S24 അൾട്രാ ഡാ! നൈസായിട്ട് കടന്നു കളഞ്ഞ നിയമലംഘകരെ സൂം ചെയ്തു പിടിച്ച് MVD
AI ക്യാമറയെ വരെ വിദഗ്ദമായി വെട്ടിച്ച് രക്ഷപെടുന്നതിൽ നമ്മുടെ നാട്ടുകാർക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് എന്നത് പറയാതിരിക്കാൻ വയ്യ. നമ്പർപ്ലേറ്റ് പല തരത്തിൽ മൂടി വെച്ചും കൈ കൊണ്ട് പോത്തിയും എല്ലാം ക്യാമറയിൽ വാഹനത്തിന്റെ നമ്പർ പതിയാതെ കഴിച്ചിലാവാൻ ശ്രമിക്കുന്ന ഒട്ടനവധി സംഭവങ്ങളും അതിന്റെ ദൃശ്യങ്ങളും നാം ഇതിനോടകം ഒത്തിരി കണ്ടിട്ടുണ്ട്. പലപ്പോഴും തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെടുകയും ചെയ്യും, എന്നാൽ അത്തരത്തിൽ രക്ഷപെടാൻ ശ്രമിച്ചവരെ നൂതന ടെക്നോളജിയുടെ സഹായത്തോടെ നൈസായിട്ട് MVD & പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കുരുക്കിയ സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.
റോഡിൽ പൊലീസ് & MVD നടത്തുന്ന പരിശോധന കണ്ട് പിന്നിൽ ഇരുന്ന യാത്രക്കാരന് ഹെൽമെറ്റ് ഇല്ലാത്തതിനാൽ നമ്പർ പ്ലേറ്റും പൊത്തിക്കൊണ്ട് പാഞ്ഞ യുവാക്കളെയാണ് സാംസംഗ് S24 അൾട്ര കൊണ്ട് ഉദ്യോഗസ്ഥർ പൂട്ടിയത്. വഴിയിൽ ചെക്കിംഗ് നടത്തുന്ന പൊലീസിനെ കണ്ടതോടെ നമ്പർ പ്ലേറ്റും കൈ കൊണ്ട് പൊത്തി ശരവേഗത്തിൽ പാഞ്ഞ റോയൽ എൻഫീൽഡ് ബുള്ളറ്റുകാരന്റെ നമ്പർ പ്ലേറ്റ് സൂം ചെയ്താണ് അധികൃതർ നിയമലംഘനം പിടികൂടിയത്.

ദൂരെ എത്തിയിട്ടും സാംസംഗ് S24 അൾട്ര മൊബൈൽ ഫോണിന്റെ അൾട്ര സൂം ടെക്നോളജി ഉപയോഗിച്ചാണ് ബൈക്കിന്റെ നമ്പർ പ്ലേറ്റിന്റെ ചിത്രം കൈക്കലാക്കി MVD ഉദ്യോഗസ്ഥൻ മാസായത്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കണ്ണുവെട്ടിച്ച് രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ഇരിക്കുന്ന ഇവർക്ക് ഒരു ഇരുട്ടടി തന്നെയാവും ഇനി വരാനിരിക്കുന്ന സമൻസ് എന്ന സർട്ടിഫിക്കറ്റ് ഓഫ് ബ്രില്യൻസ് കിട്ടുമ്പോൾ കണ്ണു തള്ളും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ചെക്കിംഗിൽ എക്സ്ഹോസ്റ്റ് സിസ്റ്റത്തിന് മാറ്റം വരുത്തി എന്ന് ആരോപിച്ച് വഴിയിൽ നിറുത്തി പരിശോധിച്ചു വരുന്ന മറ്റൊരു ചെറുപ്പക്കാരന്റെ ക്യാമറയിലാണ് അതേ സമയം റോഡിൽ നടത്ത ഈ സംഭവം വ്യക്തമായി പതിഞ്ഞത്. ഇവിടെ കിട്ടി BP 7226 എന്ന ഫോൺ നോക്കി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ പറയുന്നതിൽ നിന്നു തന്നെ വാഹനത്തിന്റെ നമ്പർ പൂർണ്ണമായി ലഭിച്ചു എന്നും അവർക്കുള്ള പണി ഉടൻ കൊടുക്കും എന്നും മനസിലാക്കാം.

ഇതേ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ തന്നെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ പല നിയമ ലംഘനങ്ങളെ കുറിച്ചും അവ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പരാമർശിക്കുന്നു. എന്നും രാവിലെ ഇപ്പോൾ പത്രം എടുത്തു നോക്കിയാൽ അല്ലെങ്കിൽ ഫോൺ എടുത്താൽ റോഡ് അപകടങ്ങളും മരണവുമാണ് നാം കണികാണുന്നത്. ഇതിൽ ഭൂരിഭാഗവും റോഡിൽ വാഹനം ഓടിക്കുന്ന നമ്മുടെ കൈയ്യിലെ പിഴവുകളും റോഡ് നിയമലംഘനവും മൂലമാണ് എന്ന് നിസംശയം പറയാം.
പലപ്പോഴും നമ്മിൽ ഭൂരിഭാഗം പേരും ഇന്ന് ഹെൽമെറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതും ഡിം & ബ്രൈറ്റ് ലൈറ്റ് ശ്രദ്ധിച്ച് ഉപയോഗിക്കുന്നതും എന്നിങ്ങനെ പലതും ചെയ്യുന്നത് പിഴ അല്ലെങ്കിൽ ഫൈൻ കിട്ടാതിരിക്കാനും, ഈ പൊലീസ് അല്ലെങ്കിൽ MVD ഉദ്യോഗസ്ഥരോടുള്ള ഭയവും മൂലമാണ്. നിയമ പാലകർക്ക് വേണ്ടി ആവരുത് നാം നിയമം അനുസരിക്കേണ്ടത്.
ഇരുചക്ര വാഹനങ്ങളിൽ പോവുമ്പോൾ ഹെൽമെറ്റ് ധരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്നത് നാം തന്നെ തിരിച്ചറിയണം. 500 രൂപ പിഴ ഒഴിവാക്കാനുള്ള ഒരു ചടങ്ങോ പ്രഹസനമോ ആവരുത്. നിർഭാഗ്യവശാൽ പൊലീസിനെ വെട്ടിക്കാൻ വേണ്ടി നമ്പർ പ്ലേറ്റും പൊത്തി ഹെൽമെറ്റ് ഇല്ലാതെ മരണപ്പാച്ചിൽ പാഞ്ഞ ഈ ബുള്ളറ്റ് ഒരു അപകടത്തിൽ പെട്ടാൽ എന്താവുമായിരിക്കാം സ്ഥിതി എന്ന് ഒന്നു ചിന്തിച്ചു നോക്കണം.
നിലവിൽ ഈ സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും എന്ത് നിലപാടും നടപടിയുമാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നിരുന്നാലും ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷ തന്നെ അധികൃതർ നൽകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൂടാതെ നാട്ടിലെ ഇടറോഡുകളിലും മറ്റും ഹെൽമെറ്റ് ഇല്ലാതെ വിലസുന്നവരെ പൂട്ടാൻ പൊലീസിന്റെ വക AI ക്യാമറകളും ഉടൻ എത്തും എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








