ഇതൊന്നും പുരാവസ്തു അല്ല, പഴയ പുലികളാണ്, രാജ്യത്തെ എവർഗ്രീൻ ബൈക്കുകൾ ഇതൊക്കെ
നിങ്ങളുടെ കുട്ടിക്കാലത്ത് ആദ്യമായി യാത്ര ചെയ്ത ബൈക്കുകൾ നിങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ചിലർ ഇപ്പോഴും തങ്ങളുടെ അച്ഛൻ ഉപയോഗിച്ചിരുന്ന ബൈക്കുകൾ പൊന്നു പോലെ സൂക്ഷിക്കുന്നുണ്ട്. ലോക മോട്ടോർ സൈക്കിൾ ദിനമായി ജൂൺ 21 -ൽ ഇന്ത്യയുടെ ഇരുചക്രവാഹന ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ചിലരെ ഒന്ന് പരിചയപ്പെട്ടാലോ. ലിസ്റ്റിലുളള പലരേയും നിങ്ങൾക്ക് വളരെ പരിചയമുളളതും ചിലപ്പോൾ നിങ്ങളുടെ കൈവശമുളള മോഡലുകളുമായിരിക്കാം. ഏറ്റവും ആദ്യം തുടങ്ങാവുന്ന പേര് റോയൽ എൻഫീൽഡ് തന്നെയാണ്. 1948 മുതൽ, റോയൽ എൻഫീൽഡ് ഇന്ത്യ 75 വർഷത്തിലേറെയായി ബുള്ളറ്റ് 350 ഇന്ത്യയിൽ നിർമ്മിക്കുന്നു.
മറ്റൊരു പേര് ജാവ എന്നതാണ്. കേൾക്കുമ്പോൾ തന്നെ മനസിലൂടെ ഒരു 2 സ്ട്രോക്കിൻ്റെ ചിത്രവും കാതുകളിൽ എക്സ്ഹോസ്റ്റ് ശബ്ദവും കേൾക്കുന്നില്ലേ. ജാവ 350 ട്വിൻ ഒരിക്കലും ഇന്ത്യയിൽ നിർമ്മിച്ചിട്ടില്ല. പകരം, മൈസൂർ ഫാക്ടറിയിൽ 250 മോഡലുകൾ നിർമ്മിക്കുന്നതിന് മുമ്പുതന്നെ ഐഡിയൽ ജാവ ഇറക്കുമതി ചെയ്യുകയായിരുന്നു. ബുള്ളറ്റ് 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു റേസി ബൈക്ക്, എന്നാൽ പ്രകടനത്തിന് ഒരു പുതിയ തലം നൽകിയ ബൈക്ക് എന്ന് തന്നെ പറയണം.

രാജ്യത്തിന് ഒരു റേസ് ബൈക്കുണ്ടോ എന്ന് ചോദിച്ചാൽ അതിനുളള ഉത്തരമാണ് യമഹ RD 350.എസ്‌കോർട്ട്‌സ് ഗ്രൂപ്പ് യമഹ Rajdoot RD350 എന്ന പേരിൽ അവതരിപ്പിച്ച ഈ ഇരട്ട സിലിണ്ടർ 2-സ്ട്രോക്ക് മോഡൽ ഒരുകാലത്തെ യുവാക്കളുടെ ഇടയിൽ രാജാവായിരുന്നു. അതിനോടൊപ്പം തന്നെ ഹരമായി മാറിയ മോഡലാണ് യമഹ RX100.ഉൽപ്പാദനം നിർത്തിയതിനു ശേഷവും ഇന്നും കാണാൻ കഴിയുന്ന ഒരു മോട്ടോർസൈക്കിളാണ് ഇത്.
ഡ്രാഗ് റേസിംഗ് മുതൽ ഓഫ്-റോഡിംഗ് മുതൽ ഓട്ടോക്രോസ് വരെയുള്ള നിരവധി മത്സര മോട്ടോർസൈക്കിളുകളിൽ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട് എന്നതാണ് അതിശയപ്പെടുത്തുന്ന കാര്യം. അടുത്തതായി മൈലേജുകളുടെ രാജാവായ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന കമ്മ്യൂട്ടർ ക്ലാസ് 4-സ്ട്രോക്ക് മോട്ടോർസൈക്കിളായിരുന്നു ഹീറോ ഹോണ്ട സിഡി 100, "ഫിൽ ഇറ്റ്, ഷട്ട് ഇറ്റ്, ഫോർഗെറ്റ് ഇറ്റ് എന്ന ടാഗ് ലൈനോടെയാണ് രാജ്യത്ത് എത്തിയത്.

രാജ്യത്തെ മസ്കുലർ ലുക്കുളള ബൈക്ക് ഏതാണ് എന്ന് സംശയമുണ്ടെങ്കിൽ അത് ബജാജ് പൾസറിനെ കാണുമ്പോൾ മാറിക്കോളും. വാഹനത്തിൻ്റെ പഞ്ച് പവറും ടോർക്കും, ഫെയറിംഗും, ട്വിൻ സ്പാർക്ക് പ്ലഗ് ടെക്നോളജി എന്നിവയും പൾസറിനെ എല്ലാവരേയും ആകർഷിക്കുന്ന മോട്ടോർസൈക്കിളാക്കി മാറ്റി. അങ്ങനെ തുടരുമ്പോൾ ബജാജിൻ്റെ വിജയത്തിൻ്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന ഒരു മോഡൽ തന്നെയാണ് പൾസർ.
കോളേജ് പിളേളരുടെ മനം കവർന്ന റോമിയോ സ്റ്റൈലിൽ എത്തിയ മോഡലാണ് യമഹ R15. ലിക്വിഡ് കൂളിംഗ്, പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ, സ്‌പോർട്ടി സ്‌റ്റൈലിംഗ്, റേസ്-ഡിറൈവ്ഡ് ഡൈനാമിക്‌സ് തുടങ്ങി നിരവധി സാങ്കേതിക വിദ്യകളോട് കൂടിയ R15 അവതരിപ്പിച്ചത് മുതൽ വിൽപ്പനയിൽ വൻ കുതിപ്പായിരുന്നു. നാല് തലമുറയുടെ അപ്ഡേഷൻ കഴിഞ്ഞിട്ടും ഇന്നും ഏതൊരു യുവാക്കളുടേയും മനസിൽ ഇഷ്ട ബൈക്കായി മോഡൽ തുടരുന്നത് തന്നെയാണ് അതിൻ്റെ വിജയം.

വലിയ താരപദവി ഒന്നും കരസ്ഥമാക്കിയില്ല എങ്കിലും ഇന്ന് നമുക്കറിയാവുന്ന ബൈക്കുകളിലെ 150 സിസി വിഭാഗത്തിന് അടിത്തറയിട്ട മോഡലാണ് ഹീറോ ഹോണ്ട CBZ. മോട്ടോറിന് ഡിസ്‌ക് ബ്രേക്കും ഇലക്ട്രിക് സ്റ്റാർട്ടും ഉള്ള ഇന്ത്യയിൽ ആദ്യമായി വിറ്റഴിക്കപ്പെട്ട ബൈക്കുകളിലൊന്നാണിത്. മൈലേജ് നമ്പറുകളുടെ പേരിൽ എല്ലാവരും വീമ്പിളക്കിയിരുന്ന കാലത്ത് പെർഫോമൻസിലേയ്ക്കായിരുന്നു ഈ മോഡൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ബൈക്കുകൾ അല്ലാതെ നിങ്ങളുടെ അറിവിലുളള ബൈക്കുകൾ ഏതൊക്കെയെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. ഏതൊരു വണ്ടിപ്രാന്തനും അയാൾ ആദ്യം ഉപയോഗിച്ച വാഹനം ഒറു വികാരമായിരിക്കും, അത് ചിലപ്പോൾ 2 സ്ട്രോക്ക് ബൈക്കായിരിക്കാം, അല്ലെങ്കിൽ വിൻ്റേജ് കാറായിരിക്കാം. മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും വാഹനം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ചിത്രങ്ങളും നിങ്ങൾക്ക് കമൻ്റ് ബോക്സിൽ പങ്കുവയ്ക്കാവുന്നതാണ് കേട്ടോ.


Click it and Unblock the Notifications








