ആർക്കാണ് ഇത്ര ധൃതി! ട്രാക്കിൽ മൈക്കിൾ ഷൂമാക്കർ കളിച്ച ലോക്കോ പൈലറ്റുമാർക്ക് സസ്പെൻഷൻ
ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് ഏറ്റവും സുഖവും അത് പോലെ തന്നെ താരതമ്യേന ചിലവും കുറവ് എന്നാണല്ലോ വയ്പ്പ്. പലപ്പോഴുമുളള സംശയമാണ് എന്ത് കൊണ്ടാണ് ട്രെയിൻ വൈകിയോടുന്നത്. റോഡിലെ പോലെ ട്രാഫിക്കോ കുണ്ടും കുഴിയുമോ ഇല്ല, അപ്പോൾ പിന്നെ കാല് കൊടുത്ത് പറപ്പിച്ച് ഇങ്ങ് വന്നാൽ പോരെ എന്ന് തോന്നിയേക്കാം. പക്ഷേ ട്രെയിനിനും സ്പീഡ് ലിമിറ്റുണ്ട് എന്ന് എത്ര പേർക്ക് അറിയാം. ഒരോ പ്രദേശത്തും ട്രെയിനിന് വേഗ പരിധിയുണ്ട്. അത് ലോക്കോ പൈലറ്റിൻ്റെ ഉത്തരവാദിത്തമാണ്. എന്നാൽ അത് ലംഘിച്ചാലോ. അത്തരമൊരു സംഭവത്തിൻ്റെ വിശദാംശങ്ങൾ അറിഞ്ഞാലോ.
പല പ്രദേശങ്ങളിലും ട്രെയിനിൻ്റെ വേഗത വൃത്യസ്തമായിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. ചില പ്രദേശങ്ങളിൽ റെയിൽ പാളത്തിൻ്റെ പണികൾ നടക്കുന്നുണ്ടാകാം, അത് പോലെ തന്നെ ട്രാക്കിൻ്റെ അവസ്ഥ, ട്രാക്ക് അറ്റകുറ്റപ്പണികൾ, പഴയ റെയിൽവേ പാലങ്ങൾ, സ്റ്റേഷൻ യാർഡ് പുനർനിർമ്മാണം തുടങ്ങി വിവിധ കാരണങ്ങളാൽ ട്രെയിനുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി റെയിൽവേ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.

വേഗപരിധി മണിക്കൂറിൽ 20 കിലോമീറ്ററായി നിയന്ത്രിച്ച ഭാഗത്ത് 120 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിച്ചതിന് ഗതിമാൻ എക്‌സ്‌പ്രസ്, മാൾവ എക്‌സ്പ്രസ് എന്നിവയുടെ ലോക്കോ പൈലറ്റുമാരെ റെയിൽവേ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. റെയിൽവേ പാലത്തിൻ്റെ നവീകരണ ജോലികൾ നടക്കുന്നതിനാൽ ആഗ്ര കാൻ്റിനടുത്തുള്ള ജാജൗവിനും മണിയൻ റെയിൽവേ സ്റ്റേഷനും ഇടയിലാണ് വേഗപരിധി ലംഘിച്ചത്.
ഗതിമാൻ എക്‌സ്പ്രസിൻ്റെ ലോക്കോ പൈലറ്റും അസിസ്റ്റൻ്റ് ലോക്കോ പൈലറ്റും ട്രെയിൻ ആഗ്ര കാൻ്റിൽ നിന്ന് ഗ്വാളിയോറിലേക്ക് പുറപ്പെട്ടതിന് ശേഷം വേഗത പരിധി ലംഘിച്ചുവെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനാണ് ഗതിമാൻ എക്സ്പ്രസ്, ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി ജംഗ്ഷനും ഇടയിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്.

ഈ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം,ജമ്മുവിലെ കത്രയ്ക്കും മധ്യപ്രദേശിസെ ഇൻഡോറിനും ഇടയിൽ ഓടുന്ന മറ്റൊരു ട്രെയിനായ മാൾവ എക്‌സ്പ്രസിൻ്റെ ലോക്കോ പൈലറ്റഉം ഇതേ സ്ഥലത്ത് സമാനമായ ലംഘനം നടത്തുകയും ട്രെയിൻ നിർത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ സ്പീഡിലാണ് ട്രെയിൻ ഓടിച്ചത്.
എല്ലാ സൂപ്പർഫാസ്റ്റ്, സെമി-ഹൈ സ്പീഡ് ട്രെയിനുകളും പ്രസ്തുത ഭാഗത്ത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടിക്കാൻ അനുവാദമുണ്ടായിരുന്നു എന്നാൽ അടുത്തിടെ ഒരു പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത് കൊണ്ട് ട്രെയിനിൻ്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്റർ എന്ന പരിധി നിശ്ചയിക്കുകയായിരുന്നു എന്നാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുളള പ്രതികരണം.

സംഭവത്തെ കുറിച്ച് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥൻ പറയുന്നത് ചിലപ്പോൾ പ്രസ്തുത ഭാഗത്ത് ട്രെയിനിൻ്റെ വേഗത കുറയ്ക്കാൻ അവർ മറന്നിരിക്കാമെന്ന് തോന്നുന്നു എന്നാണ്. ലോക്കോ പൈലറ്റിൻ്റെ ഭാഗത്ത് നിന്ന് ഇത് ഗുരുതരമായ തെറ്റാണ്, കാരണം ഇത് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും. ഇത്തരം വീഴ്ചകളെ റെയിൽവേ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ട്രെയിനിൻ്റെ എഞ്ചിനിൽ കയറുന്നതിന് മുമ്പ് ലോക്കോ പൈലറ്റിനും സഹായിക്കും പൂർണ്ണമായ റൂട്ട് ചാർട്ടും ബന്ധപ്പെട്ട ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ഉപദേശങ്ങളും മുന്നറിയിപ്പുകളും സ്പീഡ് ലിമിറ്റും ലഭിക്കുന്നതാണ്, അതിനനുസരിച്ച് വേഗത നിലനിർത്തേണ്ടത് ലോക്കോ പൈലറ്റിൻ്റെ ചുമതലയാണ്. എന്നാൽ അതിൽ വീഴ്ച്ച വരുത്തിയാൽ ഇത് പോലെയുളള അച്ചടക്ക നടപടികൾ നേരിടേണ്ടി വരും. നിങ്ങൾക്ക് എന്താണ് ഈ വിഷയത്തിൽ തോന്നുന്നത് എന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








