ജനങ്ങൾ നെഞ്ചിലേറ്റുമോ ഈ വാട്ടർ മെട്രോയെ? ആദ്യ ദിനം ഫെറികൾ ഉപയോഗിച്ചത് 6,500 -ലധികം യാത്രക്കാർ
ആരവങ്ങളും ആഘോഷങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവ്വീസിൽ, ആദ്യ ദിവസം തന്നെ 6500 -ലധികം ആളുകളാണ് യാത്ര നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
സർവീസ് ആരംഭിച്ച ആദ്യ ദിവസം തന്നെ നിരവധി യാത്രക്കാരാണ് വാട്ടർ മെട്രോയെ തേടി എത്തിയത്. ആദ്യ ദിവസം 6,558 യാത്രക്കാർ ബോട്ടുകളിൽ കയറിയതായാണ് റിപ്പോർട്ട്. വാട്ടർ മെട്രോ ഉദ്യോഗസ്ഥർ പങ്കുവെച്ച റിപ്പോർട്ടുകൾ പ്രകാരം ബോട്ടുകളുടെ പ്രവർത്തനങ്ങൾ രാവിലെ 7:00 മണിക്ക് ആരംഭിച്ച് രാത്രി 8:00 മണിക്ക് അവസാനിച്ചു.

ആദ്യ ദിനം ഹൈകോടതിക്കും വൈപ്പിൻ ടെർമിനലുകൾക്കിടയിലാണ് ബോട്ടുകൾ സർവ്വീസ് നടത്തിയത്. ഓരോ 15 മിനിറ്റിലും വാട്ടർ മെട്രോ റൂട്ടിൽ ഓടിയിരുന്നതായും റിപ്പോർട്ടുണ്ട്. ഒരൊറ്റ റൂട്ടിൽ മാത്രമാണ് ഒരു ദിവസത്തിൽ 6000 -ൽ പരം യാത്രക്കാർ ഈ പുതിയ സർവ്വീസ് ഉപയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച മുതൽ വൈറ്റില-കാക്കനാട് റൂട്ടിൽ ഫെറികൾ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടിക്കറ്റ് നിരക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ സിംഗിൾ ട്രിപ്പ് ടിക്കറ്റിന് 20 രൂപയാണ് ചെലവാകുന്നത്. വൈറ്റിലയ്ക്കും കാക്കനാടിനും ഇടയിലുള്ള യാത്രയ്ക്കായുള്ള നിരക്ക് 30 രൂപയാണ്. ഇതിനുപുറമെ, കൊച്ചി വാട്ടർ മെട്രോ വീക്ക്ലി, മന്ത്ലി, ക്വാട്ടർലി പാസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും ഒപ്പം പണം ലാഭിക്കാൻ അനുവദിക്കുന്നതുമാണ്.

വീക്ക്ലി (പ്രതിവാര) ട്രിപ്പ് പാസിന് 180 രൂപയാണ് ഈടാക്കുന്നത്, ഇതിൽ ബോട്ടുകൾ 12 യാത്രകൾ നൽകുകയും ചെയ്യുന്നു. മന്ത്ലി (പ്രതിമാസ) ട്രിപ്പ് പാസ് 600 രൂപയ്ക്ക് വാങ്ങാനാവും, യാത്രക്കാർക്ക് ഈ പാസിൽ 50 ട്രിപ്പുകൾ ആസ്വദിക്കാനാവും. ക്വാട്ടർലി (മൂന്ന് മാസം) പാസിന് 1500 രൂപയാണ് വാട്ടർ ഫെറി മാനേജ്‌മെന്റ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഈ തുകയിൽ യാത്രക്കാർക്ക് 150 ട്രിപ്പുകൾ ലഭിക്കും.
കൂടാതെ കൊച്ചി വാട്ടർ മെട്രോയിൽ സുഗമമായ യാത്രാനുഭവം നൽകുന്നതിനായി, മാനേജ്‌മെന്റ് കൊച്ചി വൺ കാർഡും അവതരിപ്പിച്ചുണ്ട്, അതിനാൽ യാത്രക്കാർക്ക് കൊച്ചി വൺ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അഡ്വാന്റേജ്. വാട്ടർ & റെയിൽ മെട്രോകൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നിരിക്കുന്നതിനാൽ കൊച്ചി വാട്ടർ മെട്രോ ഒരു ഇന്റഗ്രേറ്റഡ് ജലഗതാഗത സംവിധാനം എന്ന വിശേഷണത്തിന് അർഹമാവുന്നു.

ഇനി ബോട്ടുകളെക്കുറിച്ച് പറയുകയാണെങ്കിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിശാലമായ ഗ്ലാസ് വിൻഡോകളാണ് വാട്ടർ മെട്രോ ഫെറികളിൽ ഒരുക്കിയിരിക്കുന്നത്, റൂട്ടുകളുടെ ദൃശ്യഭംഗി ആസ്വദിക്കാൻ ഇവ വളരെ സഹായമാണ്. പൂർണ്ണമായും എയർ കണ്ടീഷൻഡ് ബോട്ടുകളാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർ ഇരിക്കുന്ന ഭാഗം പൂർണ്ണമായി കവർ ചെയ്തിരിക്കുന്നതിനൊപ്പം ഡോറുകളും ക്ലോസ് ചെയ്തിരിക്കുന്നു.
കൊച്ചുകുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും പ്രത്യേക സുരക്ഷാ ജാക്കറ്റുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ബോട്ടിലും ഒരു ഫീഡിംഗ് റൂം ഉണ്ട്. ബോട്ടുകൾക്ക് ട്വിൻ എഞ്ചിൻ കാറ്റമരൻ-ടൈപ്പ് ഡിസൈനാണ് ഉള്ളത്, ഈ ശൈലി എമർജൻസി സമയങ്ങളിൽ പോലും ബോട്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ഉറപ്പാക്കുന്നു.
ബാറ്ററി പവറിലും ഡീസലിലും പര്വർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ബോട്ടുകളാണിവ. ഇലക്ട്രിക് മോട്ടോറുകളിൽ പ്രവർത്തിക്കുമ്പോൾ ഇവയ്ക്ക് മണിക്കൂറിൽ 8.0 നോട്ടിക്കൽ മൈൽ വേഗതയും ഡീസലിൽ 10 നോട്ടിക്കൽ മൈൽ വേഗതയും കൈവരിക്കാനാകും. ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ 15 മിനിറ്റ് സമയം എടുക്കും. കൂടാതെ ഓരോ ബോട്ടിലും 50 സീറ്റിംഗും 50 സ്റ്റാൻഡിംഗുമായി 100 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷിയും ഉണ്ട്.


Click it and Unblock the Notifications








