ഇനി എന്ത് ചെയ്യും മല്ലയ്യാ; പാഴ്സൽ ചെയ്ത കാറുമായി കടന്ന് കളഞ്ഞു
സൈബർ ക്രൈമുകൾ ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇൻ്റർനെറ്റിൽ നിങ്ങൾക്ക് ഒരുപാട് സേവനദാതാക്കളെ കാണാൻ സാധിക്കും പ്രത്യേകിച്ച് ഏറ്റവും താങ്ങാനാകുന്ന വിലയിൽ. എന്നാൽ അതിന് പിന്നിൽ ചതി ഒളിഞ്ഞുകിടക്കുന്നത് പലപ്പോഴും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സത്യം. ഗുജറാത്തിലെ ഒരു ഗായകനായ ബിന്നിയാണ് ഇപ്പോൾ ഒരു ചതിയിൽപ്പെട്ടിരിക്കുന്നത്.
ഹിമാചൽ പ്രദേശിൽ നിന്ന് അദ്ദേഹം കയറ്റി അയച്ച കാർ ഇപ്പോൾ കാണാനില്ല. പാഴ്സൽ സർവീസ് നടത്തുന്നവർ കാറുമായി കടന്നു കളഞ്ഞിരിക്കുകയാണ്. 40 ലക്ഷം രൂപ വിലമതിക്കുന്ന തൻ്റെ എസ്‌യുവി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് അദ്ദേഹം സോഷ്യൽ മീഡിയയി പോസ്റ്റ് ചെയ്തിരുന്നു. സൈബർ ക്രൈം പരാതി അദ്ദേഹം നൽകിയിട്ടുണ്ട്. പാഴ്സൽ സർവീസിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ല.

മൂവ് മൈ കാർ എന്ന ആപ്പിലൂടെയാണ് അദ്ദേഹം ഈ സേവനദാതാവിനെ കണ്ടുപിടിച്ചത്. ബാക്കി എല്ലാവരും ആവശ്യപ്പെട്ടതിലും കുറഞ്ഞ പണമാണ് ഇവർ ആവശ്യപ്പെട്ടത്, അത് കൊണ്ടാണ് ബിന്നി അവർക്ക് കാർ കയറ്റി അയക്കാൻ തീരുമാനമെടുത്തത്. എന്നാൽ അവർ വാഹനം ട്രക്കിൽ കയറ്റിയതിന് ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് ബിന്നി പറയുന്നത്. തൻ്റെ കാർ കണ്ടുപിടിക്കാനുളള സാധ്യത കുറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ പ്രചാരത്തിലുളള അഗ്രഗേറ്റർ സൈറ്റുകളിൽ നിന്ന് മാത്രമേ സേവനം തേടാവു എന്ന് പറയുന്നത് മറ്റൊന്നും കൊണ്ടല്ല, കാരണം എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അവർ ഉത്തരവാദിത്തം ഏറ്റെടുക്കും. നിരക്ക് കുറവ് കണ്ടു കൊണ്ടും ലാഭം നോക്കിയും ഇത്തരം ചതിക്കുഴിയിൽ പെടുന്നവരാണ് കൂടുതലും. ഇനിയെങ്കിലും അറിയപ്പെടുന്ന സേവനദാതാക്കളെ മാത്രം ജോലി ഏൽപ്പിക്കാൻ ശ്രദ്ധിക്കുക.

മോഷണങ്ങളുടെ എണ്ണവും ഇപ്പോൾ കൂടുതലാണ് അത് കൊണ്ട് വാഹനത്തിൽ ഒരു സെക്കൻഡറി ആന്റി-തെഫ്റ്റ് ഉപകരണം സ്ഥാപിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ഇമ്മൊബിലൈസറുകൾ ഘടിപ്പിച്ച ആധുനിക വാഹനങ്ങൾ പോലും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മോഷ്ടിക്കാൻ കഴിയുന്ന ഹൈടെക് മോഷ്ടാക്കളാണ് ഇപ്പോഴുളളത്. സ്റ്റിയറിംഗ് ലോക്കുകൾ, ഗിയർ ലോക്കുകൾ, വീൽ ലോക്കുകൾ, ജിപിഎസ് ട്രാക്കറുകൾ എന്നിവ ഇത്തരം സാഹചര്യങ്ങളിൽ ഒരുപാട് ഗുണം ചെയ്യും.
ഇത്തരം ആപ്പുകളും ഉപകരണങ്ങളും കൊണ്ട് നിങ്ങളുടെ വാഹനത്തിൻ്റെ എഞ്ചിൻ പോലും പ്രവർത്തിപ്പിക്കാൻ സാധിക്കും. വാഹനം ഒരു പ്രത്യേക പോയിന്റ് കടന്നാൽ എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന സംവിധാനവും ഉണ്ട്. ഈ ഉപകരണങ്ങൾ എല്ലാത്തരം വാഹനങ്ങൾക്കും ലഭ്യമാണ്, ഉപകരണത്തിൽ GPS സംവിധാനവും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും സജീവമായി നിലനിർത്തുന്നതിന് ഉപയോക്താക്കൾ സാധാരണയായി ഒരു സബ്സ്ക്രിപ്ഷൻ നൽകേണ്ടതുണ്ട്.


Click it and Unblock the Notifications








