പിഴ ലക്ഷം രൂപ വരെ!... കീശ ചോര്‍ത്തുന്ന ട്രാഫിക് നിയമലംഘന ചലാനുകള്‍ ഇവയാണ്
നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണെങ്കില്‍ ട്രാഫിക് നിയമ ലംഘനങ്ങളെ കുറിച്ചും അതിന്റെ പിഴകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അടുത്തിടെ ഇലക്ട്രിക് വാഹനത്തിന് മലനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് പിഴയിട്ടത് വാര്‍ത്തയായിരുന്നു. നമ്മുടെ വാഹനങ്ങള്‍ക്ക് എന്തൊക്കെ രേഖകള്‍ വേണം എന്തില്ലെങ്കില്‍ അധികാരികള്‍ ചലാന്‍ നല്‍കും എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

2019-ല്‍ ഭേദഗതി വന്നതോടെ മോട്ടോര്‍ വാഹന നിയമത്തില്‍ വളരെ സമൂലമായ മാറ്റങ്ങള്‍ ആണ്് ഉണ്ടായിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പിഴകള്‍ പതിന്മടങ്ങ് ഉയര്‍ത്തുകയും ചെയ്തു.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി അപകടത്തില്‍ മരിച്ച സംഭവത്തിന് പിന്നാലെ പിന്‍സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് ചില പ്രദേശങ്ങളിലെ ട്രാഫിക് പോലീസ് പിഴ ചുമത്താന്‍ തുടങ്ങിയിരിക്കുന്നു. മിസ്ത്രിയും പിറകില്‍ യാത്ര ചെയ്തിരുന്ന ജഹാംഗീര്‍ പാണ്ടോളും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനാലാണ് അപകടത്തില്‍ മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും സീറ്റ്‌്െബല്‍റ്റ് ധരിക്കണമെന്ന് ഉത്തരവിട്ടത്.

നിങ്ങളുടെ കീശ കാലിയാക്കുന്ന ചില ട്രാഫിക് നിയമ ലംഘന ചലാനുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇവയുടെ പിഴ കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

നാം അതിലേക്ക് കടക്കുന്നതിന് മുമ്പ് ചലാന്‍ പട്ടികയ്ക്കപ്പുറമുള്ള നിരവധി ട്രാഫിക് നിയമലംഘന പിഴകളെ കുറിച്ച് പറയാം. ഉദാഹരണത്തിന് 2020 ജനുവരിയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന് ഒരു പോര്‍ഷെ ഉടമക്ക് 27.68 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഈ സംഭവത്തിന് മുമ്പ് ഈ റെക്കോര്‍ഡ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തിനായിരുന്നു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രോഹിണി സര്‍ക്കിള്‍ പോലീസ് ഡല്‍ഹിയില്‍ വെച്ച് ഈ വാഹനത്തിന് 1,41,700 രൂപയാണ് പിഴ ചുമത്തിയത്.

സാധുവായ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ കാറോ ഇരുചക്രവാഹനങ്ങളോ ഓടിക്കുന്നതാണ് പലരും ചെയ്യുന്ന ഒരു സാധാരണ തെറ്റ്. 5,000 രൂപ പിഴയാണ് ഇതിനുള്ള ശിക്ഷ. മുമ്പ് ഇത് 500 രൂപയായിരുന്നു. സാധുതയുള്ള ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ അനധികൃത വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ സമാനമായി 5,000 രൂപ ചലാന്‍ ഒടുക്കേണ്ടി വരും. ഇതൊക്കെയാണ് 5000 രൂപയുടെ ചലാനുകള്‍.

കാലാവധി കഴിഞ്ഞ ആര്‍സി ബുക്ക് ഉള്ളതോ ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെട്ടതോ ആയ വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴ. മുമ്പ് ഇത് 500 രൂപയായിരുന്നു. അശ്രദ്ധമായോ അപകടകരമായോ വാഹനം ഓടിച്ചാല്‍ ആദ്യമായി 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവും കൂടാതെ/അല്ലെങ്കില്‍ 1,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴയും ലഭിക്കും. അത് രണ്ടാമത്തെ തവണയാണെങ്കില്‍ 2 വര്‍ഷം വരെ തടവും കൂടാതെ/അല്ലെങ്കില്‍ 10,000 രൂപ വരെ പിഴയും ലഭിക്കും.

മദ്യപിച്ച് വാഹനം ഓടിച്ച് ആദ്യമായി പിടിക്കപ്പെട്ടാല്‍ 10,000 രൂപയും രണ്ടാം തവണ 15,000 രൂപയും കൂടാതെ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം. ഒരു വാഹനത്തില്‍ ഓവര്‍ലോഡ് കയറ്റുന്നതും പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒരു അധിക യാത്രക്കാരന് 1,000 രൂപ വീതം പിഴയായി ലഭിക്കും. ഒരു വാഹനം അതിന്റെ പേലോഡ് പരിധിക്കപ്പുറം ഓവര്‍ലോഡ് ചെയ്താല്‍ 20,000 രൂപ (അധിക ടണ്ണിന് 2,000 രൂപ) ചലാന്‍ ലഭിക്കും.

ആംബുലന്‍സ് പോലെ എമര്‍ജന്‍സി വാഹനത്തിന് വഴി നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് 10,000 രൂപ പിഴയോ കൂടാതെ/അല്ലെങ്കില്‍ ആറ് മാസത്തെ തടവും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കളാണ് ഉത്തരവാദി. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കാം.

മോശം റോഡുകള്‍ നിര്‍മ്മിക്കുകയും ശരിയായ അറ്റകുറ്റപ്പണികള്‍ അവഗണിക്കുകയും ചെയ്യുന്ന കരാറുകാരില്‍ നിന്ന് മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് 2019 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

നമ്മില്‍ അധികം ആളുകളും ബൈക്ക് ഓടിക്കുന്നവരായിരിക്കും. സാങ്കേതികവിദ്യ ഇത്ര വികസിച്ചതിനാല്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഇന്ന് സാധാരണമാണ്. പലരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് നിയമലംഘനമാണ്. യാത്രക്കിടെ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ആകാനും കാരണമാകും.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിക്കുന്നത് അപകടകരമാണ്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് ബൈക്ക് ഓടിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ തെറ്റാനും അത് അപകടം ക്ഷണിച്ചുവരുത്താനും ഇടയാക്കുന്നു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപകരണം വഴി പാട്ട് ആസ്വദിക്കുമ്പോള്‍ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുന്നത് കേള്‍ക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെ പാട്ട്കേട്ട് ബൈക്ക് ഓടിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ശ്രദ്ധ മാറിപ്പോകും.

ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത്/മൊബൈല്‍ ഉപയോഗിക്കുന്നയാളുകള്‍ക്ക് ട്രാഫിക് നിയമപ്രകാരം 1000 രൂപയാണ് പിഴ ഇടുക. ഈ നിയമം ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയാലാണ് ലൈസന്‍സ് തെറിക്കുക. മൂന്ന് മാസം വരെ ട്രാഫിക് പൊലീസിന് ലൈസന്‍സ് റദ്ദാക്കാന്‍ സാധിക്കും

ഹെല്‍മെറ്റ് ധരിക്കാത്തതിന് മാത്രമല്ല ശരിയായി വിധത്തില്‍ ധരിക്കാത്തതിനും ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്തിനും പിഴ ചുമത്തുന്നുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് 1000 രൂപയാണ് പിഴ. ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവര്‍ക്കും 1000 രൂപയാണ് പിഴ.


Click it and Unblock the Notifications








