ഫാസ്ടാഗിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ; സൂക്ഷിച്ചോ പണി എപ്പോൾ വേണമെങ്കിലും കിട്ടും
ഇപ്പോൾ ഇറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഫാസ്ടാഗ് ഇല്ലാതെ ടോളുകളിലൂടെ പോകാനും സാധിക്കില്ല. ടോളിൽ കയറി ഇറങ്ങുമ്പോൾ നിശ്ചിത തുക നിങ്ങളുടെ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ വീട്ടിൽ കിടക്കുന്ന വാഹനത്തിൻ്റെ നമ്പറിലെ ഫാസ്ടാഗിൽ നിന്ന് പണം പോയെന്ന് ഫോണിൽ മെസേജ് വന്നാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും.
ഇത്തരമൊരു സാഹചര്യം പലർക്കും ഉണ്ടായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെടുകയാണ്. വിശദമായ അന്വേഷണത്തിൽ ഇതിൻ്റെ കാരണം കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ടോള്‍പ്ലാസകളില്‍ വാഹനത്തിന്റെ ഫാസ്ടാഗ് സ്‌കാന്‍ ചെയ്യുന്നതിന് വേണ്ടി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇത്തരം സ്കാനിങ്ങ് മെഷീനുകൾക്ക് സ്കാനിങ്ങിൽ പിഴവ് സംഭവിക്കാറുണ്ട്.

ആ സമയത്ത് ടോൾ പ്ലാസയിലെ ജോലിക്കാർ മാനുവലായി കമ്പ്യുട്ടറിൽ വാഹനത്തിൻ്റെ നമ്പർ രേഖപ്പെടുത്തുമ്പോൾ വാഹനത്തിൻ്റെ നമ്പർ തെറ്റായി അടിക്കുന്നതാണ് ഈ പ്രശ്നങ്ങളുടെ കാരണം. എന്നാൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടു എന്ന ഓർത്ത് ആകുലപ്പെടേണ്ട കാര്യമില്ല കാരണം, ടോൾ പ്ലാസകളിൽ ഓട്ടോമാറ്റിക്ക് ഓഡിറ്റിങ്ങ് സംവിധാനമാണുളളത്. അത് കൊണ്ട് ടോളിലൂടെ കടന്ന് പോകാത്ത വാഹനങ്ങളിൽ നിന്ന് ഈടാക്കിയ പണം ഏഴു പ്രവൃത്തി ദിനത്തിനുളളിൽ ഉടമസ്ഥന് തന്നെ തിരിച്ചു കയറുകയും ചെയ്യും.
ടോൾ ബൂത്തിലെ വ്യാജൻമാരെ കുറിച്ചുളള വാർത്തകൾ കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു. അധികൃതര്‍ തന്നെ നിരക്ക് നിശ്ചയിച്ച ശേഷം നികുതി പിരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാറാണ് പതിവ്. റോഡുകളിലെ ഭീമമായ ടോള്‍ ഒഴിവാക്കാനായി വാഹന ഉടമകള്‍ ഊടുവഴികളിലൂടെ സഞ്ചരിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും കണ്ടുവരാറുണ്ട്. ഇത്തരക്കാരെ മുന്നില്‍ കണ്ടാണ് ഗുജറാത്തിലെ ബമന്‍ബോര്‍-കച്ച് ദേശീയ പാതയില്‍ സ്വകാര്യ ഭൂമിയില്‍ ഹൈവേ ഒഴിവാക്കി വ്യാജ ടോള്‍ പ്ലാസ സ്ഥാപിച്ച് ചിലര്‍ സര്‍ക്കാറിനെ കബളിപ്പിച്ചത്.

ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.
ഇത്തരം വാഹനങ്ങളില്‍ കയറ്റുന്ന ലോഡിന്റെ ഭാരം പരിഗണിക്കാതെ ഒരേ നിരക്കാണ് ഈടാക്കുന്നത്. ഈ അവസ്ഥക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. ഹെവി വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായി രാജ്യസഭാംഗം വിജയസായി റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ടോള്‍ ഫീസ് ഈടാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.
ഈ നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹെവി വാഹനങ്ങള്‍ കയറ്റി വിടുന്ന ലെയ്‌നുകളില്‍ വെയ്റ്റിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹെവി വാഹന ഉടമകളുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ ഒരു സംവിധാനം നിലവില്‍ വന്നാല്‍ വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ ഏറെ സമയം കാത്തുകെട്ടി കിടക്കേണ്ടി വരുമെന്നും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നുമാണ് അവര്‍ പറയുന്നത്.
നാഷണല്‍ ഹൈവേ ടോള്‍ റൂള്‍സ് 2008 അനുസരിച്ച് അനുവദനീയമായ പരമാവധി മൊത്ത ഭാരത്തിനപ്പുറം ലോഡുചെയ്ത വാഹനങ്ങള്‍ അധിക ലോഡ് നീക്കം ചെയ്യുന്നതുവരെ ദേശീയ പാത ഉപയോഗിക്കാനോ ടോള്‍ പ്ലാസ കടക്കാനോ അനുവദിക്കില്ല എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഈ നിയമം നിലവില്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളില്‍ പെടുമ്പോള്‍ നിരപരാധികളായ ഒരുപാട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അധിക ലോഡുമായി വരുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യം വന്നാല്‍ ഈ പ്രവണത കുറയും.


Click it and Unblock the Notifications








