മന്ത്രി മരുമകൻ ഇതൊക്കെ കാണുന്നുണ്ടോ; ട്രാഫിക് ലൈറ്റില്ലാത്ത നഗരമേതെന്ന് അറിയണ്ടേ
ഇന്ത്യയിലെ നഗരങ്ങൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണല്ലോ, കൂടുതൽ മികച്ചതും വൃത്തിയുള്ളതും കാര്യക്ഷമവുമാകാൻ നഗരങ്ങളെല്ലാം ഈ കാലത്ത് പരസ്പരം മത്സരിക്കുന്നുണ്ട്. വൃത്തിയുടെ കാര്യത്തിലാണെങ്കിലും നല്ല റോഡുകളുടെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ.എന്നാൽ ഇതിൻ്റെ ഇടയ്ക്ക്ഒരു നഗരം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നു. ട്രാഫിക് ലൈറ്റുകളില്ലാത്ത നഗരം എന്ന നേട്ടമാണ് അവർ കൈവരിച്ചിരിക്കുന്നത്. ഇക്കാലത്ത് ചിന്തിക്കാൻ പോലു സാധിക്കാത്ത ഒരു കാര്യമായിരിക്കും അത്. മുക്കിലും മൂലയിലും ട്രാഫിക് ലൈറ്റുകളുണ്ടായിട്ട് പോലും ഗതാഗതകുരുക്ക് കാരണം നഗരങ്ങളിലേക്ക് പോകാൻ പോലും പലർക്കും മടിയാണ്. സാധാരണയായി, വാഹനഗതാഗതം നിയന്ത്രിക്കുന്നതിൽ ട്രാഫിക് ലൈറ്റുകൾക്ക് പ്രധാന പങ്കുണ്ട്.
എന്നാൽ ഇവ പലപ്പോഴും കാലതാമസത്തിനും ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ടെന്നതും സത്യമാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജസ്ഥാനിലെ ഒരു നഗരം നൂതനമായ ഒരു മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്. ട്രാഫിക് ലൈറ്റുകൾ പൂർണ്ണമായി ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറിയിരിക്കുകയാണ്. ഇവിടെ വാഹനങ്ങൾ എവിടെയും നിർത്താതെ തുടർച്ചയായി നീങ്ങുന്നു.

രാജസ്ഥാനിലെ ചമ്പൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോട്ട നഗരമാണ് ഇന്ത്യയിലെ ആദ്യത്തെ റെഡ് ലൈറ്റ് രഹിത നഗരമായി മാറിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കവലകളിൽ പോലും ഒരു ട്രാഫിക് ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ലെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചതോടെ ഈ വാർത്ത ദേശീയ ശ്രദ്ധ തന്നെ നേടിയിരിക്കുകയാണ്.
ഈ നേട്ടം കോട്ടയെ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഭൂട്ടാനിലെ തിംഫുവിന് ശേഷം ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തിലെ രണ്ടാമത്തെ നഗരം കൂടിയാണ് കോട്ട എന്നൊരു പ്രത്യേകതയും ഉണ്ട് കേട്ടോ. സുഗമമായ ഗതാഗതം ഉറപ്പാക്കുക, കവലകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക, വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി ഇന്ധനക്ഷമത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

കോട്ട എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത് എന്നാണ് എല്ലാവർക്കും അറിയേണ്ട കാര്യം. ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല ഈ മാറ്റമെന്ന് ആദ്യം തന്നെ മനസിലാക്കുക. തന്ത്രപരമായ ആസൂത്രണത്തിന്റെയും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെയും റോഡ് രൂപകൽപ്പനയുടെയും ഫലമാണിത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് (UIT) കോട്ടയും രാജസ്ഥാൻ സർക്കാരും സംയുക്തമായി ഒരു വലിയ റോഡ് നവീകരണ പദ്ധതി ഏറ്റെടുത്തു.
ഇതിന്റെ ഭാഗമായി 30-ൽ അധികം ഫ്ലൈഓവറുകൾ, അടിപ്പാതകൾ, കവലകൾ എന്നിവ നിർമ്മിച്ച് സിഗ്നലുകൾ പൂർണമായും ഒഴിവാക്കി. കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനായി റോഡുകൾ വീതി കൂട്ടുകയും വികസിപ്പിക്കുകയും ചെയ്തു. ഡ്രൈവർമാർക്ക് ആശയക്കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാൻ സഹായിക്കുന്ന വ്യക്തമായ ലൈൻ അടയാളപ്പെടുത്തലുകളും ദിശാസൂചക ബോർഡുകളും സ്ഥാപിച്ചതോടെ സർക്കാരിൻ്റെ പദ്ധതി ഗംഭീര വിജയമായി.

സിഗ്നലുകൾ ആവശ്യമില്ലാത്ത ഗതാഗതത്തെ സ്വാഭാവികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന റൗണ്ടബൗട്ടുകൾ രൂപകൽപ്പന ചെയ്തു. ഇത് ഗതാഗതം സുരക്ഷിതവും തടസ്സരഹിതവുമാക്കി. ഈ നടപടികൾ ട്രാഫിക് ലൈറ്റുകൾ ഒഴിവാക്കാൻ മാത്രമല്ല, ഇന്ധനം, യാത്രാ സമയം എന്നിവ ലാഭിക്കുന്നതിനും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനും സഹായിച്ചു.
ലൈനുകളിൽ അച്ചടക്കം പാലിക്കാനും ഉത്തരവാദിത്തത്തോടെ വഴിമാറാനും ഡ്രൈവർമാരെ പ്രേരിപ്പിച്ചുകൊണ്ട് ഒരു പൊതുജന ബോധവൽക്കരണ കാമ്പെയ്‌നും ഇതിൻ്റെ ഭാഗമായി നടത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റെഡ് ലൈറ്റ് രഹിത നഗരമെന്ന നിലയിൽ കോട്ടയുടെ വിജയം, നഗരപ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിൽ നൂതനാശയങ്ങൾക്കും ആസൂത്രണത്തിനും പൗരന്മാരുടെ സഹകരണത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നു.
ഇതിൽ നിന്ന് പല കാര്യങ്ങളും മനസിലാക്കാനുണ്ട്. കൂടുതൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിലല്ല കാര്യം. വാഹനത്തിന് പോകാനുളള സ്ഥലും സംവിധാവുമാണ് വേണ്ടത്. കേരളത്തിലെ പല നഗരങ്ങളിലും ആവശ്യത്തിന് സ്ഥലമില്ലാത്തത് കൊണ്ടാണ് ഗതാഗതകുരുക്ക് ഉണ്ടാകുന്നത്. വാഹനപെരുപ്പം വളരെ കൂടുതലായ കേരളത്തിനെ സംബന്ധിച്ച് റോഡുകൾക്ക് വീതി കൂട്ടുകയും കൂടുത സ്ഥലങ്ങൾ ഏറ്റെടുക്കുകയും ഫ്ലൈ ഓവറുകൾ പണിയുകയും ചെയ്താൽ ഗുണമുണ്ടായേക്കാം. നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് കമൻ്റ് ചെയ്യാൻ മറക്കരുതേ.


Click it and Unblock the Notifications








