കേരള സർക്കാരിന് ഇപ്പോഴാണോ നേരം വെളുത്തത്! ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇനി ഡിജിറ്റൽ
കേരളത്തിൽ ഇപ്പോൾ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കൃത്യസമയത്ത് ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നില്ല എന്നത്. ഇതൊക്കെ ഡിജിറ്റലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആറുവര്‍ഷം മുൻപ് തന്നെ ലൈസൻസും രജിസ്ട്രേഷൻ രേഖകളെല്ലാം ഡിജിറ്റലാക്കിയിട്ടും വീണ്ടും ഡിജിറ്റല്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും അതോടൊപ്പം തന്നെ ലൈസന്‍സും 2018 മുതലെ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കേന്ദ്രം ഡിജിലോക്കര്‍ പുറത്തിറക്കിയത്. വാഹനസംബന്ധമായ രേഖകള്‍ സൂക്ഷിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം. പരിവാഹന്‍ ആപ്പ് പുറത്തിറക്കിയത്.
ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഡ്രൈവിങ്ങ് ലൈസൻസിനായുളള ടെസ്റ്റ് പാസാകുന്നതോടെ ഡിജിറ്റൽ രൂപത്തിലുളള ലൈസൻസ് ലഭിക്കും.കാർഡ് വേണമെന്നുണ്ടെങ്കിൽ മാത്രം പണം അടച്ചാൽ മതിയാകും. ഈ സംവിധാനം വരുന്നതോടെ ലൈസൻസും ആർസി ബുക്കും ലഭിക്കാനുളള ലക്ഷക്കണക്കിനാളുകൾക്കാണ് ഇതു വഴി പരിഹാരം ലഭിക്കുക.സംസ്ഥാനത്ത് ഇപ്പോള്‍ അഞ്ചുലക്ഷം ആര്‍.സി.യും, 1.30 ലക്ഷം ഡ്രൈവിങ് ലൈസന്‍സും അച്ചടിക്കാനുണ്ട്.

അന്യസംസ്ഥാന ലൈസൻസുകളാണ് ഇപ്പോൾ ഈ രംഗത്തെ പുത്തൻ ട്രെൻഡ്. കാശ് അല്പം മുടക്കിയാൽ ടെസ്റ്റ് പോലുമില്ലാതെ വേണമെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കീശയിലാക്കാം. ഏതൊരു സംസ്ഥാനത്തു നിന്ന് എടുക്കുന്ന ലൈസൻസ് കൊണ്ട് രാജ്യത്ത് എവിടേയും വാഹനം ഓടിക്കാനാവും പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് കേരളത്തിൽ നിന്ന് തന്നെ എടുക്കണം എന്ന് നിർബന്ധം എന്ന് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ ചിന്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മുമ്പും ഇവ സജീവമായിരുന്നു എങ്കിലും ഇത്രയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇക്കാര്യം വ്യക്തമാക്കുന്നു. എളുപ്പത്തിൽ ലഭിക്കുന്ന ഇതര സംസ്ഥാന ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ നമ്മുടെ നാട്ടുകാർ പോയാൽ അങ്കലാപ്പിലാവുന്നത് നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്കൂളുകൾ തന്നെയാണ്.

ഇതര സംസ്ഥാന ലൈസൻസുകൾ വളരെ എളുപ്പത്തിൽ സംഘടിപ്പിച്ചു നൽകാൻ ഒട്ടനേകം ഏജന്റുമാരും ഇപ്പോൾ രംഗത്തുണ്ട് എന്നതാണ് മറ്റൊരു സത്യം. മറ്റ് സംസ്ഥാനങ്ങളിൽ എവിടെയോ വാടകയ്ക്ക് താമസിക്കുന്നു എന്ന വ്യാജേന ഒരു ഫേക്ക് അഡ്രസ്സും വെച്ചാണ് ഈ ലൈസൻസുകൾ കരസ്ഥമാക്കുന്നത്. വണ്ടിയോടിക്കാൻ വ്യക്തമായി അറിയില്ല എങ്കിൽ അത്യാവശ്യം പഠിപ്പിച്ചു കൊടുക്കുന്ന ചില ഡ്രൈവിംഗ് സ്കൂളുകൾ ഉണ്ട്.
നിലവിൽ കർണാടക, തമിഴ്നാട്, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ ഡ്രൈവിംഗ് ലൈസൻസുകൾ എത്തുന്നത്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഡ്രൈവിംഗ് ലൈസൻസ് കൈയ്ക്കലാക്കുന്നതിലൂടെ കേരള സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴെ ഏറെ കുറെ കാലിയായ ഘജനാവിലേക്ക് ന്യായമായി വരേണ്ടത് പോലും ദേ പല വഴിക്ക് പോവുന്നു.

നമ്മുടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഫീസായ 1450 രൂപയാണ് ഈടാക്കുന്നത്, അത് കൂടാതെ ഡ്രൈവിംഗ് സ്കൂളിൽ പോയി ടെസ്റ്റ് വളരെ എല്ലാം പഠിച്ച് എത്തുന്നതിന് 8000 രൂപയോളമാവും ചെലവ്. മറ്റ് ഇതര സംസ്ഥാനങ്ങളിൽ പഠനം ഉൾപ്പടെ കമ്മീഷനും ചേർത്ത് 8000 മുതൽ 12000 രൂപ വരെയാവും ചെലവ്. ഇത് കൂടാതെ ആൾ ഹാജരാവാതെ തന്നെ ഹൈടെക്കായി ലൈസൻസ് എടുത്തു നൽകുന്ന പരിപാടിയും ഉണ്ട്. എന്നാൽ ഇതിന് റേറ്റ് അല്പം കൂടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








