SINCE 1986! ഹാപ്പി ബെർത്ത്ഡേ ഹീറോ; പിറന്നാളുകാരൻ റോക്കി ഭായിയുടെ കാർ കളക്ഷനിലെ താരങ്ങൾ ഇവയൊക്കെ
KGF എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും രാജ്യത്തുടനീളമുള്ള എല്ലാവരുടേയും മനം കവർന്ന കലാകാരന്മാരിൽ ഒരാളാണ് കന്നഡ നടൻ നവീൻ കുമാർ ഗൗഡ. ശ്ലെഡാ..അതിപ്പോ ആരാണ് എനിക്ക് അറിയാത്ത ആ കക്ഷി എന്ന് അന്തംവിട്ട് നോക്കിയിരിക്കേണ്ട, യഷ് എന്ന അദ്ദേഹത്തിന്റെ മറുപേർ പറഞ്ഞാൽ ആ കൺഫ്യൂഷൻ അങ്ങ് മാറും. 'റോക്കി ഭായ്' എന്നു പറഞ്ഞാൽ പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, അത്രമാത്രം ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ കഥാപാത്രമാണത്. പാൻ ഇന്ത്യ ലെവലിൽ വലിയൊരു ഫാൻ ബേസ് തന്നെയാണ് റോക്കി ഭായ്ക്കുള്ളതും.
ഇന്ന് (ജനുവരി 8) നമ്മുടെ ഹീറോ, റോക്കി ഭായിയുടെ 39 -ാം ജന്മദിനമാണ്. കർണാടകയിലെ ഹസൻ ജില്ലയിലെ ഭുവനഹള്ളി ഗ്രാമത്തിൽ 1986 -ൽ ജനിച്ച നവീൻ കുമാർ ഗൗഡ തൻ്റെ സിനിമാ രംഗത്തെ കരിയറിനും മുന്നേട്ടത്തിനുമായിട്ടാണ് 'യഷ്' എന്ന പേർ സ്വീകരിച്ചത്.

2008 മുതൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും 2018 -ൽ പുറത്തിറങ്ങിയ KGF ആണ് യഷിൻ്റെ കരിയറിനെ ആകെ മാറ്റിമറിച്ചത് എന്ന് നിസംശയം പറയാം. സാധാരണയായി, ഇന്ത്യയിൽ നന്നായി ഓടിയിരുന്ന ഒരു സിനിമയുടെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തുമ്പോൾ മിക്കവാറും ഫ്ലോപ്പായി പോവാറുണ്ട്. എന്നാൽ 2022 -ൽ പുറത്തിറങ്ങിയ KGF രണ്ടാം ഭാഗവും ഇന്ത്യയിലും വിജയിച്ചു.
ആദ്യ ഭാഗത്തേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ കളക്ഷൻ നേടിയ KGF 2 ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് എന്നതാണ് വാസ്തവം. ഇതോടെ യഷിന്റെ ലെവലും പൂർണ്ണമായി മാറി. ബെർത്ത്ഡേക്കാരൻ റോക്കി ഭായിയുടെ ആഡംബര കാർ ശേഖരത്തിൽ എന്തെല്ലാം ഉണ്ടെന്ന് നമുക്ക് ഒന്നു നോക്കാം.

5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ സ്പെഷ്യൽ എഡിഷനാണ് നടൻ യഷിന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥി. ഈ കണ്ണഞ്ചിപ്പിക്കുന്ന വിലയിൽ എത്തുന്ന റേഞ്ച് റോവർ നിരവധി ആഡംബര സവിശേഷതകളും വിശാലമായ പെയിൻ്റ് ഓപ്ഷനുകളുമായാണ് വരുന്നത് എന്നത് ശ്രദ്ധിക്കണം. ഈ റേഞ്ച് റോവറിൻ്റെ ഇൻ്റീരിയർ വിശാലമായ സീറ്റിംഗ് ക്രമീകരണവും കംഫർട്ടബിളായ എസിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ഈ റേഞ്ച് റോവർ സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയ്ക്കു പുറമെ നടൻ യാഷിന് ഒരു മെർസിഡീസ് ബെൻസ് GLS 350d എന്ന മോഡലുമുണ്ട്. 85 ലക്ഷം രൂപയാണ് മെർസിഡീസിൻ്റെ ഈ ഫുൾ സൈസ് എസ്‌യുവിയുടെ വില. ഈ ബെൻസ് കാറിനൊപ്പം 78 ലക്ഷം രൂപ വിലമതിക്കുന്ന മെർസിഡീസ് ബെൻസ് GLC 250d മോഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇവ കൂടാതെ യഷിന്റെ ഗരാജിൽ ഒരു ബിഎംഡബ്ല്യു 5 -സീരീസ് ഉണ്ട്. ഇതിൻ്റെ മൂല്യം ഏകദേശം 70 ലക്ഷം രൂപയോളമാണ്. ഇവയ്‌ക്കൊപ്പം ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റോക്കി ഭായിയുടെ കൈവശം 80 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി Q7 ആഡംബര കാറും 70 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഇവോക്കും 35 ലക്ഷം രൂപ വിലയ്ക്ക് എത്തുന്ന പജീറോ സ്‌പോർട്ടും ഉണ്ട്. താരത്തിന്റെ ആകെ മൂല്യം ഇപ്പോൾ 53 കോടി രൂപയാണ്.
വീണ്ടും ടോക്സിക് എന്ന അടുത്ത ചിത്രത്തിലൂടെ മറ്റൊരു ഹിറ്റടിക്കാനുള്ള തയ്യാറെടുപ്പിലാണ് യഷ്. ഈ ചിത്രം ഒരു വൻ ഹിറ്റായി മാറുകയാണ് എങ്കിൽ യഷിന്റെ ഗരാജിൽ ഒരു പുതിയ അതിഥി കൂടെ എത്താൻ നല്ല ചാൻസുണ്ട്. അങ്ങനെ എങ്കിൽ കന്നട താരം ഏത് ബ്രാൻഡും മോഡലുമാവും തിരഞ്ഞെടുക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം.


Click it and Unblock the Notifications








