Kia EV6: ധോണിയുടെ കാര്‍ ശേഖരത്തിലേക്ക് പുതിയ 'ബീസ്റ്റ്'; ഗാരേജിലെത്തിക്കുന്ന ആദ്യ ഇവി
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലെ 'തല'മുതിര്‍ന്ന വണ്ടിപ്രാന്തനാണ് എംഎസ് ധോണിയെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. തന്റെ കാര്‍ ശേഖരത്തിലേക്ക് ധോണി പുത്തന്‍ അംഗത്തെ ചേര്‍ത്ത വാര്‍ത്തയാണിപ്പോള്‍ വൈറല്‍. കിയയുടെ പുതുപുത്തന്‍ EV6 ആണ് ധോണി ഗാരേജിലെത്തിച്ചത്.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിന് അതുല്യമായ പല നേട്ടങ്ങളും സമ്മാനിച്ച നായകനായ ധോണി തന്റെ വാഹന കമ്പം കൊണ്ടും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. വിന്‍േറജ്, മോഡേണ്‍ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ഒരു അതുല്യമായ ശേഖരം തന്നെ ധോണിക്കുണ്ട്. അതിലേക്ക് ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ് പുതിയ കിയ EV6.

ധോണി തന്റെ പുതിയ കിയ EV6-ല്‍ സഹതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. ചാര നിറത്തിലുള്ള കിയ EV6 താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പറുകളിലാണ് കാണപ്പെട്ടത്.
ഈ വര്‍ഷമാണ് കിയ EV6 ഇന്ത്യയിന്‍ വിപണിയില്‍ എത്തിച്ചത്. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെലവേറിയതും ആദ്യത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ് ഇത്. സിബിയു യൂണിറ്റാക്കി കൊണ്ടുവന്ന കിയ EV6 വളരെ കുറച്ച് എണ്ണം മാത്രമേ വില്‍പ്പനക്ക് എത്തിയിരുന്നത്. എന്നാല്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്.
ലോഞ്ചിന് പിന്നാലെ ഇന്ത്യയില്‍ EV6-ന്റെ 200-ലധികം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാനാണ് കിയയുടെ പദ്ധതി. 59.95 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ ഈ ഇലക്ട്രിക് കാര്‍ ലഭ്യമാണ്.
ഇവി6 ന്റെ അടിസ്ഥാന വേരിയന്റ് മുന്നില്‍ ഘടിപ്പിച്ച സിംഗിള്‍ മോട്ടോറോടുകൂടിയ ടൂ-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് വരുന്നത്. ഇത് പരമാവധി 229 bhp കരുത്തും 350 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. പ്രീമിയം ഓള്‍-വീല്‍-ഡ്രൈവ് പതിപ്പ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ അകമ്പടിയോടെ എത്തുന്നു. സംയുക്ത പവറും ടോര്‍ക്കും യഥാക്രമം 325 bhp, 605 Nm എന്നിവയില്‍ റേറ്റുചെയ്യുന്നു.
350 kW DC ഫാസ്റ്റ് ചാര്‍ജറുകളില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന 77.4 kWh ബാറ്ററി പാക്ക് ഇവി6-ന് ARAI സൈക്കിളില്‍ 708 കിലോമീറ്റര്‍ റേഞ്ച് കിയ അവകാശപ്പെടുന്നു. ഹ്യുണ്ടായി-കിയയുടെ ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കിയയില്‍ നിന്നുള്ള ആദ്യത്തെ ബോണ്‍-ഇലക്ട്രിക് വാഹനമാണ് ഇവി6. വോള്‍വോ XC40 റീചാര്‍ജാണ് കിയ ഇവി6-ന്റെ എതിരാളി. അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്താന്‍ പോകുന്ന ഹ്യൂണ്ടായിയുടെ അയോണിക് 5-മായും മത്സരമുണ്ടാകും.
ധോണി ഇടയ്ക്കിടെ തന്റെ കാര്‍ ശേഖരം അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ് ഗാരേജിലേക്ക് 1969 ഫോര്‍ഡ് മസ്താംഗ് ചേര്‍ത്തത്. ഇന്ത്യയില്‍ വളരെ കുറച്ച് മാത്രമേ ഈ കാര്‍ ഉള്ളൂ. പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സ്ആം ക്ലാസിക് കാര്‍ ധോണി വാങ്ങിയിരുന്നു. അമേരിക്കന്‍ മസില്‍ കാര്‍ അടുത്തിടെയാണ് റീസ്‌റ്റോര്‍ ചെയ്തതായി തോന്നുന്നു.
ഇതിനൊക്കെ പുറമെ ചില മോഡേണ്‍ എസ്‌യുവികളും ധോണിയുടെ കാര്‍ ശേഖരത്തിലുണ്ട്. പച്ച നിറത്തിലുള്ള ഹമ്മര്‍ H2-വില്‍ ധോണി പലപ്പോഴും പുറത്തിറങ്ങാറുണ്ട്. നിസാന്‍ 1 ടണ്‍ ട്രക്കും ധോണി സ്വന്തമാക്കിയിരുന്നു. അത് വാങ്ങിയ ശേഷം റീസ്‌റ്റോര്‍ ചെയ്യുകയായിരുന്നു.
ധോണിയുടെ ഗാരേജില്‍ ഏറ്റവും ആകര്‍ഷകമായ ചില കാറുകളും ബൈക്കുകളും ഉണ്ട്. മെര്‍സിഡീസ് ബെന്‍സ് GLE, ലാന്‍ഡ് റോവര്‍3, ഔഡി Q7, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, എന്നിവയാണ് കാറുകളില്‍ ചിലത്. കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ് X32, യമഹ RD350, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ബിഎസ്എ ഗോള്‍ഡ്സ്റ്റാര്‍, കാവസാക്കി നിഞ്ച ZX14R, കാവസാക്കി നിഞ്ച H2 എന്നിങ്ങനെ അസൂയാവഹമായ ഇരുചക്രവാഹനങ്ങളുടെ നിരയും മഹിയുടെ പക്കലുണ്ട്.


Click it and Unblock the Notifications








