കോടികള്‍ക്ക് ഒരു വിലയുമില്ലേ..! ഓട്ടത്തിനിടെ സൂപ്പര്‍ കാറിന്റെ ടയറായത് കണ്ടോ? വൈറല്‍ വീഡിയോ കാണാം
ഇന്ത്യയില്‍ ഓരോ വര്‍ഷവും കാറുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാറുകളും ശ്രമിക്കുന്നു. നമ്മുടെ രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്നത് സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന മാസ് മാര്‍ക്കറ്റ് കാറുകള്‍ക്കാണ് ഇന്ത്യയില്‍ വില്‍പ്പനയും കൂടുതല്‍. സാധാരണക്കാരായ ആളുകള്‍ ഉപയോഗിക്കുന്ന സാധാരണ കാറുകളുടെ ടയറുകള്‍ പഞ്ചറാകുകയോ അല്ലെങ്കില്‍ പൊട്ടുകയോ ചെയ്ത് റോഡരികില്‍ നിര്‍ത്തിയിട്ട രംഗങ്ങള്‍ക്ക് നാം ഒരുപാട് തവണ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. എന്നാല്‍ റോഡ് സൈഡില്‍ ഒരു സൂപ്പര്‍കാര്‍ ടയര്‍ കേടായി കിടക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?.
ഇതിനുള്ള സാധ്യത വളരെ കുറവാണെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്തരത്തിലൊരു സംഭവം അടുത്തിടെ ചെന്നൈയില്‍ ഉണ്ടായി. ഒരു ലംബോര്‍ഗിനി അവന്റഡോര്‍ കാറാണ് ടയര്‍ കേടായതിനെ തുടര്‍ന്ന് നടുറാഡില്‍ കുടുങ്ങിയത്. കാറിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്നത് അറിയാതെ ഡ്രൈവര്‍ വണ്ടിയെടുത്ത് ഓടിക്കുകയും ഓട്ടത്തിനിടെ ടയര്‍ കേടായി വഴിയില്‍ കുടുങ്ങുകയും ചെയ്തതാകാനാണ് വഴി. ഏതായാലും കോടികള്‍ വിലമതിക്കുന്ന കാറിന്റെ ടയര്‍ കേടായി വഴിയരികില്‍ കുടുങ്ങിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുകയാണ്. ചെന്നൈയിലെ ഇസിആര്‍ എന്ന് വിളിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണികണ്ഠന്‍ എന്ന വ്യക്തിയാണ് ലംബോര്‍ഗിനി അവന്റഡോറിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ കമന്റ് വിഭാഗത്തില്‍ കാറിനെ കുറിച്ച് നെറ്റിസണ്‍സ് തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയാണ്. അതില്‍ ശ്രദ്ധിക്കപ്പെട്ട കമന്റുകളില്‍ ഒന്നായിരുന്നു ഗൗതം സിംഘാനിയയുടേത്.
ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇദ്ദേഹത്തെ കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. റെയ്മണ്ട് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറായ ഗൗതം സിംഘാനിയ രാജ്യത്തെ അറിയപ്പെടുന്ന കാര്‍പ്രേമികളില്‍ ഒരാള്‍ കൂടിയാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സിംഘാനിയക്ക് കാറുകളോട് ഏറെ കമ്പമുണ്ട്. ലോകത്തിലെ വില കൂടിയ നിരവധി കാറുകള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. ഇന്ത്യയില്‍ കിട്ടാത്ത കാറുകള്‍ വിദേശത്ത് നിന്ന് കാര്‍നെറ്റ് വഴി ഇറക്കുമതി ചെയ്തും അദ്ദേഹം ഉപയോഗിച്ച് വരുന്നു.

കാര്‍പ്രേമിയായ ഇദ്ദേഹം ഉപയോഗിച്ച വാഹനങ്ങളെ കുറിച്ച് സത്യസന്ധമായ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള വൈറല്‍ വീഡിയോയ്ക്ക് താഴെ അദ്ദേഹം കമന്റിടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്തിടെ ഒരു ലംബോര്‍ഗിനി റെവല്‍റ്റോ ടെസ്റ്റ്‌ഡ്രൈവ് നടത്തുന്നതിനിടെ സൂപ്പര്‍ കാര്‍ നടുറോഡില്‍ ബ്രേക്ക്ഡൗണ്‍ ആയതായുള്ള ദുരനുഭവം അദ്ദേഹം മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ചിരുന്നു.
ലംബോര്‍ഗിനി കാറുകളുടെ വിശ്വാസ്യതയെ കുറിച്ച് സംശയം പ്രകടിപ്പിച്ച അദ്ദേഹം സമാനമായ രീതിയില്‍ മറ്റ് ചിലര്‍ക്കും അനുഭവം ഉണ്ടായതായും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ഉണ്ടായതായി അറിവില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ മറ്റൊരു ലംബോര്‍ഗിനി കാര്‍ റോഡില്‍ തകരാറിലായത് ശ്രദ്ധയില്‍ പെട്ട ഉടന്‍ അദ്ദേഹം ഇറ്റാലിയന്‍ കാറിന്റെ നിര്‍മാണനിലവാരത്തെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.

'ലംബോര്‍ഗിനിയിലെ മോശം ടയറുകള്‍ - ഗുണനിലവാര പ്രശ്നമാണോ?' എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഏതായാലും ചെന്നൈയില്‍ നടന്ന സംഭവത്തിന് വിവിധ കാരണങ്ങളുണ്ടാകാം. ഒന്നാമത്തെ കാരണം കാറിന്റെ ഉടമസ്ഥന്‍ ടയറുകള്‍ ശരിയായ രീതിയില്‍ പരിപാലിക്കാത്തതാവാം. ടയര്‍ തേഞ്ഞതോ അല്ലെങ്കില്‍ മറ്റ് പ്രശ്‌നമോ നാള്‍ക്കുനാള്‍ വഷളാകുന്നത് ഉടമ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ടയര്‍ ഇത്തരത്തില്‍ കേടാകാന്‍ ഒരു കാരണം മതിയായ അളവിലുള്ള ടയര്‍ പ്രഷര്‍ ഉണ്ടായിരിക്കില്ല എന്നതാണ്.
ടയറുകളില്‍ മതിയായ എയര്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. ഇവിടെ കാര്‍ ടയര്‍ തകരാറിലാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സിംഘാനിയയെ പോലെ ഒരാള്‍ ഒന്നിലേറെ തവണ കാറിന്റെ നിര്‍മാണ നിലവാരത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ലംബോര്‍ഗിനി ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയക്ക് അത്രയും പവറുള്ള ഇന്നത്തെ കാലത്ത് ബ്രാന്‍ഡ് ഇമേജ് കേടാകാന്‍ ഇത്തരത്തില്‍ ഒന്നോ രണ്ടോ വീഡിയോകള്‍ മതി.


Click it and Unblock the Notifications








