പൊലീസ് മാമാന്‍മാര്‍ ഇനി 'സൈലന്റായി' വരും! വാങ്ങിയത് 16 ഏഥര്‍ റിസ്ത സ്‌കൂട്ടറുകള്‍
പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നിയമനിര്‍വഹണത്തിനും സദാ കര്‍മനിരതരായ പൊലീസ് സേനാംഗങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ പൊലീസ് സേനയില്‍ 62000-ത്തിനടുത്ത് അംഗങ്ങള്‍ മാത്രമാണുള്ളത്. ക്രമസമാധാന ചുമതലയുള്ളവരായതിനാല്‍ തന്നെ മികച്ച വാഹനങ്ങളാണ് സര്‍ക്കാര്‍ പൊലീസിന് അനുവദിക്കാറുള്ളത്. ഫോര്‍വീലറുകള്‍ക്ക് പുറമെ ടൂവീലറുകളും പൊലീസിന്റെ വാഹന വ്യൂഹത്തിലുണ്ട്. കാലത്തിനൊത്ത് കോലം മാറുന്ന കണക്കെ കേരള പൊലീസും ഇപ്പോള്‍ വൈദ്യുതീകരണ പാതയിലാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള പൊലീസിന്റെ പുതിയ നീക്കം. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ആധുനിക സാങ്കേതികവിദ്യയില്‍ രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഏഥര്‍ കമ്പനിയുടെ 16 പുതിയ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറുകളാണ് നഗരത്തിലെ പട്രോളിംഗിനായി കേരള പൊലീസ് സ്വന്തമാക്കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ രാജ്യത്തുടനീളം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. കൊച്ചിയില്‍ വെച്ച് കേരള പൊലീസ് ഈ സ്‌കൂട്ടറുകള്‍ ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ towermafia എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്.

ഡെലിവറിക്ക് തയാറാക്കി നിര്‍ത്തിയ റിസ്ത സ്‌കൂട്ടറുകള്‍ക്കരികില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയിരിക്കുന്നതും ഈ വീഡിയോയില്‍ കാണാം. പട്രോളിംഗ് ജോലികള്‍ക്കായി 16 പുതിയ ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാനുള്ള പദ്ധതിയെ കുറിച്ച് വ്‌ലോഗര്‍ ചോദിച്ചറിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ സ്‌കൂട്ടറുകള്‍ ഓടിച്ചുനോക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാന്‍ സാധിച്ചു.
കേരള സര്‍ക്കാരിന്റെ 'സേഫ് റോഡ്സ് ആന്‍ഡ് ഗ്രീന്‍ പോലീസിംഗ്' പദ്ധതിയുടെ ഭാഗമായാണ് പുതുതായി ഏഥര്‍ റിസ്ത സ്‌കൂട്ടറുകള്‍ വാങ്ങിയത്. പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അതത് പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്താനാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുക. എല്ലാ സ്ഥലങ്ങളിലും ഔദ്യോഗിക ജീപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഇന്ധനച്ചെലവ് ലാഭിക്കാനും ഇതുവഴി സാധിക്കും.

സാധാരണ ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് കുറവാണ്. ഡീപ് ബ്ലൂ നിറത്തിലുള്ള സ്‌കൂട്ടറുകളാണ് പൊലീസ് സേനയില്‍ എത്തിയിരിക്കുന്നത്. ഈ സ്‌കൂട്ടറുകളില്‍ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ പൊലീസ് സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. ഏഥര്‍ റിസത കൂടാതെ ടൊയോട്ട ഇന്നോവ, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍, മാരുതി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ 3-ഡോര്‍ എസ്യുവികള്‍ തുടങ്ങി വിവിധതരം വാഹനങ്ങളും കേരള പോലീസിന്റെ വാഹന വ്യൂഹത്തിലുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ സംവിധാനം ഇവികളെ പുല്‍കുന്നത് ഇതാദ്യമായല്ല. മുമ്പ് കേരള മോട്ടോര്‍ വാഹന വകുപ്പ് പട്രോളിംഗ് ആവശ്യങ്ങള്‍ക്കായി ടാറ്റ നെക്‌സോണ്‍ ഇവികള്‍ വാങ്ങിയിരുന്നു. ഇത്രയധികം ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കിയ ആദ്യ സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നായിരുന്നു കേരള എംവിഡി. പിന്നീട് എംവിഡിയുടെ മുഖമുദ്രകളില്‍ ഒന്നായി ഈ ഇവികൾ മാറി.

കഴിഞ്ഞ വര്‍ഷമാണ് സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ വഴി യൂത്തിന്റെ ഇഷ്ട ബ്രാന്‍ഡായി മാറിയ ഏഥര്‍ റിസ്തയെന്ന പേരില്‍ ഫാമിലി സ്‌കൂട്ടര്‍ പുറത്തിറക്കിയത്. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഈ സ്‌കൂട്ടറിന് മതിയായ അണ്ടര്‍-സീറ്റ് സ്റ്റോറേജും മികച്ച റൈഡിംഗ് റേഞ്ചും ഉണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ റിസ്ത ഹിറ്റായി മാറി.
ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടാന്‍ റിസ്തക്കായി. കൊച്ചിയില്‍ 1.15 ലക്ഷം മുതല്‍ 1.32 ലക്ഷം റിസ്ത സ്‌കൂട്ടറുകളുടെ എക്‌സ്-ഷോറൂം വില. കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലകളാണ് ഇത്. നിലവില്‍ 2.9 kWh, 3.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നു. ഈ സ്‌കൂട്ടറിന് 123 കിലോമീറ്റര്‍ മുതല്‍ 159 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








