സ്വിഫ്റ്റ് ബസുകൾക്ക് കണ്ടകശനി വിട്ടുപോയിട്ടില്ല; അടുത്ത പണി കിട്ടിയത് വേഗപരിധിക്ക്
കെ സ്വിഫ്റ്റ് ബസുകൾക്ക് റൂട്ടിലോടാൻ തുടങ്ങിയപ്പോൾ തൊട്ട് കണ്ടകശനിയാണ്, അപകടത്തിൽ പെടുന്നു, ബസ് സ്റ്റാൻഡിൽ കുടുങ്ങുന്നു, അങ്ങനെ നീളുന്നു സ്വിഫ്റ്റിൻ്റെ കണ്ടകശനി.

ഇപ്പോൾ വടക്കഞ്ചേരി ബസപടകത്തിൻ്റെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി സ്വിഫ്റ്റിനെ കുറിച്ചുളള പുതിയ ആരോപണം. വടക്കഞ്ചേരിയിലെ ദാരുണ ദുരന്തത്തിന് കാരണം ടൂറിസ്റ്റ് ബസ്സിൻ്റെ അമിതവേഗമാണെന്നിരിക്കെ സ്വിഫ്റ്റ് ബസ്സുകൾക്ക് 110 കി.മീ വേഗത നിശ്ചയിച്ച കെഎസ്ആർടിസി തീരുമാനം വിവാദമാകുന്നു.

ഉത്തരവ് റദ്ദാക്കേണ്ടിവരുമെന്നാണ് ഗതാഗതമന്ത്രി പറഞ്ഞത്. അന്തർ സംസ്ഥാന സർവ്വീസുകൾക്ക് കേരളത്തിന് പുറത്തുമാത്രമാണ് ഈ വേഗ പരിധി നിശ്ചയിച്ചതെന്നാണ് കെഎസ്ആർടിസി വിശദീകരിക്കുന്നത്.

വടക്കഞ്ചേരിയിൽ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്സിൻ്റെ വേഗം മണിക്കൂറിൽ 97.2 കിമീ ആയിരുന്നു. ബസിൻ്റെ ഈ മരണപ്പാച്ചിലിനെ എല്ലാവരും പഴിക്കുമ്പോഴാണ് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ വേഗ പരിധി ചർച്ചയാകുന്നത്.

മെയ് 28-ന് ചേർന്ന കെഎസ്ആർടിസി ഉന്നതതല യോഗമാണ് വേഗത 110 ആക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നാലുവരിപാതയിലടക്കം ബസ്സുകളുടെ പരമാവധി വേഗത 65 കിലോ മീറ്റർ ആയിരിക്കെയാണ് കെ സ്വിഫ്റ്റിനുള്ള ഈ പ്രത്യേക ഇളവ്.

എന്നാൽ അന്തര്‍ സംസ്ഥാന സർവ്വീസുകളിലാണ് ഈ ഇളവ് ബാധകമാവുന്നതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തമിഴ്നാട്ടിലെ നാല് വരി/ആറ് വരി പാതകളിൽ പരമാവധി വേഗപരിധി 110 ആണെന്നും സംസ്ഥാന അതിർത്തി കടന്നാൽ വേഗത കൂട്ടാമെന്നുള്ള അർത്ഥത്തിലാണ് ഇതെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.

അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ, മൾട്ടി ആക്സിൽ ബസ്സുകൾക്കും അതിർത്തി വിട്ടാൽ വേഗം കൂട്ടാമെന്ന സർക്കുലറുമുണ്ട്. സ്വിഫ്റ്റ് ഉത്തരവ് വിവാദമാക്കുന്നതിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നാണ് കെഎസ്ആർടിസി ആക്ഷേപം

സംസ്ഥാന പാതയിലൂടെ നിയമം ലംഘിച്ച് പോകുന്ന ടൂറിസ്റ്റ് ബസ്സുകൾ വടക്കാഞ്ചേരി അപകടത്തിൻറെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയെ പഴിചാരുകയാണെന്നാണ് ആരോപണം. ഗതാഗതവകുപ്പ് മന്ത്രി തന്നെ നേരിട്ട് പരിശോധിക്കുമെന്ന സാഹചര്യത്തിൽ അടുത്ത തീരുമാനം എന്തായാലും നിർണായകമായിരിക്കും

പക്ഷേ എന്ത് പ്രശ്നം വന്നാലും കെഎസ്ആർടിസി സ്വിഫ്റ്റിന് കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ് കേരളത്തിൽ. അന്തർസംസ്ഥാന സ്വിഫ്റ്റ് സർവീസിനാണ് വേഗത കൂട്ടി നൽകിയിരിക്കുന്നത്. പക്ഷേ സ്വിഫ്റ്റ് ബസുകൾ കേരളത്തിലെ റോഡുകളിൽ ചീറിപാഞ്ഞു പോകുന്നു എന്ന് ഒരു തരത്തിലുമുളള പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ല

അത് കൊണ്ട് തന്നെ കെഎസ്ആർടിസി സ്വിഫ്റ്റിനെതിരെ ഉയർന്ന പരാതിക്ക് കഴമ്പുണ്ടോ ഇല്ലയോ എന്ന് കണ്ടറിയണം. വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇ കാര്യങ്ങൾ ഒക്കെ കുത്തിപ്പൊക്കിയിരിക്കുന്നത്. അന്തർ സംസ്ഥാന ബസുകൾക്ക് ആവശ്യമായ വേഗതയില്ലെങ്കിൽ കൃത്യ സമയത്ത് ആളുകളെ എത്തിക്കാൻ കഴിയില്ലല്ലോ


Click it and Unblock the Notifications








