കുറുക്കനെ കറക്കണ കിളിയല്ലേ; സ്റ്റണ്ടിങ്ങ് വീഡിയോ തപ്പി എംവിഡി മാമൻമാർ ഇറങ്ങിയിട്ടുണ്ടേ
സോഷ്യൽ മീഡിയയിൽ കാറുകളും ബൈക്കുകളും സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഇട്ട് പ്രശസ്തി പിടിച്ചു പറ്റാൻ ശ്രമിക്കുന്ന യുവാക്കളേ ഒരു നിമിഷം ഇവിടെ കമോൺ. നിങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഹൈവേകളിലും, കവലകളിലും മാത്രമല്ല ഇപ്പോൾ പോലീസിൻ്റേയും എംവിഡിയുടേയും ചെക്കിങ്ങ്. സോഷ്യൽ മീഡിയയിലും ഉണ്ട്. പത്ത് ലൈക്കിനും ആളുകളുടെ ശ്രദ്ധയ്ക്കും വേണ്ടി ബൈക്കിൻ്റെ മുൻപും പിറകും പൊക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും.
കുറുക്കനെ കറക്കുന്ന കിളിയല്ലേ എന്നൊക്കെ ഇൻസ്റ്റാഗ്രാമിൽ പാട്ട് ഒക്കെ കുത്തി കയറ്റി എഡിറ്റ് ചെയ്ത് വീഡിയോ ഇടുമ്പോൾ ഇനി ആദ്യം ലൈക്ക് അടിക്കാൻ പോകുന്നത് പോലീസ് മാമൻമാരും എംവിഡിയുമായിരിക്കും കേട്ടോ. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ട് 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് യുവാക്കളുടെപേരില്‍ കേസെടുക്കുകയും ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. 3,59,250 രൂപയാണ് ഇതിലൂടെ പിഴ ഈടാക്കിയത്.

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറില്‍ (9747001099) വീഡിയോയും ചിത്രങ്ങളും അയക്കാനുളള സംവിധാനമുണ്ട്. പൊതുനിരത്തുകളിൽ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ റേസിങ്ങുകളും സ്റ്റണ്ടിങ്ങ് നടത്തുന്നവർക്കുമെതിരായി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.
സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.
ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.
ഒപ്പം കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയ ആക്രമണാത്മക ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്.
വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.
ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്താനുള്ള ഇടം കൈയ്യടക്കരുത്. അതുപോലെ അംഗവൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങളുടെ ഡ്രൈവിംഗ് കഴിവുകള്‍ അനുഭവങ്ങളിലൂടെ മെച്ചപ്പെടുത്താനൊക്കും. സുരക്ഷിതമായ ഡ്രൈവിംഗ് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ മാത്രമല്ല മറ്റ് റോഡ് ഉപഭോക്താക്കളുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണത് പറയുന്നത്.


Click it and Unblock the Notifications








