ക്രമക്കേട് കാണിച്ചാൽ ഇങ്ങനെയിരിക്കും; ആർടിഒ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലൈസൻസ് പുതുക്കി നൽകുന്നതിലെ അനിശ്ചിതത്വം മാറി വന്നപ്പോൾ പുതിയ പ്രശ്നങ്ങൾ നേരിടുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്. കാലാവധി തീർന്ന ലൈസൻസുകൾ പുതുക്കി നൽകിയതിൽ ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയെന്നാണ് ഉദ്യോഗസ്ഥർക്ക് എതിരെയുളള ആരോപണം. മലപ്പുറം ജില്ലയില്‍ രണ്ട് ജോയിന്റ് ആര്‍.ടി.ഒ.മാരെയാണ് സസ്പെൻഡ് ചെയ്തത്.
ട്രാൻസ്പോർട്ട് കമ്മീഷറുടെ സ്ക്വാഡിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും സസ്പെൻഷൻ കൊടുത്തിരിക്കുന്നത്. എന്നാൽ സ്ക്വാഡിൻ്റെ റിപ്പോർട്ട് തെറ്റാണെന്നും നിയമപരമായി മാത്രമേ ഇതുവരെ പ്രവർത്തിച്ചിട്ടുളളു എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുളള പ്രതികരണം. 2023 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ 1370 ലൈസന്‍സുകള്‍ ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കിയെന്നും ഇതില്‍ ചിലത് തിരൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കി നൽകണമെങ്കിൽ ആദ്യമായി ലൈസൻസ് എടുക്കുന്നത് പോലെയുളള എല്ലാം ടെസ്റ്റുകളും നടത്തണം എന്നാമ് നിയമം, അതായത് റോഡ് ടെസ്റ്റും കണ്ണുപരിശോധനയും നിർബന്ധമായിട്ടും ആവശ്യമാണ്. ഇത് ചെയ്യാതെ ലൈസൻസ് പുതുക്കി നൽകിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചത് കഴിഞ്ഞ മാസമായിരുന്നു.
മുൻപ് അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മാത്രമായിരുന്നു റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ വാഹനമോടിച്ചു കാണിക്കുകയും വേണം. ഈ നിയമത്തിന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് കുറച്ച് ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കി നൽകിയത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

നാട്ടുകാരെ ഹെൽമറ്റ് വയ്പ്പിക്കാനും സീറ്റ ബെൽറ്റ് ഇടാൻ നിർബന്ധിപ്പിക്കാനും മാത്രമല്ല മറ്റുളള കാര്യങ്ങളിലും കൂടെ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റിസെല്‍ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയതിൻ്റെ ഭാഗമായിട്ട് 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് യുവാക്കളുടെപേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. 3,59,250 രൂപയാണ് ഇതിലൂടെ പിഴ ഈടാക്കിയത്.
സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരുന്നു. അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചവർക്ക് തങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ചെയ്യുന്ന പോലെയുളള കടുത്തശിക്ഷകളായിരിക്കും കോടതിയിൽ നിന്ന് ലഭിക്കുന്നത്.
ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ല എന്നതാണ് പ്രത്യേകത. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ ഇതിന് പുറമേയാണ് വരുക. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല എന്നത് പ്രത്യേകം ഓർക്കുക.
ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള സംവിധാനമായി വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മറ്റുപല സംസ്ഥാനങ്ങളിലും പിഴയൊടുക്കാന്‍ ആറുമാസത്തോളം സാവകാശം നല്‍കാറുണ്ടായിരുന്നു. ഓൺലൈൻ കോടതിക്ക് കൈമാറിയാലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു, എന്നാൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അതിന് കഴിയില്ല.
വാഹനത്തിൻ്റെയും, ലൈസന്‍സ് രേഖകളിലും സ്വന്തം മൊബൈല്‍ നമ്പര്‍ നൽകുകയാണെങ്കിൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം. അത് കൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ വെബ്സൈറ്റിൽ കയറി പിഴയുണ്ടോ എന്ന് പരിശോധിക്കുക.
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.


Click it and Unblock the Notifications








