വന്ദേ ഭാരതിന് ഇനി മുതൽ 20 കോച്ച്! കേരളത്തിന് റെയിൽവേയുടെ പുതുവർഷസമ്മാനം ഇങ്ങനെ
കേരളത്തിൽ റെയിൽവേ അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ യാത്രക്കാർക്ക് വലിയ അനുഗ്രഹമായിരുന്നു. 16 കോച്ചാണ് വന്ദേ ഭാരത് ട്രെയിനിന് അനുവദിച്ചത്. ഇപ്പോഴിതാ യാത്രക്കാരുടെ അപേക്ഷ പ്രകാരം 20 കോച്ച് അനുവദിച്ചിരിക്കുകയാണ്. നിലവിലുള്ള ട്രെയിൻ മറ്റൊരു റൂട്ടിലേക്ക് കൂടി ചേർക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, എന്നിരുന്നാലും ഇതുവരെ ഏത് റൂട്ടായിരിക്കും എന്ന് തീരുമാനിച്ചിട്ടില്ല. അതോടൊപ്പം തന്നെ 10 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ട്രെയിനിൽ ചാര-കറുപ്പ്-ഓറഞ്ച് നിറങ്ങളായിരിക്കും ഉണ്ടാകാൻ സാധ്യത.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്.

രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.
പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.
ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.

യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്. ടോയ്‌ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്. കൂടാതെ ട്രെയിനിന്റെ വിൻഡോൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്‌സ്‌പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








