വന്നവഴി മറക്കാത്ത പണക്കാരന്‍, പഞ്ചര്‍ കടക്കാരന്റെ ഭാഗ്യം കണ്ടോ! തങ്കം സാര്‍ അവര്...
വണ്ടികള്‍ ഇഷ്ടമല്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും. കാറുകളില്‍ ചാരിയതിന് ആളുകളെ മര്‍ദിക്കുന്ന ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ സ്വന്തം കാറുകള്‍ കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കവരുന്ന ചില കൂട്ടരുണ്ട്. തന്റെ കോടികള്‍ വിലമതിക്കുന്ന എസ്‌യുവി പഞ്ചര്‍ ഷോപ്പ് മെക്കാനിക്കിന് ഓടിക്കാന്‍ കൊടുത്ത ഒരു വ്യക്തിയെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക എസ്യുവിയാണ് ഡിഫെന്‍ഡര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐതിഹാസിക എസ്‌യുവിയായ ഡിഫെന്‍ഡറിനെ ലാന്‍ഡ് റോവര്‍ വീണ്ടും വിപണിയില്‍ എത്തിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2019 കലണ്ടര്‍ വര്‍ഷമായിരുന്നു ഡിഫെന്‍ഡര്‍ വീണ്ടും മാര്‍ക്കറ്റില്‍ എത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ജെഎല്‍ആര്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചു. ചുരുങ്ങിയ നാളുകൊണ്ട് ഇന്ത്യയിലെ സമ്പന്ന ജനവിഭാഗങ്ങള്‍ക്കിടയിലെ പ്രിയപ്പെട്ട വാഹനമായി മാറാന്‍ ഡിഫെന്‍ഡറിനായി.

നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും വ്യവസായികളും ഡിഫെന്‍ഡറിനെ തങ്ങളുടെ ഗരാജിന്റെ അലങ്കാരമാക്കി മാറ്റി. പലപ്പോഴും കോടികള്‍ വിലമതിക്കുന്ന ഈ വാഹനം ഉടമകള്‍ തന്നെയോ അല്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലുമോ ആയിരിക്കും ഓടിക്കുക. എന്നാല്‍ ഇപ്പോള്‍ തന്റെ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പഞ്ചര്‍ ഷോപ്പ് ഉടമയെ ഓടിക്കാന്‍ അനുവദിക്കുന്ന മുതലാളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകുന്നത്. മോഹന്‍ കുമാര്‍ എന്നയാളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡിഫെന്‍ഡര്‍ ഉടമ തന്റെ വില കൂടിയ എസ്‌യുവി വര്‍ഷങ്ങളായി പരിചയമുള്ള താന്‍ സ്ഥിരമായി പഞ്ചര്‍ ഒട്ടിക്കാന്‍ പോകുന്ന കടക്കാരന്റെ അടുത്ത് കൊണ്ടു പോകുകയായിരുന്നു. കടക്കാരനെ കണ്ടുവെന്ന് മാത്രമല്ല വണ്ടി ഓടിക്കാനും കൊടുത്തു. പഞ്ചര്‍ കട ഉടമയുമായി ഡിഫെന്‍ഡര്‍ മുതലാളി നല്ല ബന്ധത്തിലാണെന്ന് അവരുടെ തമിഴ് ഭാഷയിലുള്ള സംസാരം കേട്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും. പഞ്ചര്‍ കടയിലെ അണ്ണന്‍ എന്റെ കാര്‍ ഓടിക്കുന്നുവെന്ന് വീഡിയോയുടെ കൂടെ അദ്ദേഹം കുറിക്കുന്നു.

എപ്പോള്‍ താന്‍ കാറോ ബൈക്കോ വാങ്ങിയാലും അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുപോകുമെന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്. ഡിഫന്‍ഡര്‍ ഓടിച്ച് കൊണ്ടിരിക്കേ എസ്‌യുവി എത്ര സ്മൂത്ത് ആണെന്ന് ചലിക്കുന്നത് പോലും അറിയുന്നില്ലെന്നും പഞ്ചര്‍ ഷോപ്പ് ഉടമ പാസഞ്ചര്‍ സീറ്റിലിരിക്കുന്ന ഉടമയോട് പറയുന്നത് വീഡിയോയില്‍ കാണാം. ഡിഫന്‍ഡറിന്റെ 360 ഡിഗ്രി ക്യാമറ ഫീച്ചറും അദ്ദേഹത്തെ വിസ്മയിപ്പിച്ചു. എന്നാല്‍ ചുറ്റുപാടും അറിയാന്‍ സ്‌ക്രീനില്‍ നോക്കുന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയേക്കുമെന്ന് ഉടമ അദ്ദേഹത്തോട് പറയുന്നു.
ഏതായാലും ഡിഫെന്‍ഡര്‍ പോലെ ഒരു പടുകൂറ്റ എസ്‌യുവിയുടെ വളയം പിടിക്കുന്നതിന്റെ ആവേശം പഞ്ചര്‍ കടയുടമയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. 2009-ല്‍ എസ്‌യുവി ഉടമ യമഹ R15 ബൈക്ക് വാങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധമെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഈ ലേഖനം എഴുതുമ്പോള്‍ 1.5 ദശലക്ഷം കാഴ്ചക്കാരെ ഈ വീഡിയോ സമ്പാദിച്ചു. മാത്രമല്ല ലക്ഷത്തിലേറെ ആളുകള്‍ വീഡിയോക്ക് ലൈക്ക് ചെയ്യുകയും ചെയ്തു.

ഡിഫെന്‍ഡര്‍ ഉടമയായ മോഹന്‍ കുമാര്‍ മോട്ടിവേഷന്‍ സ്പീക്കറും മോഹന്‍കുമാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ചെയര്‍മാനുമാണെന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യത്തില്‍ എത്തിയപ്പോള്‍ ചെറുപ്പം മുതലുള്ള സുഹൃത്തിനെ ചേര്‍ത്ത് നിര്‍ത്തുന്ന മോഹന്‍ കുമാറിനെ കമന്റ് ബോക്സിലൂടെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
ഡിഫെന്‍ഡറിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ റഫ് ലുക്കിലാണ് ഭൂരിഭാഗം പേരും മയങ്ങിവീഴുന്നത്. മുന്‍ തലമുറ ഡിഫെന്‍ഡറുകള്‍ പോലെ പുതുതലമുറ പതിപ്പും 90, 110, 130 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഡിഫെന്‍ഡര്‍ 90 മൂന്ന് ഡോര്‍ പതിപ്പും 110 5 ഡോര്‍ പതിപ്പുമാണ്. 130 പതിപ്പ് 110-നേക്കാള്‍ അല്‍പ്പം നീളമുള്ളതും മൂന്നാം നിര സീറ്റും വാഗ്ദാനം ചെയ്യുന്നു.
2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യല്‍, ആക്റ്റീവ് റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവയുള്ള പെര്‍മെനന്റ് 4WD സിസ്റ്റമാണ് വാഹനത്തിന്റെ സവിശേഷതകളിലൊന്ന്. മുന്‍ തലമുറ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പുത്തന്‍ മോഡല്‍ കുറച്ച് കൂടി പ്രീമിയം ക്യാബിന്‍ ആണ് ഓഫര്‍ ചെയ്യുന്നത്.
10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, മെറിഡിയനില്‍ നിന്നുള്ള പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് എന്നിവയുമായാണ് എസ്‌യുവിയില്‍ വരുന്ന സുപ്രധാന ഫീച്ചറുകള്‍.
360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്സ്പോ ട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളുമുണ്ട്. 93.55 ലക്ഷം രൂപ മുതല്‍ 2.35 കോടി രൂപ വരെയാണ് ഡിഫെന്‍ഡറിന്റെ എക്സ്ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications








