എല്ലാ വണ്ടിപ്രാന്തൻമാരുടേയും ഉളളിൽ ഒരു നന്മമരമുണ്ട്, പാവപ്പെട്ട യുവാവിന് ലംബോർഗിനിയിൽ റൈഡ് നൽകി ഉടമ
ഏതൊരു വണ്ടി പ്രാന്തനായാലും റോഡിലൂടെ പോകുന്ന ഏതൊരു ആഡംബര വാഹനം കണ്ടാൽ അത് നിർത്തി നോക്കാതെ പോകില്ല. അതിൻ്റെ ഭംഗി ആസ്വദിക്കാതെ പോയാൽ എങ്ങനെ ശരിയാകും. അടുത്തിടെ, ദരിദ്രനും പാവപ്പെട്ടവനുമായ ഒരു യുവാവ് ഹൈദരാബാദിലെ ഒരു ഡീറ്റെയിനിങ്ങ് ഷോപ്പിൽ ബെൻ്റ്‌ലിയും മറ്റ് സൂപ്പർകാറുകളും പരിശോധിക്കുന്ന വീഡിയോ വൈറലായിരുന്നു. കടയുടെ ഉടമ വീഡിയോ ഷെയർ ചെയ്യുകയും ആളുകൾക്ക് ഈ വ്യക്തിയെ കണ്ടെത്താനും സഹായിക്കാനും കഴിയുമോ എന്ന് ചോദിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുകയും കടയുടമ 3.5 കോടിയുടെ ലംബോർഗിനിയിൽ കയറ്റി ഒരു സവാരി നടത്തുകയും ചെയ്തത്.
സെറാമിക് പ്രോ ഇന്ത്യയുടെ സ്ഥാപകനും ഉടമയുമായ നിശാന്ത് സാബുവാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. അദ്ദേഹം ആദ്യം പങ്കുവച്ച വീഡിയോയിൽ ഒരു മനുഷ്യൻ അഞ്ച് കോടി രൂപ വിലമതിക്കുന്ന ചുവന്ന ബെൻ്റ്ലി ഫ്ലയിംഗ് സ്പർ സെഡാൻ നോക്കി നിൽക്കുന്നതാണ്. പുറത്ത് കിടക്കുന്ന റോൾസ് റോയ്സ് കലിനാനിനൊപ്പം നിൽക്കുന്ന ചിത്രം പകർത്താൻ ഒരാൾ സഹായിക്കുന്നത് കാണാം. ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ കൂടുതൽ പേരും ആവശ്യപ്പെട്ടത് അദ്ദേഹത്തിന് ഒരു റൈഡ് നൽകണമെന്നായിരുന്നു.

ഈ അഭ്യർത്ഥനകളെ തുടർന്ന്, വീഡിയോയിലുള്ള ആളെ കണ്ടെത്താൻ സഹായിക്കാൻ ഉടമ ആവശ്യപ്പെടുകയും. പിന്നെ എല്ലാവരുടെയും പ്രയത്നത്താൽ ഈ മനുഷ്യനെ കണ്ടെത്തുകയും ചെയ്തു. ഇതിനുശേഷം നിശാന്ത് സാബു തൻ്റെ പ്രൊഫൈലിൽ മറ്റൊരു വീഡിയോ പങ്കിട്ടു, ഇത്തവണ അവൻ തൻ്റെ വാഗ്ദാനം നിറവേറ്റുകയായിരുന്നു. വികലാംഗനായ യുവാവ് സെറാമിക് പ്രോ ഹൈദരാബാദ് കടയിൽ എത്തുന്നത് വീഡിയോയിൽ കാണുകയും ഉടമ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
ശിവ എന്നാണ് യുവാവിൻ്റെ പേര്. ലംബോർഗിനി ഹുറാകാൻ അല്ലെങ്കിൽ ഫെരാരി 812 സൂപ്പർഫാസ്റ്റ് ഏത് കാറാണ് കൂടുതൽ ഇഷ്ടമെന്ന് ഉടമ ചോദിച്ചു. ശിവൻ ഹുറാക്കാൻ ആണ് തിരഞ്ഞെടുത്തത്, തുടർന്ന് അദ്ദേഹത്തെ ഹുറാക്കനിൽ സവാരിക്കായി കൊണ്ടുപോയി. ഒടുവിൽ, സവാരി കഴിഞ്ഞ് കൈകളിൽ മിൽക്ക് ഷേക്കുകളുമായി അവർ എത്തുന്നത് കാണാം. പിന്നീട് ഇരുവരും ഒന്നിച്ചുള്ള കുറച്ച് ചിത്രങ്ങൾ എടുക്കുന്നു. ഇതിന് മുൻപും ഇദ്ദേഹം ഇത്തരം നന്മ പ്രവർത്തികൾ ചെയ്തിട്ടുണ്ട്.
ഇനി ഇവർ യാത്ര ചെയ്ത ലംബോർഗിനി ഹുറാക്കാൻ്റെ കുറച്ച് വിശേഷങ്ങൾ കൂടി അറിഞ്ഞാലോ. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണിത്. ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്.
5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്.
രണ്ട് സീറ്റർ മോഡലായ ലംബോർഗിനി ഹുറാക്കന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4459 mm നീളം 1924 mm വീതി, 1165 mm ഉയരം 2620 mm വീൽബേസ് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മലയാളികൾക്ക് ഈ വാഹനം വളരെ പരിയചമായിരിക്കും കാരണം പ്രിയ നടൻ പ്രിഥ്വിരാജ് ആണ് കേരളത്തിൽ ഇത് ആദ്യം സ്വന്തമാക്കിയിരുന്നത്. അതിന് ശേഷമാണ് അദ്ദേഹം അത് വിറ്റ് ബ്രാൻഡിൻ്റെ ആദ്യ എസ്‌യുവിയായ ഉറൂസ് വാങ്ങുന്നത്.
ഒരു വണ്ടിപ്രാന്തനാവാൻ കൈയിൽ കെട്ട്കണക്കിന് പണം വേണമെന്നില്ല. തനിക്ക് സ്വന്തമാക്കാൻ പറ്റില്ല എന്ന് തോന്നുന്ന ചില വാഹനങ്ങൾ നമ്മളിൽ പലരും കൊതിയോടെ നോക്കി നിൽക്കാറുണ്ട്. ഒന്ന് അതിൽ കയറാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് മനസിൽ വിചാരിച്ചിട്ടുണ്ടായിരിക്കാം. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇത് പോലെ ആഗ്രഹിച്ച് നിന്ന സമയത്ത് നിങ്ങളുടെ ഇഷ്ടവാഹനത്തിൽ കയറാൻ സാധിച്ചിട്ടുണ്ടോ. എങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ അത് രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








