കാർ വാങ്ങാൻ പറ്റിയ വർഷമാണ് 2024; 10 ലക്ഷത്തിന് മുറ്റത്തിടാം ഈകിളിക്കുഞ്ഞ് വണ്ടികൾ
ഇന്ത്യയിലെ കാർ കസ്റ്റമേഴ്സിന് ഇപ്പോൾ പ്രീമിയം കാറുകൾക്കായി ഒരല്പം പണം അധികം ചെലവഴിക്കാൻ വല്യ മടിയോന്നും ഇല്ലാത്തവരാണ്. മിഡ് സൈസ് എസ്‌യുവികൾക്കും പ്രീമിയം എംപിവികൾക്കുമുള്ള വർധിച്ചുവരുന്ന ഡിമാൻഡിൽ നിന്ന് ഇത് വളരെ വ്യക്തമാണ്. എന്നിരുന്നാലും, ആദ്യമായി കാർ വാങ്ങുന്നവർ ഇപ്പോഴും താങ്ങാനാവുന്ന സബ്‌കോംപാക്ട് കാറുകൾക്കാണ് മുൻഗണന നൽകുന്നത്.
തങ്ങളുടെ പോക്കറ്റിന് വലിയ ഭാരം ഏല്പ്പിക്കാത്ത കൈയ്യിൽ ഒതുങ്ങുന്ന ഒരു കുട്ടി കാർ. ഈ ലേഖനത്തിൽ, 2024-ൽ ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെയുള്ള വരാനിരിക്കുന്ന മികച്ച അഞ്ച് കാറുകളെയാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ 2024 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകൾ പ്രഖ്യാപിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഓൺലൈനിലോ കിയയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ 20,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്. ചെറു എസ്‌യുവിക്ക് ഏകദേശം 7.0 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.
എന്നിരുന്നാലും, മിഡ് ലെവൽ, ഹൈ സ്പെക് വേരിയന്റുകൾക്ക് 10 ലക്ഷത്തിന് മുകളിലായിരിക്കും എക്സ്-ഷോറൂം വില. ഫ്രണ്ട് കൊളിഷൻ വാണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ADAS ലെവൽ 1 സംവിധാനവും പുതിയ സോനെറ്റിന് ലഭിക്കും. ബേസ് വേരിയന്റിൽ പോലും ആറ് എയർബാഗുകൾ, ESC, HAC, VSM, റിയർ പാർക്കിംഗ് സെൻസറുകൾ, റിമൈൻഡറോടൊപ്പം എല്ലാ സീറ്റുകൾക്കും ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് മുതലായവയും സജ്ജീകരിച്ചിരിക്കുന്നു.
ഇത് ഒരു 83 PS പവർ നൽകുന്ന 1.2 ലിറ്റർ NA പെട്രോൾ, 120 PS പവർ പുറപ്പെടുവിക്കുന്ന 1.0. ലിറ്റർ ടർബോ പെട്രോൾ, 116 PS കരുത്ത് നൽകുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ന്യൂ ജെൻ മാരുതി സ്വിഫ്റ്റ്: മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് 2024 -ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഇത് വളരെയധികം പരിഷ്കരിച്ച HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സ് & ബലേനോ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ മോഡലിന് ചില ഡിസൈൻ മാറ്റങ്ങളും പുതിയ ഇന്റീരിയറും ലഭിക്കുന്നു.

പെട്രോൾ, ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകൾക്ക് ഒപ്പം ഹാച്ച്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. 82 bhp കരുത്തും 108 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ DOHC എഞ്ചിനാണ് ഇതിന്റെ ഹൃദയം. മൈൽഡ് ഹൈബ്രിഡ് പതിപ്പ് DC സിൻക്രണസ് മോട്ടോറുമായി വരുന്നു.
ഇത് യഥാക്രമം 3.1 bhp എക്സ്ട്ര പവറും, 60 Nm അധിക torque ഉം നൽകുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും പുതിയ CVT ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുന്നു. ഇന്ത്യ സ്പെക്ക് മോഡലിന് AMT ഓപ്ഷനും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മാരുതി ഡിസയർ: പുതിയ സ്വിഫ്റ്റ് മാത്രമല്ല, ന്യൂ-ജെൻ ഡിസയർ സബ്-ഫോർ മീറ്റർ സെഡാനും അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. 2024 പകുതിയോടെ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുള്ള മോഡൽ, പുതിയ തലമുറ സ്വിഫ്റ്റുമായി ഡിസൈൻ മാറ്റങ്ങളും ഇന്റീരിയർ അപ്പ്ഡേറ്റുകളും പങ്കിടും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ഹൈബ്രിഡ് ടെക്കുമായി വരുന്ന അതേ 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ സെഡാനും ലഭിക്കും. കൂടാതെ ഒരു സിഎൻജി പവർട്രെയിനും ലഭിക്കും.
ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ മോട്ടോർസ് ഗണ്യമായി പരിഷ്‌കരിച്ച ആൾട്രോസ് ഹാച്ച്ബാക്ക് 2024 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ പ്രീമിയം ഹാച്ച് മോഡലിന് അടുത്തിടെ വിപണിയിൽ എത്തിയ പുതിയ ടാറ്റ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ അപ്പ്ഡേറ്റുകളും പുതുക്കിയ ഇന്റീരിയറും ലഭിക്കും.

വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ് (ആൾട്രോസ് റേസർ എഡിഷൻ) എന്നിവയും ഇതിലുണ്ടാകും. റേസർ എഡിഷനിൽ 120 bhp പവർ പുറപ്പെടുവിക്കുന്ന, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ പുതിയ 125 bhp കരുത്ത് സൃഷ്ടിക്കുന്ന, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ നൽകാനാണ് സാധ്യത.
ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 88 bhp പവർ നൽകുന്ന, 1.2 ലിറ്റർ NA പെട്രോൾ, 110 bhp കരുത്തുമായി വരുന്ന, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരാൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്കും ഉൾപ്പെടും.

നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കുന്നതിന് മുമ്പ്, നിസാൻ 2024 മധ്യത്തോടെ രാജ്യത്ത് മാഗ്‌നൈറ്റ് സബ് ഫോർ മീറ്റർ എസ്‌യുവിക്ക് ഒരു പ്രധാന അപ്‌ഡേറ്റ് നൽകും. ഇതോടൊപ്പം, മെക്സിക്കോ പോലുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്ക് (LHD) പുതുക്കിയ മാഗ്നൈറ്റ് കയറ്റുമതി ചെയ്യാനും കമ്പനി തുടങ്ങും.
ചെറു എസ്‌യുവിക്ക് ചില ഡിസൈൻ മാറ്റങ്ങളും കൂടുതൽ ഫീച്ചറുകൾ നിറഞ്ഞ ഇന്റീരിയറും ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ അതേ 1.0 ലിറ്റർ ത്രീ സിലിണ്ടർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവയിൽ അപ്പ്ഡേറ്റഡ് പതിപ്പ് കമ്പനി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








