നൈറ്റ് ഡ്രൈവിൽ ഉറക്കത്തെ വെല്ലുവിളിക്കരുത്, ബോധവൽക്കരണവുമായി കേരള പൊലീസ്
രാത്രിയാത്രകൾ ചില സമയത്ത് അപകടങ്ങളിലാണ് കലാശിക്കാറുള്ളത്. വീട്ടിലേക്ക് എത്താൻ കിലോമീറ്ററുകൾ മാത്രം ശേഷിക്കുമ്പോഴായിരിക്കും ഉറക്കം എന്ന പിശാച് നിങ്ങളെ വട്ടം പിടിക്കുന്നത്. ഒരു സെക്കൻഡ് കണ്ണ് അടഞ്ഞ് പോയാൽ നിങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീഴും. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നാല് പേരുടെ മരണത്തിന് കാരണമായതും ഉറങ്ങിപോയതാണ്. കേരള പൊലീസ് രാത്രി കാല അപകടങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് ജനങ്ങൾക്ക് ഒരു ബോധവൽക്കരണ പോസ്റ്റ് സോഷ്യൽ മീഡിയയിൽ കേരള പൊലീസിൻ്റെ പേജിൽ പങ്കുവച്ചിരിക്കുകയാണ്. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം എന്ന ഉപദേശം എപ്പോഴും കേൾക്കാറുളളതല്ലേ.
കേരള പൊലീസ് പങ്കുവച്ച പോസ്റ്റിൻ്റെ ഉള്ളടക്കം ഈ വിധമാണ്. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം.

പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.
ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം എന്നാണ് കേരള പൊലീസ് പോസ്റ്റിൽ വിശദീകരിക്കുന്നത്.
രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഡ്രൈവ് ചെയ്യാൻ ഗ്ലാസുകൾ ആവശ്യമുള്ള നിരവധി ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വിസിബിളിറ്റി മെച്ചപ്പെടുത്തുന്നതിന് ശരിയായ ഗ്ലാസുകൾ തിരഞ്ഞെടുക്കുക. ആൻ്റി റിഫ്ലക്ടീവ് കോട്ടിംഗ് ഉള്ള ലെൻസുകൾ വാങ്ങുന്നത് അൽപ്പം ചിലവുളളതാണ് എങ്കിലും രാത്രി ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾക്ക് അത് വളെര ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിൻ്റെ ലൈറ്റിലേക്ക് പലരും നോക്കി പോകാറുണ്ട്. അത് വളരെ അപകടകരമായ ഒരു പ്രവണതയാണ് എന്ന് തിരിച്ചറിയുക. അത് പോലെ തന്നെ നിങ്ങളുടെ വാഹനത്തിൻ്റെ അകത്തുളള ബാക്ക് മിറർ വൃത്തിയായി സൂക്ഷിക്കാൻ പലരും മറന്നു പോകാറുണ്ട്. പിന്നിൽ നിന്ന് വരുന്ന വെളിച്ചവും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. പകൽ വാഹനമോടിക്കുന്നതിൻ്റെ മൂന്നിരട്ടി അപകടമാണ് രാത്രിയിൽ വാഹനമോടിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കപ്പെട്ടതാണ്.
കനത്ത മഴ, കനത്ത മൂടൽമഞ്ഞ് അല്ലെങ്കിൽ മഞ്ഞ് പോലുള്ള മോശം കാലാവസ്ഥയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡിം അടിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. ഡ്രൈവിങ്ങിൻ്റെ സുരക്ഷയിൽ കാർ ഡിം ലൈറ്റ് ചെയ്യുന്നതിന് വളരെ പ്രധാന പങ്കുണ്ട്. അവയുടെ പ്രവർത്തനവും ഉപയോഗവും മനസ്സിലാക്കുന്നത് നിങ്ങളെയും മറ്റ് ഡ്രൈവർമാരെയും റോഡിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് സഹായിക്കുമെന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ നിങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും ശ്രദ്ധിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








