ഗൂഗിൾ മാപ്പും പണി തരുമെന്ന് കേരള പൊലീസ്; രാത്രിയാത്രയിൽ കൂടുതൽ ജാഗ്രത വേണം
ഇപ്പോൾ എവിടെ പോണമെങ്കിലും മുന്നിൽ കാറിലാണെങ്കിൽ മുൻസീറ്റിലും ബൈക്കിലാണെങ്കിൽ പിന്നിലും ഫോൺ പിടിച്ചോണ്ട് ഒരാൾ കാണും. ഗൂഗിൾ മാപ്പ് നോക്കി വഴി പറഞ്ഞു തരുന്ന വഴികാട്ടി. എന്നാൽ കുറച്ചു കാലമായി ഗൂഗിൾ മാപ്പ് നോക്കി പോകുന്നവർ അപകടങ്ങളിൽപ്പെടുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്ത നിങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അഞ്ചു പേർ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാരാണ് മരിച്ചത്.
പരിചയക്കുറവുളള വഴിയിലൂടെ പോകുമ്പോഴാണ് എല്ലാവരും ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത്, എന്നാൽ മഴസമയത്ത് കാഴ്ച്ചയ്ക്ക് തടസം വരുകയോ വഴി തെറ്റുകയോ ചെയ്താൽ വാഹനം സൈഡിൽ ചേർത്ത് നിർത്തുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. റോഡിൽ എന്തെങ്കിലും അറ്റക്കുറ്റപ്പണികൾ നടക്കുമ്പോൾ വഴി തിരിച്ചു വിടുന്നത് ഗൂഗിൾ മാപ്പിൽ കാണില്ല എന്നത് വലിയൊരു കുഴപ്പമാണ്. എളുപ്പത്തിലെത്താൻ തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും യാത്ര സാധ്യമല്ലാത്ത റോഡുകളും ഗൂഗിള്‍ മാപ്പ് കാണിച്ചേക്കാം.

വീതികുറഞ്ഞതും വാഹനം വളരെ കഷ്ടപ്പെട്ട് മാത്രം പോകുന്ന അപകടങ്ങള്‍നിറഞ്ഞ റോഡുകളും മാപ്പിൽ കാണിച്ചേക്കാം എന്നാൽ ഇത്തരം റോഡുകളിലൂടെ പോകുന്നത് ഒഴിവാക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്. ഒരു സ്ഥലത്തേക്ക് പോകുമ്പോൾ ആ വഴി നേരത്തെ തന്നെ അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. അത് മാത്രമല്ല ഗൂഗിളിൽ കൂടുതൽ എളുപ്പവഴികൾ തപ്പുന്നതിലും നല്ലത് അൽപ്പം ദൂരം കൂടിയാലും ശരിയായ വഴിയിലൂടെ പോകുന്നതാണ്. കാരണം ജിപിഎസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എല്ലാം മുൻകൂട്ടി കണ്ടിട്ട് വേണമല്ലോ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കാൻ. അത് പോലെ തന്നെ ചിലർക്ക് പറ്റുന്ന അബദ്ധമാണ് ഗൂഗിൾ മാപ്പിൽ നിങ്ങളൊരു റൂട്ട് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ യാത്ര രീതി ശരിയായി കൊടുക്കാത്തത്. അതായത് നിങ്ങൾ കാറിലാണോ ബൈക്കിലാണോ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കാര്യം വളരം വ്യക്തമായി തന്നെ മാപ്പിൽ തെരഞ്ഞടുത്തില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന വഴിയും അത്തരത്തിലായിരിക്കും. ബൈക്കിന് പോകാൻ സാധിക്കുന്ന വഴികളായിരിക്കും മാപ്പിൽ കാണിക്കുന്നത്.

നിങ്ങൾ കാറിലാണ് എങ്കിൽ കാറിൻ്റെ ഓപ്ഷൻ തന്നെ തിരഞ്ഞെടുക്കുക. ഒരുസ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് അറിയാവുന്ന ഒരുസ്ഥലം 'ആഡ് സ്റ്റോപ്പ്' ആയി നല്‍കിയാല്‍ വഴിതെറ്റുന്നത് ഒഴിവാക്കാം. വഴിതെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരുവഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. ഈവഴി നാലുചക്രവാഹനം അല്ലെങ്കില്‍ വലിയവാഹനങ്ങള്‍ പോകണമെന്നില്ല.
മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.
വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.
റൂട്ടും റോഡുമെല്ലാം നല്ലവിധത്തിൽ മനസിലാക്കിയതിനും ഉറപ്പുവരുത്തിയതിനും ശേഷം മാത്രമേ യാത്ര തുടരാവൂ. മഴക്കാലത്ത് വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് അത്യാവിശ്യമായ കാര്യമാണ്. തേയ്മാനം സംഭവിച്ച ടയറുകള്‍ കാര്യക്ഷമമായ ബ്രേക്കിങ്ങ് നല്‍കില്ല. ഇതിനുപുറമെ, എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.
വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക. കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പുതിയത് വാങ്ങിയിടാനും ശ്രമിക്കണം. വാഹനത്തിന്റെ ഇന്റീരിയറിനും കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വാഹനത്തിന്റെ ഫ്ലോറിൽ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഈർപ്പത്തിൽ നിന്നും സഹായിക്കും. അങ്ങനെ ഈ മഴക്കാലത്ത് മൊത്തത്തിൽ യാത്രകൾ സുരക്ഷിതമാക്കാൻ വാഹന ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








