കോഴിക്കോട്ടെ കമ്പനി ജീവനക്കാരന് സമ്മാനിച്ചത് ഔഡി കാര്‍! കേരളത്തിലുമുണ്ട് 'പൊന്നുപോലത്തെ' മുതലാളിമാര്‍
ഏതൊരു കമ്പനിയായാലും ജീവനക്കാരാണ് അതിന്റെ ഏറ്റവും വലിയ ശക്തി. കമ്പനി വളരുന്നതിന് അനുസരിച്ച് തങ്ങളുടെ ജീവനക്കാരെ ചേര്‍ത്തുപിടിക്കുന്ന കമ്പനികള്‍ ഒത്തിരിയുണ്ട്. കമ്പനിയുടെ വളര്‍ച്ചക്കായി അഹോരാത്രം പരിശ്രമിക്കുന്ന മികച്ച ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുന്ന പ്രവണത അടുത്ത കാലത്തായി നാം കണ്ടുവരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഇന്ത്യന്‍ കമ്പനി തങ്ങളുടെ ഓഹരികള്‍ വരെ ജീവനക്കാര്‍ക്ക് നല്‍കിയ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടിയരുന്നു.
ചില കമ്പനികള്‍ ആഘോഷ വേളകളിലും മറ്റും ജീവനക്കാര്‍ക്ക് കാറും ടൂവീലറുകളും സമ്മാനിക്കുന്ന വാര്‍ത്തകളും നമ്മള്‍ കാണാറുണ്ട്. കേരളത്തിലെ ചില കമ്പനികളും ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് വില കൂടിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ സ്വന്തം കോഴിക്കോട്ടുള്ള ഒരു സ്ഥാപനം തങ്ങളുടെ ജനറല്‍ മാനേജര്‍ക്ക് ഒരു കാര്‍ സമ്മാനിച്ചിരിക്കുകയാണ്.

ഒരു കാര്‍ അല്ലേ അതിലെന്താണ് ഇത്ര പ്രത്യേകതയെന്ന് ചിന്തിക്കാന്‍ വരട്ടെ. ക്യാപ് ഇന്‍ഡെക്‌സ് എന്ന കമ്പനി തങ്ങളുടെ ജനറല്‍ മാനേജര്‍ക്ക് സമ്മാനിച്ചത് വെറുമൊരു കാറല്ല. ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡിയുടെ Q3 എന്ന മോഡലാണ്. വെള്ള നിറത്തിലുള്ള പുതുപുത്തന്‍ കാറാണ് ക്യാപ് ഇന്‍ഡെക്‌സ് ഉമര്‍ പിവിക്ക് സമ്മാനിച്ചിരിക്കുന്നത്. തന്റെ കമ്പനിയുടെ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഉമര്‍ ഞെട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.
മാത്രമല്ല മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ച മറ്റ് ടീം അംഗങ്ങള്‍ക്ക് കാറും ഇലക്ട്രിക് സ്‌കൂട്ടറുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. കമ്പനിയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരില്‍ ഒരാള്‍ക്ക് ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവാണ് സമ്മാനിച്ചത്. മാത്രമല്ല മിടുക്കരായ മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് ഓല ഇലക്ട്രിക് സ്‌കൂട്ടറും സമ്മാനമായി ലഭിച്ചു. ജോലിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജീവനക്കാരെ അഭിനന്ദിക്കാനായി കോഴിക്കോട് വെച്ച് നടത്തിയ പാര്‍ട്ടിയില്‍ വെച്ചാണ് ഈ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

കോഴിക്കോട്ടെ പ്രമുഖ സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് ആയിട്ടുള്ള സ്ഥാപനമാണ് ക്യാപ് ഇന്‍ഡക്‌സ്. 2019-ലാണ് ഈ കമ്പനി സ്ഥാപിതമായത്. ജനുവരിയില്‍ അവര്‍ കേരളത്തിലെ ഏറ്റവും വലിയ ട്രേഡിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതാദ്യമായല്ല അവര്‍ തങ്ങളുടെ ജീവനക്കാരെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്. ഇതിന് മുമ്പ് മറ്റൊരു ജീവനക്കാരന് ഇവര്‍ കിയ സെല്‍റ്റോസ് എസ്‌യുവി സമ്മാനിച്ചിരുന്നു.
ഔഡി Q3-യെ കുറിച്ച് പറയുമ്പോള്‍ ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണിത്. പെട്രോള്‍ ഓട്ടോമാറ്റിക് ഡ്രൈവ്‌ട്രെയിനിലാണ് ഇത് വരുന്നത്. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് വാങ്ങാന്‍ സാധിക്കും. 56.11 ലക്ഷം മുതല്‍ 67.98 ലക്ഷം രൂപ വരെയാണ് ഈ ആഡംബര എസ്‌യുവിയുടെ തിരുവനന്തപുരത്തെ ഓണ്‍റോഡ് വില.

188 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിനാണ് Q3 ശ്രേണിക്ക് കരുത്ത് പകരുന്നത്. നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്ന 7 സ്പീഡ് ഡിസിടി യൂണിറ്റുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. 7.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 222 കിലോമീറ്ററാണ് ഈ എസ്‌യുവിയുടെ പരമാവധി വേഗത.
യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ഓഡി Q3-ക്കുള്ളത്. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിംഗ് എന്നിവയും അതിലേറെയും പോലുള്ള ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റംങ്ങള്‍ സജ്ജീകരിച്ച കാറായിരുന്നു യൂറോപ്പില്‍ ഇടിക്കൂട്ടിലയച്ചത്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ് എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളാണ് കാറിന്റെ ഇന്ത്യ-സ്‌പെക്ക് മോഡലിന് ലഭിക്കുന്നത്.
രണ്ടാം തലമുറ Q3 2022-ലാണ് ഇന്ത്യയിലെത്തിയത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഔഡി ന്യൂജെന്‍ Q3 വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള അവസാന ഐസി എഞ്ചിന്‍ മോഡലുകളില്‍ ഒന്നായിരിക്കും പുതിയ തലമുറ Q3. ഇതിന്റെ സ്‌പോര്‍ട്ബാക്ക് പതിപ്പും പുറത്തിറങ്ങും. ഈ കാര്‍ പരീക്ഷിണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications








