ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചപ്പോൾ മുതൽ ഗതാഗത നിയമ ലംഘനത്തിൽ വലിയ കുറവുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ അതിന് ശേഷം എഐ ക്യാമറകൾ പലയിടത്തും പരാജയപ്പെടുകയും ചലാൻ ലഭിക്കാൻ താമസം നേരിടുന്ന സ്ഥിതി ആണ് ഇപ്പോൾ. എന്നാൽ നിങ്ഹൾ നിയമ ലംഘനം നടത്തുകയും ചലാൻ ലഭിക്കാൻ വൈകിയെന്നത് കൊണ്ട് നിങ്ങളുടെ നിയമലംഘനത്തിൽ കുറവോ ഇളവോ ഉണ്ടാവില്ല എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
2023 ജൂണ്‍ ആദ്യം മുതലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. ആദ്യം ദിവസം തന്നെ 28,000 ട്രാഫിക് നിയമലംഘനങ്ങളാണ് ക്യാമറ പിടിച്ചത്. ഉദ്ഘാടനം നടക്കുന്നതിന് മുൻപ് ദിവസം 4.5 ലക്ഷം നിയമലംഘനങ്ങളായിരുന്നു നടന്നത്. നാല് ലക്ഷം നിയമലംഘനങ്ങളുടെ കുറവാണ് ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ ഉണ്ടായത് എന്നാണ് മോട്ടോർ വാഹന വകുപ്പ് പുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിച്ചത്.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമാക്കിയത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ.എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം കെൽട്രോണുമായി ചില വഴക്കുകളും ബഹളങ്ങളുമുണ്ടായിരുന്നു, അതോടെ ക്യാമറയുടെ അറ്റകുറ്റപ്പണികൾ കെൽട്രോൺ ചെയ്യില്ല എന്നായിരുന്നു അറിയിച്ചത്.
അതിന് ശേഷം അത് പരിഹരിക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ ഇല്ലാത്ത യാത്രക്കാരുടെ സാന്നിധ്യം ചലാനിൽ കാണുക എന്നതായിരുന്നു എഐ ക്യാമറ എയറിൽ കയറിയ മറ്റൊരു വിഷയം. പല സ്ഥലങ്ങളിലും പിഴ നൽകിയ ചലാനിൽ സ്ത്രീ സാന്നിധ്യം കണ്ടത് വലിയ കോലാഹലങ്ങൾക്കായിരുന്നു വഴിവച്ചത്. വാഹനം വിൽക്കുകയും ആർസി ബുക്കിൽ പേര് മാറ്റിയതിന് ശേഷവും ചലാൻ വരുന്നു എന്നതായിരുന്നു മറ്റൊരു ആരോപണം.

എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാൻ പല വാഹനങ്ങളും ശ്രമിക്കുന്നുണ്ട്. അതിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ നമ്പർ പ്ലേറ്റിൽ ചെളി വാരി തേച്ചും, ക്രാഷ് ഗാർഡ് കൊണ്ട് മറച്ച് ക്യാമറയുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെയാണ് എംവിഡിയുടെ ലക്ഷ്യം. കൂടുതലും നമ്പർ പ്ലേറ്റുകളിൽ ചെളി വാരി പുരട്ടുന്നത് ടിപ്പർ, ടോറസ് ലോറികളുടെ ഡ്രൈവർമാരാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. പിന്നിൽ മാത്രമല്ല വശങ്ങളിൽ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും നെറ്റ് വലിച്ചു കെട്ടി മൂടുന്നതിനൊപ്പം നമ്പറും മൂടുകയാണ് ചെയ്യുന്നത്.
ഇതോടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍വഴിയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കൈവശമുള്ള ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്ക് കൈമാറുന്നതാണ് രീതി.
പിന്നീട് കോടതിവിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനോടൊപ്പം തന്നെ നമ്പര്‍പ്ലേറ്റ് വായിക്കാൻ കഴിയാത്ത രീതിയിലാക്കുന്നവർക്ക് 5000 രൂപ വരെയാണ് പിഴ ചുമത്തുക. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത ഭാരവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് അപകടകരമായത് കൊണ്ട് തന്നെ മഫ്തിയിൽ പരിശോധിക്കാനാണ് വകുപ്പിൻ്റെ തീരുമാനം. അത് കൊണ്ട് നിങ്ങൾ ഇത്തരത്തിലുളള ബുദ്ധിമോശം കാണിക്കരുത്. വാഹനമോടിക്കുമ്പോൾ ഗതാഗത നിയമം പാലിക്കാൻ ശ്രമിക്കുക.


Click it and Unblock the Notifications








