എംവിഡിക്കും ദാരിദ്ര്യമോ; തപാൽ വകുപ്പിന് കൊടുക്കാനുളളത് കോടികൾ
കേരള സർക്കാരിൻ്റെ എല്ലാ വകുപ്പുകളിലും ദാരിദ്ര്യം കൊടിക്കുത്തി വാഴുകയാണെന്ന് തോന്നുന്നു. മോട്ടോർ വാഹന വകുപ്പിൻ്റെ പുത്തൻ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഡ്രൈവിങ്ങ് ലൈസൻസുകളും ആർസി ബുക്കുകളും പിവിസി രൂപത്തിലാക്കുക എന്നത്. കാക്കനാട് പ്രസിൽ നിന്ന് അച്ചടിച്ച് തപാൽ വഴിയാണ് കസ്റ്റമേഴ്സിലേക്ക് എത്തുക. എന്നാൽ ഇനി അങ്ങോട്ട് ഈ കാര്യത്തിൽ അനിശ്ചിതാവസ്ഥ ആയിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കാര്യം മറ്റൊന്നുമല്ല, തപാൽ വകുപ്പിന് മോട്ടോർ വാഹന വകുപ്പ് നൽകാനുളളത് 2.08 കോടി രൂപയാണ്. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുളള തുകയാണ് ഇത്. അത് മാത്രമല്ല തപാൽ വകുപ്പ് മോട്ടോർ വാഹന വകുപ്പുമായുളള കരാർ റദ്ദാക്കുകയും ചെയ്തു. ബി.എന്‍.പി.എല്‍. അതായത് ബുക്ക് നൗ പേ ലേറ്റര്‍ എന്ന സംവിധാനത്തിലായിരുന്നു ഇതുവരെ മുന്നോട്ട് പോയിരുന്നത്. കരാർ റദ്ദാക്കിയതോടെ ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.

വിദേശത്തേക്ക് പോകുന്നവരുടെ അന്താരാഷ്ട്ര ലൈസന്‍സ് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നേരിട്ട് പ്രിന്റ് ചെയ്ത് കൊടുക്കുന്നുണ്ട്. മറ്റു ലൈസന്‍സുകള്‍ കാക്കനാടുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍നിന്നാണ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നത്. മുൻപ് ലൈസൻസിനും ആർസി ബുക്കിനും അപേക്ഷിക്കമ്പോൾ കവറിന് മുകളിൽ സ്റ്റാംബ് ഒട്ടിച്ചാണ് നൽകിയിരുന്നത്. എന്നാൽ തപാൽ വകുപ്പുമായി കരാർ വന്നതിന് ശേഷം ഇത് ഒഴിവാക്കിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് മലപ്പുറം ജില്ലയിലെ ഇൻ്റർസെപ്റ്ററുകളുടെ ഇൻഷുറൻസ് തുക അടയ്ക്കാത്തത് കൊണ്ട് വാഹനം റോഡ് കാണിക്കാൻ സാധിക്കാതെ കിടക്കുന്ന വാർത്ത് നമ്മൾ പങ്കു വച്ചിരുന്നു. ജില്ലയില്‍ പരിശോധനയ്ക്കായി സേഫ് കേരളപദ്ധതിയുടെ കീഴിൽ വാങ്ങിയ ആറ് ഇലക്ട്രിക് വാഹനങ്ങളിൽ അഞ്ചെണ്ണത്തിൻ്റേയും ഇൻഷുറൻസ് അടച്ചിട്ടില്ല. ജില്ലയിൽ എന്തെങ്കിലും അത്യാഹിതമോ ആവശ്യമോ വന്നാൽ ഉദ്യോഗസ്ഥർ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയാണ് എന്ന് ചുരുക്കം.
അനെര്‍ട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ കസ്റ്റോഡിയന്‍. അവരാണ് ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ മൂന്നുമാസമായി ഇവയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ലഭ്യമല്ല. വാഹനങ്ങളെ തടഞ്ഞു നിർത്താതെ തന്നെ പരിശോധന നടത്താം എന്നതാമ് ഇൻ്റർസെപ്റ്ററുകളുടെ ഗുണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടങ്ങിയതാണ് ഈ വാഹനം.
വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കി ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പരിശോധന നടത്തുന്ന സംവിധാനമാണ് ഇന്റര്‍സെപ്റ്ററുകള്‍ക്കുള്ളത്. അമിതവേഗം കണ്ടെത്തുക, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.
റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.
അതിന് ശേഷം അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനം നടത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുകയും ചെയ്യും. ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുകയും അതിന് ശേഷം വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുളള മാർഗം കൂടിയാണ്. ക്യാമറകളില്ലാത്ത പ്രദേശങ്ങൾ നോക്കിയായിരിക്കും ഇവർ കിടക്കുക. അത് കൊണ്ട് റോഡിൽ വലിയ ആവേശം കാണിക്കാതിരിക്കുക. വേഗത കുറച്ചു പോകുക.
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.


Click it and Unblock the Notifications








