ചുമ്മാതെ അങ്ങ് പൊളിക്കാൻ വരട്ടെ! സ്ക്രാപ്പിംഗിന് പുത്തൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് MVD
മലിനീകരണത്തിന്റെ അളവ് കുറയ്ക്കാനും പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുമായി ട്ടാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്ക്രാപ്പേജ് നയവും ബോണസും എല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ രീതിയും ചിട്ടകളും പിന്തുടരാതെ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കുന്നതും അത് മൂലം ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാവുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം.
ഒരു സുപ്രഭാദത്തിൽ വണ്ടി അങ്ങ് പൊളിച്ചേക്കാം എന്ന് കരുതി ഓടിച്ചെന്ന് വെട്ടിപൊളിക്കാൻ വരട്ടെ, ഇനി കൃത്യമായി വാഹനങ്ങൾ പൊളിക്കാനുള്ള അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണം എന്നും പൊളിച്ചതിനു ശേഷം AMVI പരിശോധിച്ച് മുമ്പ് ചുമത്തിയിട്ടുള്ള പിഴയടക്കമുള്ളവ അടച്ചു തീര്‍ത്ത് വാഹനത്തിന്റെ RC റദ്ദാക്കി എന്ന് ഉറപ്പാക്കണം എന്നുമാണ് പുതിയ നിര്‍ദേശം.

മുകളിൽ സൂചിപ്പിച്ചതുപോലെ പൊളിക്കാനായി വാഹനങ്ങൾ കൈമാറുകയും എന്നാല്‍, RC റദ്ദാക്കാത്തതുമായ സാഹചര്യം കൂടി വരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ കാര്യമായ ബോധവത്കരണം നടത്തുന്നത്. സ്ക്രാപ്പ് ചെയ്യാൻ അല്ലെങ്കിൽ പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാന്‍ കൂടിയാണിത്.
വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കിൽ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്പോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തിൽ വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. പൊളിക്കാൻ നൽകുന്ന വാഹനങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിൽ വാഹനം പൊളിറിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം.

ഇത്തരം വാഹനം ഉടമകൾ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
പൊളിക്കാൻ നൽകിയ വാഹനത്തിന്റെ എന്‍ജിനോ ഷാസിയോ മറ്റ് ഏതെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ചോ വെട്ടിച്ചേർത്തോ ഉപയോഗപ്പെട്ടേക്കാം. മുഴുവനായി അല്ലെങ്കിലും ഇവയുടെ നമ്പർ മാത്രമായും എടുത്ത് ഉപയോഗിക്കപ്പെടാം. ഏതെങ്കിലും കുറ്റകൃത്ത്യത്തിൽ പിടിക്കപ്പെട്ടാല്‍ ഈ എന്‍ജിന്‍, ഷാസി നമ്പര്‍ എന്നിവ മുഖാന്തരവും RC ഉടമയ്ക്കെതിരേ നടപടി വന്നേക്കാം.
മോഷണങ്ങൾക്കും കുറ്റകൃത്യങ്ങള്‍ക്കുമല്ലാതെ നിരീക്ഷണ ക്യാമറകളിൽ പെടുന്ന നിയമലംഘനങ്ങള്‍ക്കും പിഴയും മറ്റ് സന്ദേശങ്ങളും RC ഉടമയെ തേടി എത്തും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിട്ടാണ് വാഹനം പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന പുതിയ നിര്‍ദേശം. വണ്ടി പൊളിച്ചതിനു ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹൻ വെബ്സൈറ്റിൽ ഉള്‍പ്പെടെ RC റദ്ദായി എന്ന് ഉറപ്പാക്കണം എന്നും അധികൃതര്‍ പറയുന്നു.
മുമ്പൊരിക്കൽ ഓട്ടത്തിനിടയിൽ എഞ്ചിൻ ബേയിൽ തീപിടിച്ചതിനെ തുടർന്ന് ടോട്ടൽ ലോസായി ഇൻഷുറൻസ് കമ്പനിയ്ക്ക് കൈമാറിയ എന്റെ വാഹനത്തിന് പോലും കൃത്യമായി RC ഓണർഷിപ്പ് മാറ്റാറ്റത് മൂലം പിഴയും മറ്റും എന്റെ നമ്പറിലേക്ക് തന്നെ വന്നിരുന്നു. പിന്നീട് അല്പം പണിപ്പെട്ടാണ് അത് ഒന്നു മാറ്റി എടുത്തത്. പൊലീസിന്റെ GD എൻട്രിയും ഇൻഷുറൻസ് കമ്പനിയുമായിട്ടുള്ള രേഖകളും മറ്റും ഉണ്ടായിരുന്നിട്ടും അല്പം ഒന്നു ബുദ്ധിമുട്ടേണ്ട അവസ്ഥ വന്നു. ഇതുപോലെ നിങ്ങൾക്കും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








