കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പ്രതിയാക്കാം! ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് 500 രൂപ പിഴ
പണ്ട് കാലത്തെ കടലാസ് രേഖകളും ബുക്കുകളും ഇന്ന് ഡിജിറ്റൽ കോപ്പികൾക്ക് വഴിമാറുന്ന കാലമാണ്. കെട്ടു കെട്ടായി രേഖകളൊന്നും കൈയ്യിൽ കരുതാതെ പലയിടത്തും ഡിജിറ്റൽ കോപ്പികൾ കൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാം.

ട്രാഫിക് പൊലീസ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന വിവിധ സംവിധാനങ്ങളുടെയും വകുപ്പുകളുടെയും ഡിജിറ്റലൈസേഷൻ, അവയുടെ നിരീക്ഷണ (മോണിറ്ററിംഗ്) ആവശ്യങ്ങൾക്കും മറ്റും അധിക്യതരുടെ ജോലികൾ എളുപ്പമാക്കി.

മറ്റ് പല വകുപ്പുകൾ പോലെ തന്നെ അടുത്ത കാലത്തായി, ട്രാഫിക് പൊലീസും ഡിജിറ്റൈസ് ചെയ്ത പ്രക്രിയകളിൽ നിന്ന് വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്. ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാനും നിയമ ലംഘനങ്ങൾ കണ്ടെത്താനും ചലാൻ വളരെ എളുപ്പത്തിൽ നൽകാനും ഇത് സഹായിക്കുന്നു.

എന്നിരുന്നാലും, എപ്പോഴും കാര്യങ്ങൾ അത്ര സുഗമമല്ല, ചിലപ്പോഴൊക്കെ പല പിഴകളും മണ്ടത്തരങ്ങളും സംഭവിക്കാറുണ്ട്, ടെക്നോളജിയെ നമ്മുടെ നാട്ടിൽ ഇന്നും പൂർണ്ണമായി നമ്പാൻ പറ്റില്ല എന്ന് ഈ സംഭവങ്ങൾ പലപ്പോഴായി നമ്മെ കാണിച്ച് തന്നിട്ടും ഇതൊന്നും ഇപ്പോഴും ഫലപ്രദമായി പരിഹരിക്കാനുള്ള സംവിധാനങ്ങൾ നലിവിൽ വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.

സംസ്ഥാന ട്രാഫിക് പൊലീസിന്റെ ഭാഗത്ത് നിന്ന് ഈയിടെയുണ്ടായ ഇത്തരത്തിലെ മറ്റൊരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. ഹെൽമെറ്റ് ശരിയായി ധരിക്കാത്തതിന് ഒരു കാർ ഡ്രൈവർക്ക് വന്ന ചലാനാണ് ഇതിലെ താരം.

വായിക്കുമ്പോൾ തന്നെ ചിരി വന്നേക്കാം! സ്വാഭാവികം, ഞാനും ആദ്യം നന്നായി ചിരിച്ചൂട്ടോ, എന്നാൽ അടുത്ത നിമിഷം ഈ ചലാൻ കിട്ടിയ ആളെ കുറിച്ച് ഒന്ന് ആലോചിച്ചപ്പോൾ അത് അങ്ങ് മാറി. എന്നാ ഒരു അവസ്ഥയായിരിക്കും അത് അല്ലേ?

ചലാൻ, മോട്ടോർ സൈക്കിളിൽ പോകുന്ന രണ്ട് പേർക്കാണ് യഥാർഥമായി ഇഷ്യൂ ചെയ്തിരിക്കുന്നത്. പിന്നിൽ ഇരിക്കുന്ന വ്യക്തി ഹെൽമെറ്റ് ശരിയായി ധരിക്കാത്തതിനാണ് ഈ പിഴ. എന്നാൽ, പുറപ്പെടുവിച്ച ചലാൻ തിരുവന്തപുരം വെഞ്ഞാറംമൂഡ് സ്വദേശിയായ അജിത് A എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി ആൾട്ടോയുടെ രജിസ്ട്രേഷൻ നമ്പറിലും അഡ്രസിലുമാണ് എത്തിയത്.

അതോടൊപ്പം ചലാനിൽ, വാഹനത്തിന്റെ ക്ലാസ് 'മോട്ടോർ കാർ' എന്നാണ് പരാമർശിച്ചിരിക്കുന്നത് എന്നും ശ്രദ്ധിക്കണം. ശരിക്കും മോട്ടോർ സൈക്കിളോ ഇരുചക്രവാഹനമോ ആയിരിക്കണം ഈ ക്ലാസിന്റെ സ്ഥാനത്ത് വരേണ്ടത്.

ഡ്രൈവിംഗ് സമയത്ത് തലയിൽ ഹെൽമെറ്റ് സുരക്ഷിതമായി ഘടിപ്പിച്ചിട്ടില്ല (ചിൻ സ്ട്രാപ്പ് ഇട്ടിട്ടില്ല) എന്നാണ് ചലാൻ വ്യക്തമാക്കുന്ന കാരണം.

യഥാർത്ഥ നിയമ ലംഘകരുടെ മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പറും അജിത്തിന്റെ ആൾട്ടോയും അവസാന രണ്ട് അക്കങ്ങൾ ഒഴികെ വളരെ സാമ്യമുള്ളതിനാൽ അജിത്തിന് ഈ ചലാൻ ലഭിത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പറിന്റെ അവസാന രണ്ടക്കങ്ങൾ '11' ആണെന്ന് നമുക്ക് ചലാനിലെ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ കാണാം അജിത്തിന്റെ ആൾട്ടോയുടേത് അവസാനം '77' ആണ്.
കേരള ട്രാഫിക് പൊലീസിന്റെ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പോരായ്മ കാരണം, ഈ സംഭവത്തിൽ യാതൊരുവിധ പങ്കുമില്ലാത്ത അജിത്തിന് 500 രൂപ പിഴ ചുമത്തപ്പെട്ടിരിക്കുകയാണ്.

ഹെൽമെറ്റ് ധരിക്കാത്തതിന് ഒരു കാർ ഉടമയ്ക്ക് ചലാൻ നൽകിയത് വിചിത്രമാണ്. ഈ വിഡ്ഢിത്തം അജിത്തിനെ അനാവശ്യമായ ഒരു സാഹചര്യത്തിലേക്ക് നയിച്ചു, ഈ തെറ്റ് തിരുത്താൻ ഇപ്പോൾ സംസ്ഥാന ട്രാഫിക് പൊലീസ് അധികാരികളെ സമീപിക്കാനും പരാതി നൽകാനുമുള്ള ഒരുക്കത്തിലാണ് അജിത്ത്.

കൂടാതെ ഇക്കാര്യം പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗികമായി പരാതി നൽകുമെന്ന് അജിത് മാധ്യമങ്ങളോട് പറഞ്ഞു. ചലാൻ ഹാജരാക്കാൻ സിസ്റ്റത്തിലേക്ക് രജിസ്ട്രേഷൻ നമ്പർ നൽകുമ്പോൾ ഉണ്ടായ അക്ഷരപ്പിശകിന്റെ ഫലമാകാം ഈ തെറ്റ് എന്ന് ഇതിന് മറുപടിയായി, കേരള ട്രാഫിക് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അടുത്തിടെയാണ് സംസ്ഥാനത്ത് 235 കോടി രൂപ ചെലവഴിച്ച് മോട്ടോർ വാഹന വകുപ്പ് 726 ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകളിൽ ഓവർസ്പീഡിന് പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സിജു കമലാസനൻ എന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

എന്നാൽ റോഡുകളിൽ ഓരോ തരം വാഹനങ്ങൾക്കും അനുവദനീയമായ വേഗ പരിധി സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിക്കാതെ അമിത വേഗത്തിന് പിഴ ഈടാക്കുന്ന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്.


Click it and Unblock the Notifications








