ലാത്വിയയില്‍ വെള്ളമടിച്ച് വണ്ടിയോടിച്ചാല്‍ കാര്‍ ഉക്രെയിനിലേക്ക് കയറ്റി അയക്കും; കാരണം ഇതാണ്
ലോകത്ത് ഓരോ മിനിറ്റിലും നിരവധി ജീവനുകളാണ് റോഡ് അപകടങ്ങളില്‍ പൊലിയുന്നത്. നിരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ ജീവഹാനി ഒഴിവാക്കാന്‍ അധികാരികള്‍ നിരവധി നടപടികള്‍ കൈക്കൊള്ളുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ് റോഡ് അപകടങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം.
മദ്യം പോലുള്ള ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തങ്ങള്‍ക്ക് മാത്രമല്ല റോഡിലെ മറ്റുള്ളവര്‍ക്കും ഹാനികരമാണെന്ന് പലര്‍ക്കും അറിയുമെങ്കിലും ഈ പ്രവണതക്ക് ഒരു കുറവും വന്നിട്ടില്ല. അമിതമായി മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത കാറുകള്‍ ഉക്രെയിനിലേക്ക് കയറ്റി അയക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ലാത്വിയ. ഇതിന്റെ കാരണം എന്താണെന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

ഇത്തരത്തില്‍ അമിതമായി മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ തങ്ങളുടെ ടോ യാര്‍ഡുകളില്‍ നിറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവ ഉക്രേനിയന്‍ സൈന്യത്തിലേക്കും ആശുപത്രികളിലേക്കും അയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 1.9 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബാള്‍ട്ടിക് രാജ്യമാണ് ലാത്വിയ. ഇവിടെ രണ്ട് മാസത്തിനുള്ളില്‍ രക്തത്തില്‍ 0.15 ശതമാനത്തിലധികം ആല്‍ക്കഹോളിന്റെ അംശം ഉള്ളതായി കണ്ടെത്തിയ ഡ്രൈവര്‍മാരില്‍ നിന്നായി 200-ലേറെ കാറുകളാണ് നിയമപാലകര്‍ പിടിച്ചെടുത്തത്.
മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുമായി ഇത്രയധികം കാറുകള്‍ നിരത്തിലിറങ്ങുന്ന കാഴ്ച വളരെ ഭയാനകമാണെന്ന് ട്വിറ്റര്‍ കണ്‍വോയ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ റീനിസ് പോസ്‌നാക് പറഞ്ഞു. ഉക്രെയ്‌നിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ട്വിറ്റര്‍ കോണ്‍വോയ്‌യെയാണ്. പിടിച്ചെടുത്ത രണ്ട് ഡസന്‍ കാറുകള്‍ ഉക്രെയ്നിലേക്ക് അയയ്ക്കുന്നതിന് ഓരോ ആഴ്ചയും അദ്ദേഹത്തിന് കൈമാറാമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

'ഇത്രയധികം ആളുകള്‍ മദ്യപിച്ച് ഇത്രയധികം വാഹനങ്ങള്‍ ഓടിക്കുന്നുണ്ടെന്ന കാര്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ക്ക് മദ്യപിക്കുന്ന വേഗത്തില്‍ അവ വില്‍ക്കാന്‍ സാധിക്കില്ല. അതിനാലാണ് ഞാന്‍ ഈ ആശയവുമായി വന്നത്. അവ ഉക്രെയ്‌നിലേക്ക് അയക്കുക' പോസ്‌നാക്‌സ് പറഞ്ഞു. കണ്ടുകെട്ടിയ വാഹനങ്ങളിലൊന്നില്‍ അതിന്റെ ഉടമസ്ഥന്‍ റഷ്യന്‍ പതാക പിന്‍ ചെയ്ത് വെച്ചത് കണ്ടപ്പോള്‍ തനിക്ക് ചിരി വന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24-ന് ഉക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം സംഘടന ട്വിറ്ററിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് ശേഷം ട്വിറ്റര്‍ കോണ്‍വോയ് ഇതിനകം 1,200 വാഹനങ്ങള്‍ ഉക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്. 2022-ല്‍ വാഹന വാങ്ങാനും നവീകരണ പ്രവര്‍ത്തികള്‍ക്കും മറ്റുമായി സന്നദ്ധ സംഘടന 2 മില്യണ്‍ യൂറോ (2.1 മില്യണ്‍ ഡോളര്‍) സമാഹരിച്ചിരുന്നു.

വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള എന്‍ജിഒയുടെ പ്ലാനില്‍ നിന്ന് സര്‍ക്കാര്‍ പ്രചോദനം ഉള്‍ക്കൊണ്ടതായി ലാത്വിയന്‍ ധനകാര്യ മന്ത്രി അര്‍വില്‍സ് അസെരാഡെന്‍സ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ ട്വിറ്റര്‍ കണ്‍വോയ് യെസ് മൂളുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തെ നേരിടുന്ന ഉക്രേനിയന്‍ ജനതയെ പിന്തുണയ്ക്കാന്‍ പ്രായോഗികമായി എന്തും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഡ്രൈവര്‍മാരില്‍ നിന്നുള്ള വാഹനങ്ങള്‍ പിടികൂടി മറുരാജ്യത്തേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ബുധനാഴ്ച തലസ്ഥാന നഗരിയായ റിഗയിലെ ഒരു സുപ്രധാന റോഡ് അടച്ച് പൊലീസ് അര മണിക്കൂര്‍ പരിശോധന നടത്തി. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ച ഒരാളെ പോലും പിടികൂടാനായില്ല. എന്നാല്‍ ലാത്വിയയിലെ റോഡുകളില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് വളരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 4,300 ഡ്രൈവര്‍മാര്‍ അമിത വേഗതയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയിരുന്നു. ഒപ്പം പോയ വര്‍ഷം ആയിരത്തോളം അപകടങ്ങള്‍ ഉണ്ടായതായും പൊലീസ് പറഞ്ഞു.
ഓരോ വര്‍ഷവും ഇന്ത്യയിലും റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. 2021-ല്‍, ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വളരെ ഉയര്‍ന്ന അപകടങ്ങളാണ് അരങ്ങേറിയത്. സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ വര്‍ഷം മാത്രം രാജ്യത്ത് 4,12,432 റോഡപകടങ്ങളുണ്ടായി.
ഈ വലിയ അപകട എണ്ണത്തില്‍ 1,53,972 ജീവനുകള്‍ ദാരുണമായി നഷ്ടപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു. ഇതുകൂടാതെ 3,84,448 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനാല്‍ തന്നെ മദ്യപിച്ചും അമിത വേഗതയിലും വാഹനമോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അധികൃതര്‍ നല്‍കുന്ന റോഡ് സേഫ്റ്റി നിയമങ്ങള്‍ പാലിച്ചാല്‍ റോഡില്‍ രക്തം ചിന്തുന്ന കാഴ്ചകള്‍ നമുക്ക് ഒഴിവാക്കാം.


Click it and Unblock the Notifications








