കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർ ചേട്ടൻമാരെ കാണുമ്പോൾ നമ്മളിൽ പലരും ആഗ്രഹിച്ചിട്ടില്ലേ അതു പോലെ വണ്ടി ഒന്ന് ഓടിക്കണമെന്ന്. ബസ് ഡ്രൈവർമാരോട് പണ്ടേ ഒരു കമ്പമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കുറ്റം കേൾക്കുന്ന വിഭാഗവും അവരാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. എന്നാൽ വളരെ കൃത്യതയോടെയും മര്യാദയ്ക്കും നിങ്ങൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ താൽപ്പര്യമുണ്ടോ. എങ്കിൽ കെഎസ്ആർടിസി നിങ്ങൾക്ക് വേണ്ടി ഒരു സുവർണ്ണവസാരം ഒരുക്കിയിരിക്കുകയാണ്.
കെഎസ്ആർടിസി പുതിയ ഡ്രൈവിങ്ങ് സ്കൂളുകൾ ആരംഭിക്കുകയാണ്. തുടക്കത്തിൽ ഹെവി വാഹനങ്ങൾ മാത്രമായിരിക്കും പഠിപ്പിക്കു. അതിന് ശേഷം ക്രമേണ കാറും ബൈക്കും ആരംഭിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച് 22 പേരെ തെരഞ്ഞെടുക്കുകയും 22 ബസുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാൻ പോകുന്നത്.
ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയെല്ലാം തയ്യാറാക്കുന്നതിന് വേണ്ടി കെഎസ്ആർടിസിക്ക് ഗതാഗത വകുപ്പിൻ്റെ നിർദേശം ലഭിച്ചിരുന്നു. പരീശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികളാണ് ഒരുക്കേണ്ടതെന്നും ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിനുളള മൈതാനം ഒരുക്കാൻ കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകൾ വിസമ്മതിച്ചതോടെയാണ് കെഎസ്ആർടിസിയുമായി കൈകോർത്ത് പുതിയ സംരംഭം ആരംഭിക്കുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിാൻ കെഎസ്ആർടിസി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റ് വാർത്തകൾ നോക്കിയാൽ 2023 നവംബര്‍ മുതലുള്ള സ്മാര്‍ട്ട് പെറ്റ് ജി കാര്‍ഡുകള്‍ അതത് ഓഫീസുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് പ്രിൻ്റ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന് 8 കോടിയോളം രൂപ നൽകാനുണ്ട്. 8 ലക്ഷം പെറ്റ് ജി ഫോമിലുളള ഡ്രൈവിങ്ങ് ലൈസൻസുകളും ആർസി ബുക്കുകളുമാണ് ഓഫീസുകളിലേക്ക് എത്താൻ പോകുന്നത്.

കഴിഞ്ഞ വർഷമാണ് ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സിയും കൂടുതൽ സുരക്ഷ സംവിധാനങ്ങളുളള പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നത്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയത്.
ശരാശരി 10.35 ലക്ഷം ഡ്രൈവിംഗ് ലൈസൻസാണ് ഒരു വർഷം മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. പുതിയ ലൈസൻസ് ലഭിക്കുന്നവർക്ക് മാത്രമല്ല പഴയ ലൈസൻസും പുതിയ പിവിസി പെറ്റ് ജി സ്മാർട്ട് കാർഡിലേക്ക് മാറാനാവും. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും.
മോട്ടോർ വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ.


Click it and Unblock the Notifications








