എംജി ശ്രീകുമാർ കണ്ടുവെച്ച നമ്പര്‍ കൊത്തികൊണ്ടുപോയി കുറ്റ്യാടിക്കാരി! '7777' ലേലത്തില്‍ പോയത് ₹10.10 ലക്ഷത്തിന്
രാജ്യത്ത് തന്നെ വാഹന സംസ്‌കാരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അടുത്ത കാലത്തായി മലയാളികള്‍ ഇഷ്ട വാഹനത്തിന് വേണ്ടി മാത്രമല്ല ഇഷ്ട രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടിയും പണം വാരി എറിയുകയാണ്. അടുത്ത കാലത്ത് ലിറ്റ്മസ്7 എന്ന ഐടി കമ്പനി സിഇഒയായ വേണു ഗോപാലകൃഷ്ണന്‍ തന്റെ ലംബോര്‍ഗിനി ഉറൂസിന്റെ ഫാന്‍സി നമ്പറിനായി പൊടിച്ചത് 46 ലക്ഷം രൂപയാണ്. പിന്നാലെ തന്നെ ഇദ്ദേഹം വാങ്ങിയ മെര്‍സിഡീസ് ജി-വാഗണിന്റെ നമ്പറിനായി 25 ലക്ഷം പൊടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം കേരളത്തിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള 'KL 07'എറണാകുളം ആര്‍ടിഒക്ക് കീഴിലായിരുന്നു.
ഇപ്പോള്‍ പക്ഷേ കോഴിക്കോട് ജില്ലയുടെ ഒരറ്റത്തുള്ള പേരാമ്പ്ര ആര്‍ടിഒക്ക് കീഴില്‍ നടന്ന വാശിയേറിയ വാഹന നമ്പര്‍ ലേലവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പേരാമ്പ്രയില്‍ യുവതി ഫാന്‍സി നമ്പറിനായി ചെലവഴിച്ചത് 10.10 ലക്ഷം രൂപയാണ്. 'KL 77 E 7777' എന്ന ഫാന്‍സി നമ്പറിനായി കുറ്റ്യാടി സ്വദേശിനിയായ സഫ്നയാണ് ഭീമമായ തുക ചെലവഴിച്ചത്.

ലക്ഷങ്ങള്‍ മുടക്കുള്ള ഈ ഫാന്‍സി നമ്പര്‍ സഫ്‌ന സ്വന്തമാക്കിയത് തന്റെ പുതിയ ഇന്നോവ ക്രിസ്റ്റ പ്രീമിയം എംപിവിക്ക് വേണ്ടിയാണ്. പേരാമ്പ്ര ജോയിന്റ് ആര്‍ടി ഓഫീസ് നിലവില്‍ വന്ന ശേഷം ഇത്രയും വലിയ തുകയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പോവുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് നടന്ന കൂടിയ ലേല തുക 3.60 ലക്ഷം രൂപയായിരുന്നു. 'KL 77 D 7777' എന്ന നമ്പറാണ് അന്ന് ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത്.
പേരാമ്പ്രയിലെ ജിതിന്‍ രുദ്ര മുഖാന്തിരമാണ് സഫ്ന ലേലത്തില്‍ പങ്കെടുത്തത്. സഫ്നയെ കൂടാതെ മൂന്ന് പേര്‍ ലേലത്തിന്റെ അവസാന ഘട്ടം വരെ ഉണ്ടായിരുന്നു. പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാറും ഈ നമ്പറിനായി ശ്രമിച്ചതായാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗായകന്‍ പുതുതായി വാങ്ങിയ ആഡംബര കാറിന് വേണ്ടിയാണ് ബന്ധപ്പെട്ടവര്‍ ലേലത്തില്‍ പങ്കെടുത്തത്. എങ്കിലും വാശിയേറിയ ലേലത്തിനൊടുവില്‍ കുറ്റ്യാടി സ്വദേശിനി നമ്പര്‍ സ്വന്തമാക്കി.

മലയാളികളുടെ പ്രിയ ഗായകനായ എംജി ശ്രീകുമാര്‍ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് 220d ആണ് ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. കോഴിക്കോട്ടെ മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ബ്രിഡ്ജ്‌വേയില്‍ നിന്ന് ജിഎസ്ടി ഇളവ് നിലവില്‍ വന്ന ദിവസമാണ് എംജി കാര്‍ സ്വന്തമാക്കിയത്. ഭാര്യയുടെ 2020 മോഡല്‍ ബെന്‍സും 2013 മോഡല്‍ ഔഡിയും വിറ്റാണ് പുതിയ മെര്‍സിഡീസ് ഗരാജിലെത്തിച്ചതെന്ന് ഗായകന്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
വാഹനം നേരെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്താണ് വീട്ടിലേക്ക് കൊണ്ടുപോയത്. അഭിമുഖത്തില്‍ ഇഷ്ട നമ്പരായ '7777' കിട്ടുമോ എന്ന് നോക്കുന്നതായി അദ്ദേഹം പറയുന്നുണ്ട്. 7777 കിട്ടിയില്ലെങ്കില്‍ നമ്പരില്‍ ഒരു 7 എങ്കിലും വേണമെന്നാണ് അദ്ദേഹം പറയുന്നത്. നമ്പറില്‍ മുഴുവന്‍ '7' ആയതിനാലാകും എംജി ശ്രീകുമാര്‍ പേരാമ്പ്രയില്‍ നടന്ന ലേലത്തില്‍ ഒരു കൈനോക്കിയത്. വെള്ള നിറത്തലുള്ള മെര്‍സിഡീസ് E-ക്ലാസ് ആണ് എംജി ശ്രീകുമാര്‍ വാങ്ങിയത്.

2024 ഒക്ടോബറിലാണ് ജര്‍മന്‍ ബ്രാന്‍ഡ് പുതിയ E-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. E-ക്ലാസിന്റെ (V214) ആറാം തലമുറ മോഡലാണ് ഇത്. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ എക്സ്-ഷോറൂം വില തുടങ്ങുന്നത് 78.5 ലക്ഷം രൂപ മുതലാണ്. E200, E220d, E450 എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത്. ലോംഗ് വീല്‍ബേസ് (LWB) മോഡലായി തുടരുന്ന ഏറ്റവും പുതിയ തലമുറക്ക് മുന്‍ഗാമിയേക്കാള്‍ അല്‍പ്പം ചെലവേറുന്നു. അതിനെ സാധൂകരിക്കുന്ന അപ്‌ഡേറ്റുകള്‍ കാറില്‍ വരുത്തിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








