ഈ പൈസക്ക് ഇന്നോവ വാങ്ങാര്ന്നല്ലോ! സോനെറ്റ് ഉടമ മ്യുസിക് സിസ്റ്റത്തിനായി ചെലവാക്കിയത് 29 ലക്ഷം രൂപ!
ഒരു കാര്‍ വാങ്ങുമ്പോള്‍ അതിന്റെ മ്യൂസിക് സിസ്റ്റം ശ്രദ്ധിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇന്ന് വിപണിയിലെത്തുന്ന ചില മുന്‍നിര കാറുകള്‍ ബോസില്‍ നിന്നുള്ള സ്പീക്കര്‍ സിസ്റ്റമടക്കം സജ്ജീകരിച്ചാണ് വരുന്നത്. അതിനാല്‍ പലരും കാറുകളിലെ സ്റ്റോക്ക് സ്പീക്കറുകളില്‍ തന്നെ സംതൃപ്തരാകുന്നതാണ് പതിവ്. എന്നാല്‍ അതില്‍ തൃപ്തരാകാത്ത ചില വണ്ടിഭ്രാന്തന്‍മാര്‍ മ്യൂസിക് സിസ്റ്റത്തിനായി കുറച്ചധികം ക്യാഷ് പൊടിക്കും.
എന്നിരുന്നാലും ഒരു എസ്‌യുവിയില്‍ മ്യൂസിക് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങള്‍ പരമാവധി എത്ര തുക ചെലവഴിക്കും. ചിലര്‍ അതിനായി ലക്ഷങ്ങള്‍ ചെലവിട്ടേക്കാം. എന്നാല്‍ കാറിനേക്കാള്‍ കൂടുതല്‍ തുക മ്യൂസിക് സിസ്റ്റത്തിനായി ചെലവാക്കിയാലോ. വിശ്വാസം വരുന്നില്ല അല്ലേ. എന്നാല്‍ സംഗതി ഉള്ളതാണ്. കാറിനേക്കാള്‍ വിലയേറിയ ഒരു ആഫ്റ്റര്‍ മാര്‍ക്കറ്റ് മ്യൂസിക് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കിയ സോനെറ്റ് ഉടമയെ കുറിച്ചാണ് പറയാന്‍ പോകുന്നത്.

മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനായി ഇദ്ദേഹം ഏകദേശം 29 ലക്ഷം രൂപയാണ് പൊടിച്ചത്. 14.89 ലക്ഷം രൂപ മാത്രമാണ് കിയ സോനെറ്റിറെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് ഓര്‍ക്കണം. വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ് 4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് കിയ സോനെറ്റ്. സെഗ്മെന്റില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു എന്നീ മോഡലുകളോട് ഏറ്റുമുട്ടുന്ന ഇത് ഒരു ഫീച്ചര്‍ ലോഡഡ് എസ്‌യുവികളില്‍ ഒന്നാണ്.
എന്നാല്‍ ഇത്രയും ചെലവേറിയ മ്യൂസിക് സിസ്റ്റം ഉള്ള രാജ്യത്തെ ഒരേയൊരു കിയ സോനെറ്റായിരിക്കാം ഇത്. ഉടമ തന്റെ മ്യൂസിക് സിസ്റ്റത്തിന്റെ വിശദാംശങ്ങള്‍ ടീം ബിഎച്ച്പിയിലാണ് പങ്കുവെച്ചിരിക്കുന്നത്. കാറിലെ മ്യൂസിക് സിസ്റ്റം എന്നും തനിക്കൊരു ഹരമായിരുന്നുവെന്നും താന്‍ മുമ്പ് വാങ്ങിയ കാറുകളിലെ സിസ്റ്റങ്ങള്‍ എല്ലാം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നും.

കാര്‍ തന്റെ സ്വന്തം ഇടമായും ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം മാറി സമാധാനമായിരിക്കാനുള്ള സ്ഥമായും ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്വകാര്യമുറിയുമായാണ് കാണുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിനാല്‍ തന്നെ കാറിനകത്തെ മ്യൂസിക് സിസ്റ്റത്തിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിന് മറ്റെന്തിനേക്കാളും അദ്ദേഹം പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനായി എത്ര പണം മുടക്കാനും മടിയില്ലെന്നാണ് കക്ഷി പറയുന്നത്.
തനിക്ക് പതിറ്റാണ്ടായി പരിചയമുള്ള ചെന്നൈയിലെ സ്പീഡ്ഫ്രീക്‌സിലേക്കാണ് നമ്മുടെ കഥാനായകന്‍ സോനെറ്റ് ഡെലിവറി എടുത്ത ശേഷം നേരെ പോയത്. മുമ്പ് തന്റെ കാറുകളുടെ വര്‍ക്കുകള്‍ ചെയ്ത് പരിചയമുള്ളതിനാല്‍ അവരെ നല്ല വിശ്വാസമായിരുന്നു. അമ്പത്തൂരിലെ അവരുടെ പുതിയ ഡീലര്‍ഷിപ്പില്‍ വെച്ചായിരുന്നു പുതിയ കാറിന്റെ അപ്‌ഗ്രേഡിംഗ് പരിപാടികള്‍. തനിക്ക് വേണ്ട ഉന്നത നിലവാരത്തിലുള്ള മ്യൂസിക്കല്‍-സൗണ്ടിംഗ് സിസ്റ്റത്തെ കുറിച്ച് ഡീറ്റെയിലിംഗ് സ്റ്റുഡിയോയിലെ വിദഗ്ധരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.

ഓഡിയോ സര്‍ക്കിള്‍ പ്രോ ലൈന്‍, ഓഡിസണ്‍ തീസിസ്, ബ്രാക്‌സ്, ഫോക്കല്‍ ഉട്ടോപ്യ എം എന്നിവയില്‍ നിന്നുള്ള സ്പീക്കറുകള്‍ പരിശോധിച്ച ശേഷം ഒടുവില്‍ ഫോക്കല്‍ ഉട്ടോപ്യ എം തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ കാറിന് ഒരു ബ്രാക്‌സ് ഡിഎസ്പി വേണമെന്ന് അയാള്‍ക്ക് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സ്പീക്കറുകളും മറ്റ് ഘടകങ്ങളും സ്ഥാപിക്കുന്നതിന് മുമ്പ് കാര്‍ മുഴുവനായി ഡാമ്പ് ചെയ്തു. റോഡിലെ ശബ്ദം കുറയ്ക്കുന്നതിനും ഓഡിയോ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സാധാരണയായി ഇത് ചെയ്യുന്നത്.
ശാസ്ത്രീയമായി ഇത് ചെയ്തതോടെ ശബ്ദത്തിന്റെ അളവ് വളരെ കുറവാണെന്നാണ് ഉടമ പറയുന്നത്. കാറിന്റെ ഡോറുകളിലും മറ്റ് പല ഭാഗങ്ങളിലും ആറ് ഡാമ്പ് ലെയറുകള്‍ നല്‍കി. മിഡ്-ബാസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഡോര്‍ പാഡുകളില്‍ ചെറിയ ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്തു. കാര്‍ മ്യൂസിക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനായ ഉപയോഗിച്ച മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്തവയാണെന്ന് അദ്ദേഹം വിവരിക്കുന്നു.
കാറിന് ഒരു 4XS ആംപ്ലിഫയറും 2 ഗ്രൗണ്ട് സീറോയും ലഭിക്കുന്നു. മ്യൂസിക് സിസ്റ്റമല്ലാതെ മറ്റ് കാര്യമായ പരിഷ്‌കാരങ്ങള്‍ അദ്ദേഹം വരുത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. കാറിന്റെ അലോയ് വീലുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനോട് അദ്ദേഹത്തിന് വലിയ താല്‍പര്യമില്ലെന്ന് വിശദീകരിക്കുന്നുണ്ട്. ഏതായാലും കാറിനേക്കാള്‍ കൂടുതല്‍ തുക മ്യൂസിക് സിസ്റ്റം അപ്‌ഗ്രേഡേഷന് ചെലവാക്കിയ കക്ഷി വേറെ ലെവലാണെന്നാണ് വാഹന പ്രേമികള്‍ പറയുന്നത്.
Source: Team BHP


Click it and Unblock the Notifications








