് ഡീസല്‍ പതിപ്പോ ആയിരിക്കാമിത്.

എം.കെ. മുനീര്‍
കുഞ്ഞാലിക്കുട്ടി ഏറ്റവുമധികം സ്നേഹിക്കുന്ന ഈ ലീഗുകാരന്‍റെ കൈയില്‍ 13,13,324 രൂപ വിലയുള്ള ഇന്നോവ കാറാണുള്ളത്.

വി.കെ. ഇബ്രാഹിംകുഞ്ഞ്
വി.കെ. ഇബ്രാഹിംകുഞ്ഞ് സഞ്ചരിക്കുന്നത് 13,94,750 രൂപയുടെ ഇന്നോവയാണുള്ളത്.

വി.എസ്. ശിവകുമാര്‍
ആദ്യം ഒരു ടൊയോട്ട കൊറോള കാര്‍ അനുവദിച്ചെങ്കിലും പിന്നീടിദ്ദേഹം 12.85 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാര്‍ സ്വന്തമാക്കി.

പി.കെ.അബ്ദുറബ്ബ്
അബ്ദുറബ്ബിനും ഇഷ്ടം ഇന്നോവ തന്നെ. 13,94,750 ലക്ഷം വില.

പി.കെ. ജയലക്ഷ്മി
പി.കെ. ജയലക്ഷ്മി എന്ന പാവം പെണ്‍കുട്ടിയുടെ കൈയില്‍ 13,03,864 രൂപ ചെലവിട്ട് വാങ്ങിയ ഇന്നോവയാണുള്ളത്. ഇന്നോവയോട് പ്രത്യേക ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല. എല്ലാരും വാങ്ങുന്ന കാര്‍ വാങ്ങിയെന്നുമാത്രം. ജയലക്ഷ്മി എപ്പോഴും അങ്ങനെയാണ്. ജയലക്ഷ്മിക്ക് ആദ്യം ലഭിച്ചത് ഒരു മിത്സുബിഷി ലാന്‍സര്‍ കാറായിരുന്നു. പിന്നീടാണ് ഇന്നോവയിലേക്ക് മാറിയത്.

ഷിബു ബേബിജോണ്‍
ആര്‍എസ്‍പി പൊതുവില്‍ രണ്ട് തരമുണ്ട്. മാര്‍ക്സിസ്റ്റും ബോള്‍ഷെവിക്കും. ഇതില്‍ കേരളത്തില്‍ ബേബി ജോണ്‍ സ്ഥാപിച്ച മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കൂടാതെ താമരാക്ഷന്‍റെ ആര്‍എസ്‍പി (ബി)യും ഉണ്ട്. ഓരോ ജാതിവിഭാഗത്തിനും മറ്റുമായി ഓരോ അവാന്തരവിഭാഗങ്ങളുണ്ട്. ഷിബു ബേബി ജോണ്‍ ഇവയില്‍ ഏതോ ഒരെണ്ണത്തിന്‍റെ നേതാവാണ്. ഈ പാര്‍ടിയുടെ ആത്യന്തിക ഉദ്ദേശ്യം ചവറ കേന്ദ്രീകരിച്ച് ഒരു ആഗോള മാര്‍ക്സിസ്റ്റ് വിപ്ലവം നടത്തുക എന്നതാണ്. സംഘടനയുടെ പരമ്പരാഗത നേതാവായ ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക വാഹനം 13.50 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാറാണ്.

കെ.സി. ജോസഫ്
ഒരു മിത്സുബിഷി ലാന്‍സര്‍ സെഡാനാണ് കെ.സി. ജോസഫിന് ആദ്യം ലഭിച്ചത്. പിന്നീട് ഇന്നോവയിലേക്ക് മാറി. 13,03,864 രൂപ ചെലവിട്ടു.

അനൂപ് ജേക്കബ്
മന്ത്രിസഭയിലെ നവാഗത പ്രതിഭയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ പ്രതിഭാവിലാസത്താല്‍ ഭക്ഷ്യവിതരണം കരിഞ്ചന്തക്കാരുടെ കൈകളില്‍ ഭദ്രമായിരിക്കുന്നു. അനൂപ് ജേക്കബിന്‍റെ പക്കല്‍ 13,55,949 രൂപ ചെലവിട്ട് വാങ്ങിയ ഇന്നോവ കാറാണുള്ളത്.

മഞ്ഞളാംകുഴി അലി
ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഈ നേതാവിന്‍റെ ഔദ്യോഗികവാഹനം 13,55,949 രൂപ ചെലവിട്ട് വാങ്ങിയ ഇന്നോവയാണ്.

എ പി അനില്‍കുമാര്‍
അനില്‍കുമാറിന് ആദ്യം ലഭിച്ചത് സ്കോഡ ലോറയാണ്. പിന്നീടദ്ദേഹം ഇന്നോവയിലേക്ക് മാറി.

പി.കെ. കുഞ്ഞാലിക്കുട്ടി
ഇക്കാര്യത്തിലും വ്യത്യസ്തനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. ടൊയോട്ട കൊറോള ആള്‍ടിസ് ആണ് കുഞ്ഞാലിക്കുട്ടിയുടെ കാര്‍. 13,94,750 രൂപ വില.

അടൂര്‍ പ്രകാശ്
12.85 ലക്ഷം രൂപ വിലയുള്ള ഇന്നോവയിലാണ് അടൂര്‍ പ്രകാശ് സഞ്ചരിക്കുന്നത്. ജിഎക്സ് 7എസ് ഡീസല്‍ പതിപ്പാകാമിത്.


Click it and Unblock the Notifications








