കോഴിക്കോട് ട്രാഫിക് പൊലീസിന് മുതൽക്കൂട്ടായി സുസുക്കി ജിക്സർ SF 250
കോഴിക്കോട് ട്രാഫിക്ക് പൊലീസിനും വിദേശ നാടുകളിലെ പൊലീസിന്റെ ബൈക്കിന് സമാനമായ സ്പോർട്സ് ബൈക്ക് ലഭ്യമായിരിക്കുകയാണ്.

നഗരത്തിലെ ഗതാഗതക്കുരുക്കും മറ്റ് അടിയന്ത സാഹചര്യങ്ങളും നിയന്ത്രിക്കാൻ ഇനി ട്രാഫിക്ക് പൊലീസിന് ബൈക്കിൽ പാഞ്ഞെത്താം. ആധുനിക സജ്ജീകരണത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന സുസുക്കി ജിക്സർ SF250 ബൈക്കുകളാണ് കോഴിക്കോട് പൊലീസിന് ലഭിച്ചിരിക്കുന്നത്.

സുസുക്കിയുടെ സോഷ്യൽ കോർപ്പറേറ്റ് റെസ്പോൺ സ്റ്റെബിലിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് ബൈക്കുകൾ പൊലീസിന് കൈമാറിയത്. തിരക്കുള്ള നഗരങ്ങളിലും മറ്റും പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകാൻ മൈക്കും ഉച്ചഭാഷിണിയും ബൈക്കിൽ ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ എ.കെ. ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടർ സി.പി. അബ്ദുള്ള, സുസൂക്കി റീജണൽ മാനേജർമാരായ കൃഷ്ണപ്രശാന്ത്, ദിലീപ് എന്നിവർ ബൈക്കുകളുടെ താക്കോൽ കൈമാറി. അഡീഷണൽ എസ്.പി. എം.സി. ദേവസ്യ, ഡി.സി.ആർ.ബി. എ.സി.പി. ടി.പി. രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന് മുമ്പ് ഗുജറാത്തിലെ സൂരത്തിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിലും സുസുക്കി റോഡ് സുരക്ഷയുടെ ഭാഗമായി ഇതേ ബൈക്കുകൾ കൈമാറിയിരുന്നു.

1.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 249 സിസി സിംഗിൾ സിലിണ്ടര്‍ ഓയിൽ കൂൾഡ് SOHC എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 26 bhp കരുത്തും 22.6 Nm torque ഉം സൃഷ്ടിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

161 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. എന്നാൽ പൊലീസ് വാഹനത്തിൽ ലഭിക്കുന്ന പരിഷ്കാരങ്ങൾ ഉൾപ്പടെയുള്ള ഭാരം എത്രയാണെന്ന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ജിക്‌സര്‍ 250 -യ്ക്ക് നിർമ്മാതാക്കൾ നല്‍കുന്നത്. മുന്‍വശത്ത് 110/70 ടയറും, പിൻവശത്ത് 150/60 ടയറുമാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളുമാണ് വരുന്നത്.

മികച്ച ബ്രേക്കിംഗിനായി ഇരു വീലുകളിലും ഡിസ്‌ക്ക് യൂണിറ്റുകളാണ് നൽകിയിരിക്കുന്നത്. ഇരട്ട ചാനല്‍ ABS സംവിധാനവും വാഹനത്തിൽ സുസുക്കി ഉറപ്പുവരുത്തുന്നുണ്ട്.

38.5 കിലോമീറ്റര്‍ മൈലേജാണ് ജിക്‌സര്‍ 250 -ക്ക് സുസുക്കി അവകാശപ്പെടുന്നത്. 12 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി. സ്‌പോര്‍ടി രൂപകൽപ്പന, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.


Click it and Unblock the Notifications