നാടറിയുന്ന നടനും നാട്ടുകാരനും നിയമം ഒന്നു തന്നെ! സുരാജിന്റെ ലൈസൻസ് പോയതിന്റെ കാരണം ഇതായിരുന്നോ
മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനാപകടത്തിൽ മൂന്നാം തവണയും താരം നോട്ടീസ് അവഗണിച്ചതോടെയാണ് അധികൃതർ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. മാസങ്ങൾക്ക് മുമ്പ് സുരാജിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണിത്.
എർണാകുളം RT ഓഫീസാണ് ഇതേ ചൊല്ലി കാരണം കാണിക്കൽ നോട്ടീസ് അദ്ദേഹത്തിന് അയച്ചത്, മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും നടൻ പ്രതികരണം ഒന്നും തന്നെ നൽകാത്ത പഞ്ചാത്തലത്തിലാണ് തുടർനടപടികൾ. കർശനക്കാരനായ മോട്ടോർ വാഹന ഉദ്യോഗസ്ഥനായി താരം വേഷമിട്ട 'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിമിനയിലെ ഡയലോഗ് വെള്ളിത്തിരയിൽ നിന്ന് ജീവിതത്തിൽ വെള്ളിടി പോലെ ഭവിച്ചു എന്ന് തന്നെ പറയാം.

'നിയം എല്ലാവർക്കും ഒരു പോലെ തന്നെ, അത് നാട് അറിയുന്ന നടൻ ആയാലും വെറും നാട്ടുകാരൻ ആയാലും', ഇതിൽ യാതൊരു വിട്ടു വീഴ്ച്ചയുമില്ല എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് നടൻ കൂടെയായ ഇപ്പോഴത്തെ ഗതാഗത മന്ത്രി ശ്രീ K.B ഗണേഷ് കുമാറിന്റെ നിലപാടും.
2023 ജൂലൈ 29 -ന് പാലാരിവട്ടത്ത്, തമ്മനം - കാരണക്കോടം റോഡിൽ രാത്രിയിലായിരുന്നു സംഭവം. താരം ഓടിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് യാത്രികനായിരുന്ന മഞ്ചേരി സ്വദേശി ശരത്തിന്റെ വലതു കാലിന്റെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തരുന്നു. സിനിമയിൽ നാം കണ്ട പോലെ എടിപിടീന്ന് ഒന്നുമായിരുന്നില്ല നടപടികൾ.

ഏറെ കുറെ എട്ട് മാസത്തോളം അധികൃതർ ഇതിനു പിന്നിലായായിരുന്നു. ശിക്ഷയൊഴിവാക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഒന്നല്ല മൂന്ന് നോട്ടിസും നല്‍കി. എന്നാൽ ഇതിന് മറുപടി താരം നൽകിയിട്ടില്ല. പാലാരിവട്ടം പൊലീസാണ് FIR, മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്, രജിസ്റ്റേർഡായി അയച്ച നോട്ടീസ് താരം കൈപ്പറ്റിയതിന്റെ രസീതും അധികൃതർക്ക് ലഭിച്ചിരുന്നു.
കാർ അമിത വേഗത്തിൽ ആയിരുന്നതിനാൽ ലൈസൻസ് റദ്ദാക്കണം എന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു, ഇതിന്റെയും കൂടെ അടിസ്ഥാനത്തിലാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരിക്കുന്നത്. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ശരിയാണോ എന്ന തരത്തിൽ ഇതിന് എതിരെ സമൂഹ മാധ്യമങ്ങളിൽ പല വിയോജിപ്പുകളും അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

എന്തിരുന്നാലും മൂന്ന് കാരണം കാണിക്കൽ നോട്ടീസിന് ഒരു മറുപടിയും നൽകാതിരുന്നത് നാട്ടിലെ നിയമ വ്യവസ്ഥയോടുള്ള താരങ്ങളുടെ ഹുങ്കാണ് എന്ന് മറ്റൊരു അഭിപ്രായവും ഉയരുന്നുണ്ട്. വെള്ളിത്തിരയിൽ നന്മയും നിയമപാലനവും സഹാനുഭൂതുയുമെല്ലാം വാരി വിതറി കൈയ്യടി വാങ്ങി കൂട്ടുന്ന താരങ്ങളിൽ പലരും സ്ക്രീനിനു പിന്നിൽ അഹങ്കാരികളും താര പരിവേഷം ദുരുപയോഗം ചെയ്യുന്നവരാണ് എന്നുമാണ് മറ്റ് വിമർശനങ്ങൾ. ഈ നടപടികളെ കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും, ഈ വിമർശനങ്ങളുടെ ആക്കം കൂട്ടുന്നു.
ഇതിനു മുമ്പ് നടന്ന പല നടപടികൾക്ക് എതിരേയും കാലഹരണപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾക്ക് എതിരേയും ഞങ്ങൾക്കും പലവിധ വിയോജിപ്പുകൾ വ്യക്തിപരമായിട്ട് ഉണ്ടെങ്കിലും, ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എക്സ്ട്ര ഡീസന്റായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത് എന്ന് പറയാം. ഇക്കാര്യത്തിൽ സുരാജ് വെഞ്ഞാറമൂട് തന്റെ ഭാഗം വ്യക്തമാക്കിയില്ല എങ്കിൽ അത് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.


Click it and Unblock the Notifications








