ഗരാജ് വലുതാക്കി റോക്കി ഭായ്; യാത്രകള്‍ ഇനി 5 കോടിയുടെ റേഞ്ച് റോവറില്‍
സാന്‍ഡല്‍വുഡ് എന്നാണ് കന്നഡ സിനിമ ലോകം അറിയപ്പെടുന്നത്. 2018-ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 എന്ന സിനിമ റിലീസ് ആയതോടെയാണ് സാന്‍ഡല്‍വുഡിന്റെ തലവര മാറിയത്. ഒറ്റ സിനിമ കൊണ്ട് യാഷ് എന്ന നടന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി. കെജിഎഫിന്റെ രണ്ടാം ഭാഗവും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് പണം വാരി.
ഇന്ന് കര്‍ണാടകയില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തം ആരാധകരുള്ള നടനാണ് യാഷ്. കെജിഎഫിലൂടെ ജനപ്രിയനായി മാറിയ യാഷ് ഇപ്പോള്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസഡര്‍ കൂടിയാണ്. ജനപ്രീതിയും ബ്രാന്‍ഡ് വാല്യുവും കൂടുന്നതിനൊപ്പം നടന്‍മാരുടെ ജീവിതശൈലിയിലും മാറ്റം സംഭവിക്കുന്നു. അത് ആദ്യമായി പ്രകടമാകുന്നത് അവരുടെ വാഹനത്തിലാണ്. അഭിനയം മാത്രമല്ല വാഹനങ്ങളോടും പ്രത്യേകം ഇഷ്ടം സൂക്ഷിക്കുന്ന താരമാണ് യാഷ്.

ഇപ്പോള്‍ ഒരു പുത്തന്‍ സ്ലീക്ക് ബ്ലാക്ക് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാങ്ങി സ്വന്തം ഗരാജ് വിപുലീകരിച്ചിരിക്കുകയാണ് യാഷ്. പുതുതായി വാങ്ങിയ ബ്ലാക്ക് കളര്‍ റേഞ്ച് റോവര്‍ കാറില്‍ യാഷ് ഭാര്യ രാധിക പബണ്ഡിറ്റിനൊപ്പം വീട്ടിലേക്ക് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റേഞ്ച് റോവര്‍ എസ്യുവി യാഷ് വീട്ടിലേക്ക് ഓടിച്ച് കൊണ്ടുവരുന്നതാണ് വീഡിയോയില്‍ കാണാനാകുക. കാറിന്റെ മുന്‍വശത്ത് മഞ്ഞ നിറത്തില്‍ 'രജിസ്‌റ്റേര്‍ഡ്' സ്റ്റിക്കറുണ്ട്.
വീഡിയോയുടെ അവസാനത്തില്‍ യാഷ് ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ യാഥര്‍വിനും ഐറക്കുമൊപ്പം പുത്തന്‍ റേഞ്ച് റോവര്‍ എസ്‌യുവിക്ക് മുന്നില്‍ ക്യാമറയ്ക്ക് പോസ് ചെയ്തു. പുതുപുത്തന്‍ കാര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പുത്തന്‍ കാര്‍ സ്വന്തമാക്കിയ യാഷിന് ആരാധകര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്. റോക്കിംഗ് സ്റ്റാര്‍ യാഷ് വാങ്ങിയ റേഞ്ച് റോവര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ബ്ലാക്ക് കാറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇതിന് ഏകദേശം 5 കോടി രൂപ വില വരും.
ആഢംബരം നിറഞ്ഞ് തുളുമ്പുന്ന ഈ കാര്‍ ഇന്ന് മാര്‍ക്കറ്റില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വില കൂടിയ മോഡലുകളില്‍ ഒന്നാണ്. റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. വിശാലമായ ഇരിപ്പിടങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, കംഫര്‍ട്ടര്‍ പോലുള്ള ഓപ്ഷണല്‍ സൗകര്യങ്ങളും ഇതിന്റെ പ്രത്യേകതയാണ്. പുതിയ MLA-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയ മോഡല്‍ അതിന്റെ മുന്‍ഗാമിയുടെ സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നുവെങ്കിലും ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ ലഭിച്ചു. പുതുതലമുറ റേഞ്ച് റോവര്‍ എസ്യുവിക്ക് പുതിയ ഗ്രില്ലും ഹെഡ്ലാമ്പുകളും ഉണ്ട്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 3 എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.
3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എസ്യുവി 5.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഇപ്പോള്‍ ഈ എസ്‌യുവിക്ക് ഏകദേശം 80 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നു. എല്ലാ മോഡലുകളിലും ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിംഗ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ്. കാറുകളോട് പ്രത്യേക അഭിനിവേശം കാത്തുസൂക്ഷിക്കുന്ന യാഷിന്റെ ഗരാജില്‍ ഒരു മെര്‍സിഡീസ് ബെന്‍സ് DLS 350D ഉണ്ട്. 85 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ ഫുള്‍ സൈസ് എസ്‌യുവി മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായാന്‍ കരുത്തുള്ളതാണ്.
കൂടാതെ 78 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഒരു മെര്‍സിഡീസ് GLC 250D അദ്ദേഹത്തിന് സ്വന്തമായുണ്ട്. കൂടാതെ 80 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ഔഡി Q7 , 70 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 520D, 70 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക്, ഏകദേശം 35 ലക്ഷം രൂപ വിലയുള്ള മിത്സുബിഷി പജേറോ സ്പോര്‍ട് എസ്‌യുവി എന്നിവയും യാഷിന്റെ കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








