ഒറ്റ സിനിമ കൊണ്ട് ഇന്‍ഡസ്ട്രിയുടെ തലവര മാറ്റിയ നടന്‍! യാത്ര ചെയ്യാന്‍ ഇഷ്ടം സുരേഷ് ഗോപിയുടെ അതേ കാര്‍
സാന്‍ഡല്‍വുഡ് എന്ന് അറിയപ്പെടുന്ന കന്നഡ സിനിമാ ലോകത്തിന്റെ തലവര തന്നെ മാറ്റി എഴുതിയത് ഒറ്റ ചിത്രമാണ്. രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, അംബരീഷ് തുടങ്ങിയ മഹാമേരുക്കള്‍ ജീവിച്ചിരുന്ന കാലത്ത് പോലും കന്നഡ സിനിമയുടെ പെരുമ സംസ്ഥാനത്തിന് വെളിയില്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ 'കെജിഎഫ്' എന്ന ഒറ്റ ഫ്രാഞ്ചൈസി കൊണ്ട് പ്രശാന്ത് നീല്‍ തിരുത്തി എഴുതിയത് സാന്‍ഡല്‍വുഡിന്റെ മാത്രമല്ല യാഷ് എന്ന നടന്റെ കൂടി ജാതകമായിരുന്നു. ടിവി ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ യാഷ് ഗൂഗ്ളി, രാജാഹുലിാ ഗജകേസരി, മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമാചാരി എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് താരമായി വളര്‍ന്നത്.
എന്നാല്‍ പ്രശാന്ത് കെജിഎഫ് എന്ന ഒറ്റചിത്രം യാഷിനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ത്തി. കെജിഎഫ് ഫ്രാഞ്ചൈസിയിലെ ആദ്യ രണ്ട് ഭാഗങ്ങളും കേരളത്തില്‍ നിന്ന് അടക്കം പണംവാരിക്കൂട്ടി. കെജിഎഫ്: ചാപ്റ്റര്‍ 2 ആഗോള ബോക്‌സ്ഓഫീസില്‍ വാരിയത് 1200 കോടി രൂപയാണ്. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യാഷിന്‍േറതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ഇക്കഴിഞ്ഞ ദിവസം കെജിഎഫ് ചാപ്റ്റര്‍ 2 റിലീസായതിന്റെ മൂന്നാം വാര്‍ഷികത്തിന് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. ഇതിനിടെ യാഷ് ഭാര്യയോടൊപ്പം ആഡംബര കാറില്‍ എത്തുന്ന ഒരു വീഡിയോ വൈറലാകുകയാണ്. ആരാധകര്‍ സ്നേഹപൂര്‍വം റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിക്കുന്ന യാഷ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ജനം തടിച്ചുകൂടാറുണ്ട്.
ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ടൊയോട്ടയുടെ ആഡംബര എംപിവിയായ വെല്‍ഫെയറിലാണ് യാഷ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. യാഷ് കാറില്‍ നിന്നിറങ്ങി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ തടിച്ച് കൂടിയ വീഡിയോഗ്രാഫര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ കൈവീശിവിമാനത്താവളത്തിലേക്ക് കയറിപ്പോകുകയായിരുന്നു. വീഡിയോ വൈറലായതോടെ യാഷ് ഉപയോഗിക്കുന്ന കാറും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ആഡംബര എംപിവികളില്‍ ഒന്നാണ് വെല്‍ഫെയര്‍.

മോളിവുഡില്‍ മോഹന്‍ ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി എന്നിവരടക്കം ഒന്നിലോറെ താരങ്ങള്‍ക്ക് വെല്‍ഫെയര്‍ സ്വന്തമായുണ്ട്. ഹൈ, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെല്‍ഫെയര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഈ രണ്ട് വേരിയന്റുകളുടെയും വില യഥാക്രമം 1.39 കോടി രൂപയും 1.51 കോടി രൂപയുമാണ്. എക്സ്-ഷോറൂം വിലകളാണിത്.
വെല്‍ഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവും 3,000 mm വീല്‍ബേസുമാണുള്ളത്. കാറുകളിലെ കാരവാന്‍ എന്നറിയപ്പെടുന്ന വെല്‍ഫയറിന് 193 bhp പവറില്‍ പരമാവധി 240 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകകുന്നത്. ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വെല്‍ഫെയര്‍ ലിറ്ററിന് 19.28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും ടൊയോട്ട അവകാശപ്പെടുന്നു.

TNGA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടുന്ന എക്സ്റ്റീരിയര്‍ ആരേയും മോഹിപ്പിക്കും. എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്‌ലാമ്പുകളുടെ താഴത്തെ ഭാഗത്തായി കൊടുത്തിരിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ വീതിയില്‍ പ്രവര്‍ത്തിക്കുന്ന യു ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും പുതിയ എംപിവിയുടെ മൊഞ്ച് കൂട്ടുന്നു.
മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റന്‍ സീറ്റുകളുള്ളതിനാല്‍ യാത്രാ സുഖം ഗംഭീരമായിരിക്കും. സീറ്റുകള്‍ക്ക് വെന്റിലേഷന്‍, ഹീറ്റഡ് ഫങ്ഷനുകള്‍, മടക്കാനാവുന്ന ടേബിളുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, എട്ട് തരത്തില്‍ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ എന്നീ സവിശേഷതകളെല്ലാം വെല്‍ഫയര്‍ ലക്ഷ്വറി എംപിവിയില്‍ ജാപ്പനീസ് കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS എന്നിവയാണ് എംപിവിയുടെ സേഫ്റ്റി കിറ്റിലുള്ളത്.


Click it and Unblock the Notifications








