ഈ ചൂടത്ത് വെൻ്റിലേറ്റഡ് സീറ്റുകൾക്ക് ഡിമാൻ്റ്, 16 ലക്ഷം രൂപയിൽ താഴെ ഈ മോഡലുകൾ നിങ്ങളെ 'ഇരുത്തി' തണുപ്പിക്കും
കാറുകളിലെ വെൻ്റിലേറ്റഡ് സീറ്റുകൾ ഇന്ത്യൻ വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഫീച്ചറാണ്, പ്രത്യേകിച്ച് ഇപ്പോഴത്തെ പോലെ കൊടും വേനൽ മാസങ്ങളിൽ. വെൻ്റിലേറ്റഡ് സീറ്റുകൾ നിങ്ങളുടെ ഡ്രൈവിങ്ങിൽ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് എന്നത് സത്യം തന്നെയാണ്, എന്നാൽ ഏതൊക്കെ വാഹനങ്ങളിലാണ് നിങ്ങൾക്ക് വെൻ്റിലേറ്റഡ് സീറ്റുകൾ ലഭിക്കുക എന്നത് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അത് കൊണ്ട് 16 ലക്ഷം രൂപയിൽ താഴെ വില വരുന്ന വാഹനങ്ങളെ കുറിച്ചാണ് പങ്കു വയ്ക്കാൻ പോകുന്നത്.
ആദ്യമായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട വാഹനം കിയ സോനെറ്റാണ്. 7.99 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് വില. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ വേരിയന്റുകളിലാണ് കിയ എസ്‌യുവി വാങ്ങാനാവുന്നത്. HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിങ്ങനെയുള്ള ട്രിം ലെവലുകളായി തരംതിരിക്കുകയും ചെയ്‌തിട്ടുണ്ട്. കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

അടുത്ത മോഡൽ ടാറ്റയുടെ എക്കാലത്തേയും ഹിറ്റ് വിൽപ്പനയുമായി മുന്നിൽ തന്നെയുളള നെക്സോൺ ആണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂൾഡ് ഗ്ലൗവ് ബോക്സ്, പുതിയ ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിനുള്ള ഫാൻസി ഷിഫ്റ്റർ, റിയർ എസി വെന്റുകൾ, രണ്ടാം തലമുറ iRA കണക്റ്റഡ് കാർ ടെക്‌നോളജി, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് തുറക്കാനും അടയ്ക്കാനും കഴിയുന്ന ഒരു ഇലക്ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 382-ലിറ്റർ ബൂട്ട് സ്പെയ്സ് എന്നിവയാണ് ഹൈലൈറ്റുകൾ. 10 മുതൽ 12.30 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
ലിസ്റ്റിൽ അടുത്തത് മാരുതി സുസുക്കിയുടെ പ്രീമിയം മോഡലായ എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായി അവതരിപ്പിച്ച XL6 ആണ്. കംഫർട്ടിൻ്റെ കാര്യത്തിൽ വാഹനം ഒരിക്കലും പിന്നിലല്ല. മുന്‍ സീറ്റുകള്‍ മികച്ച തൈ സപ്പോര്‍ട്ടും ബാക്ക് സപ്പോര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍ സീറ്റിന് ഉയരം ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഏറ്റവും സുഖപ്രദമായ സീറ്റുകള്‍ രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളാണ്. ഓരോ സീറ്റിനും അതിന്റേതായ ആംറെസ്റ്റ് ലഭിക്കുന്നുണ്ട്. വാഹനത്തിൻ്റെ വില 11.29 ലക്ഷം രൂപ മുതൽ 14.55 ലക്ഷം രൂപ വരെയാണ്.

അടുത്തതായി ലിസ്റ്റിലുളള മോഡൽ എല്ലാവരുടേയും പ്രിയപ്പെട്ട വാഹനമാണ്. ഫീച്ചറുകൾ കൊണ്ട് കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുന്ന ഒരു ബ്രാൻഡാണ് ഹ്യുണ്ടായി. സെഡാനുകളോട് പ്രിയമേറിയ ഈ സമയത്ത് ഹ്യുണ്ടായി വീണ്ടും വിപണിയിലെത്തിച്ച മോഡലാണ് വെർണ. 10.89 ലക്ഷം രൂപ മുതൽ 17.37 ലക്ഷം രൂപ വരെയാണ് വെർണയുടെ എക്സ്ഷോറൂം വില വരുന്നത്. മസാജിങ്ങ് സിസ്റ്റം ഉളള വെൻ്റിലേറ്റഡ് പവേർഡ് സീറ്റുകളാണ് വാഹനത്തിൽ ലഭിക്കുന്നത്.
സെഡാനുകളുടെ കൂട്ടത്തിൽ ഒട്ടും പിന്നിലല്ല ഫോക്‌സ്‌വാഗൺ വെർട്ടിസ്. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളാണ് ഉളളത്. രാജ്യത്ത് ആദ്യം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സെഡാൻ കൂടിയാണ് ഇത്. വെർട്ടിസിലും നിങ്ങൾക്ക് വെൻ്റിലേറ്റഡ് സീറ്റുകൾ ലഭിക്കുന്നുണ്ട്.

വെൻ്റിലേറ്റഡ് സീറ്റുകളെ കുറിച്ച് അൽപ്പം കാര്യങ്ങൾ അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രധാന ഗുണം വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുകയും അമിതമായ വിയർപ്പ് മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. കാർ ക്യാബിൻ പുതുമയുള്ളതും ദുർഗന്ധമില്ലാത്തതും നിലനിർത്തുന്നതിനും നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും അവ സഹായിക്കുന്നു.
വെൻ്റിലേറ്റഡ് സീറ്റുകൾ, സീറ്റ് കുഷ്യനുകളിൽ ഫാനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, അത് തുണിയുടെയോ ലെതറിൻ്റെയോ ഒരു പെർമിബിൾ പാളിയിലൂടെ വായു വീശുകയും ഈ വായു സീറ്റിൻ്റെ ഉപരിതലത്തെ തണുപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാനമായും വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രവർത്തനം എന്നു പറയുന്നത്. വേനൽക്കാലത്ത് ഈ സംവിധാനം വളരെ ഗുണം ചെയ്യുന്നത് കൊണ്ട് നിങ്ങളൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ലിസ്റ്റിലുളള വാഹനങ്ങൾ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








