പൈസക്കാരെ പറയിപ്പിക്കുമല്ലോ ഇയാള്‍! ഒറ്റ ബക്കറ്റ് വെള്ളത്തില്‍ ലംബോര്‍ഗിനി കഴുകുന്ന വീഡിയോ വൈറല്‍
പണ്ട് കാലത്ത് ലംബോര്‍ഗിനി കാറുകളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമല്ല കേരളത്തിലെ ചില സ്ഥലങ്ങളിലെ കോടീശ്വരന്‍മാരും ഇന്ന് അള്‍ട്ര ലക്ഷ്വറി കാറുകള്‍ വാങ്ങി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍കാറുകളുള്ളത് ഡല്‍ഹിയിലും മുംബൈയിലുമാണ്. ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവും ഇക്കാര്യത്തില്‍ മോശമല്ല. നിരവധി യുവ സംരഭകരും യംഗ് പ്രഫഷനലുകളും തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലും ലക്ഷ്വറി കാറുടമകളുടെ എണ്ണം വളരെ കൂടുതലാണ്. ഒരു കാര്‍ വാങ്ങുക എന്നത് അത്ര പ്രയാസകരമായ കാര്യമല്ല. എന്നാല്‍ അതിന്റെ വിലയ്ക്കും ഗ്ലാമറിനുമൊത്ത രീതിയില്‍ അവ പരിപാലിക്കുകയും വേണം.
പൊതുവേ വില കൂടിയ കാറുകള്‍ സ്വന്തമായുള്ളവര്‍ കാര്‍ വാഷിംഗിനായി അംഗീകൃത സര്‍വീസ് സെന്ററിലോ അല്ലെങ്കില്‍ ഇതിനായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയോ ആണ് സമീപിക്കുക. സമയം ലാഭിക്കാന്‍ വേണ്ടി മാത്രമല്ല ശ്രദ്ധയോട് കൂടി അനുയോജ്യമായ കാര്‍ വാഷിംഗ് പ്രൊഡക്ടുകള്‍ ഉപയോഗിച്ച് ഇവര്‍ വൃത്തിയാക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. കാര്‍ വാഷിംഗ് സെന്ററുകള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഈ പ്രവര്‍ത്തി ചെയ്യുന്നതിനാല്‍ അതും ഇന്ന് നല്ലൊരു ബിസിനസായി മാറിയിട്ടുണ്ട്.

അടുത്തിടെ ഒരു വില കൂടിയ റോള്‍സ് റോയ്‌സ് കാര്‍ ലോക്കല്‍ സര്‍വീസ് സെന്ററില്‍ കഴുകുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇപ്പോള്‍ അതിനെ കടത്തിവെട്ടുന്ന ഒരു സംഭവം ബെംഗളൂരുവില്‍ അരങ്ങേറി. വിലകൂടിയ ലംബോര്‍ഗിനി ഹുറാകാന്‍ സ്പോര്‍ട്സ് കാര്‍ വീടിനു മുന്നില്‍ പശുവിനെ കെട്ടിയിട്ട് കുളിപ്പിക്കുന്നത് പോലെ ഒരാള്‍ കഴുകി വൃത്തിയാക്കുന്ന വീഡിയോ ആണ് വൈറലായത്.
ആഡംബര കാര്‍ ഉടമകള്‍ സാധാരണയായി ഒരു കാര്‍ വാഷിംഗ് സെന്ററിലാണ് വൃത്തിയാക്കാന്‍ കൊടുക്കുന്നതെങ്കിലും അത് വീട്ടില്‍ വൃത്തിയാക്കിയാല്‍ എന്താണ് കുഴപ്പമെന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. കുഴപ്പമൊന്നുമില്ല. എന്നാല്‍ അതിന്‍േറതായ രീതിയില്‍ ചെയ്യണമെന്ന് മാത്രം. ഇവിടെ ബാംഗ്ലൂര്‍ അങ്കിള്‍ വെറും ഒരു ബക്കറ്റ് വെള്ളത്തിലാണ് കാര്‍ കഴുകുന്നത്. വില കൂടിയ കാറുകളുടെ എക്‌സ്റ്റീരിയര്‍ പെയിന്റിന്റെ നിലവാരം നമുക്കറിയാം. അതിലുണ്ടാകുന്ന പോറലുകള്‍ മായ്ക്കാന്‍ പോലും ആയിരങ്ങള്‍ പൊടിയും.

അതുകൊണ്ട് തന്നെ കാര്‍ വൃത്തിയാക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫാബ്രിക് ആണ് ഉപയോഗിക്കേണ്ടത്. ഇവിടെ കക്ഷി ഒരു പഴന്തുണി വെച്ചാണ് കാര്‍ കഴുകുന്നത്. കാര്‍ വാഷിംഗ് സെന്ററുകള്‍ക്ക് പുറമേ വീട്ടിലെത്തി കാര്‍ വൃത്തിയാക്കുന്ന സര്‍വീസുകള്‍ ഉള്ള ബെംഗളൂരുവിലാണ് ഈ സംഭവം എന്നോര്‍ക്കണം. ഈ മനുഷ്യന്റെ പ്രവര്‍ത്തി കണ്ട് ഒട്ടേറെ പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഈ ഒരു പ്രവര്‍ത്തി കാരണം കാറില്‍ ചെറിയ പോറല്‍ വീണാല്‍ ചിലപ്പോള്‍ ലക്ഷങ്ങള്‍ ചിലവാകും.
ചെറിയ പൈസ ലാഭിക്കാന്‍ നോക്കി എട്ടിന്റെ പണി കിട്ടിയ പോലെയാകും അത്. ഏതായാലും ഈ വീഡിയോ ബാംഗ്ലൂരിന്റെ ഏത് ഭാഗത്ത് നിന്നുള്ളതാണെന്ന് അറിവില്ല. ഓറഞ്ച് നിറത്തിലുള്ള ലംബോര്‍ഗിനി ഹുറക്കാന്‍ കാറാണ് നമ്മുടെ കഥാപാത്രം. കാറിന്റെ പിന്‍ഭാഗത്ത് ഒരു കാര്‍ബണ്‍ ഫൈബര്‍ സ്പോയിലര്‍ കാണാം. നാല് കോടിയിലധികം രൂപയാണ് ഈ ലംബോര്‍ഗിനി കാറിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ വില.

ഇത്രയും വിലയുള്ള കാര്‍ ആയിട്ടും ഇദ്ദേഹം ഈ ഒരു രീതിയില്‍ കഴുകിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. റോഡ് സൈഡിലൂടെ നടന്ന് പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ആയതിനാല്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരുമെന്ന് മാത്രമേ നമുക്ക് പറയാന്‍ സാധിക്കൂ. ഈ ഒരു വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നിയത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








