എംവിഡി മാമൻമാരിലെ 'ചിട്ടി റോബോയെ' കണ്ടുപിടിക്കാൻ മന്ത്രി, ഫിറ്റ്നസ് പരിശോധനയിൽ ഉഴപ്പ് കാണിച്ചാൽ പണിയാകും
കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന് ഇപ്പോൾ കണ്ടകശനി ബാധിച്ചു എന്നാണ് തോന്നുന്നത്. കുറച്ച് കാലം ഡ്രൈവിങ്ങ് ടെസ്റ്റിൻ്റെ തലവേദനയായിരുന്നു, ഇപ്പോഴിതാ അതിൻ്റെ ബാക്കി പത്രമെന്നോണം ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ വക അടുത്ത പണി. റോഡ് ടെസ്റ്റ്, ലൈസന്‍സ് പുതുക്കല്‍, ഫിറ്റ്‌നസ് പരിശോധന തുടങ്ങിയ ജോലികള്‍ ചില ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തീർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. അത് കൊണ്ട് തന്നെ വകുപ്പിലെ അത്തരം ചിട്ടി റോബോകളെ ഒന്ന് നിരീക്ഷിക്കാൻ തന്നെയാണ് തീരുമാനം എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ആവശ്യമായ സമയം എടുത്തല്ല പലരും ലൈസന്‍സ് പരിശോധന നടത്തിയതെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 22-ന് പൊന്നാനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അഞ്ചുമണിക്കൂറിനകം 147 ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ നൂറിലധികംപേര്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം ഉണ്ടായിരുന്നു. രാവിലെ 8.30 ന് ആരംഭിക്കുകയും ഉച്ചയ്ക്ക് 1.30 മണിക്ക് അവസാനിക്കുന്ന ടെസ്റ്റിനിടയിൽ ഇത്രയും ലൈസൻസുകൾ നൽകുകയും അൻപതോളം പഴയ വാഹനങ്ങൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു എന്നതാണ് വിശ്വസിക്കാൻ സാധിക്കാത്തത്.

റോഡിലൂടെ വണ്ടിയോടിച്ചു കാണിച്ചുള്ള ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥന് ചുരുങ്ങിയത് 15 മുതല്‍ 18 മിനിറ്റുവരെ വേണ്ടിവന്നതായി ബോധ്യപ്പെട്ടെന്നും മന്ത്രി പറയുന്നു. എന്നാൽ പല ഉദ്യോഗസ്ഥരും ഇത്രയും സമയം എടുത്ത് വാഹനം പരിശോധിക്കാൻ മെനക്കെടുന്നില്ല എന്നതാണ് സത്യം. ഇതോടൊപ്പം തന്നെ ജന ശ്രദ്ധയിൽ എത്താൻ മറ്റൊരു കാര്യം കൂടെ ഓർമിപ്പിക്കുകയാണ്.
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.

ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക .
തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്യുമെന്റും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആവുകയും പേരിൽ മാത്രം തിരുത്തൽ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആർസി ബുക്കിന്റെ കോപ്പിയും അപേക്ഷയും എഴുതി അതാത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കാവുന്നതാണ്.


Click it and Unblock the Notifications








