പൊതുനിരത്തില്‍ ബര്‍ത്ത്‌ഡേ ആഘോഷം വേണ്ട; യുവാവിന് പൊലീസ് കൊടുത്ത 'പണി' കണ്ടോ...
ഓരോ വ്യക്തികള്‍ക്കും തന്റെ ജന്മദിനം വളരെ പ്രിയപ്പെട്ടതായിരിക്കും. ജനമദിനാഘോഷങ്ങള്‍ എന്നെന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ആഘോഷമാക്കി മാറ്റാന്‍ പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ നടുറോഡില്‍ ജന്മദിന കേക്ക് മുറിച്ച് ആഘോഷിച്ച ലഖ്‌നോ സ്വദേശിയുടെ ബര്‍ത്ത്‌ഡേ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ജന്മദിനങ്ങള്‍ എല്ലായ്‌പ്പോഴും സവിശേഷമാണ്, പ്രത്യേകിച്ചും നിങ്ങളുടെ സുഹൃത്തുക്കള്‍ കൂടെയുണ്ടെങ്കില്‍. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ സുഹൃത്തുക്കള്‍ എന്തെങ്കിലും ഒക്കെ ഒപ്പിക്കുമ്പോള്‍ സംഗതി കൂടുതല്‍ കളറാകും.

എന്നിരുന്നാലും, മിക്ക സാഹചര്യങ്ങളിലും ആളുകള്‍ അവരുടെ വീടുകളിലോ റെസ്റ്റോറന്റുകളിലോ വെച്ചാണ് ജന്മദിനാഘോഷം സംഘടിപ്പിക്കാറുള്ളത്. ചില വേള സുഹൃത്തുക്കളോടൊപ്പം ഒരു നല്ല വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ലഖ്നൗവിലെ ഒരു യുവാവ് തന്റെ ജന്മദിനം നഗരത്തിലെ ഒരു പ്രധാന റോഡിന് നടുവില്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇവിടെ ലഖ്നൗ സ്വദേശിയുടെ ജന്മദിന ആഘോഷങ്ങള്‍ പൊലീസ് ഇടപൊട്ടാണ് കളറാക്കിയത്. അടുത്തിടെയാണ് ലഖ്നൗവിലെ തിരക്കേറിയ റോഡിന് നടുവില്‍ ചിതറി കിടക്കുന്ന കേക്ക് വൃത്തിയാക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഈ വീഡിയോ കണ്ട് ആര്‍ക്കും ആദ്യം ഒന്നും മനസ്സിലായില്ല. പിന്നാലെയാണ് റോഡ് വൃത്തിയാക്കുന്നയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടുറോഡില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചത്. ലഖ്നൗവിലെ ഒരു കവലയില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്തുകൂടുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജന്മദിനം ആഘോഷിക്കുന്ന യുവാവ് ആദ്യം കേക്ക് മുറിച്ചു. ശേഷം പല ആഘോഷങ്ങളിലും സംഭവിക്കുന്നത് പോലെ സുഹൃത്തുക്കള്‍ കേക്ക് യുവാവിന്റെ മുഖത്ത് തേക്കാന്‍ ശ്രമിക്കുകയും റോഡിന് നടുവില്‍ എല്ലായിടത്തും കേക്ക് ചിതറുകയും ചെയ്തു.

റോഡിലെ ആഘോഷം കണ്ട് ഇത് ഗതാഗതക്കുരുക്കാണെന്ന് കരുതി സ്ഥലത്തെത്തിയ പൊലീസുകാര്‍ ജന്മദിനാഘോഷ ടീമിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഇന്‍സ്‌പെക്ടര്‍ ബര്‍ത്ത്‌ഡേ ബോയ്‌യെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തുകയും റോഡ് വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശേഷം പൊതുസ്ഥലങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സംഘത്തെ ഉപദേശിച്ചു.
ജന്മദിന ആഘോഷിക്കുന്ന യുവാവാണ് ഒരു കാര്‍ഡ്‌ബോര്‍ഡ് കഷണം ഉപയോഗിച്ച് റോഡില്‍ മൊത്തം പരന്ന കേക്ക് വൃത്തിയാക്കുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ യുവാവ് റോഡ് വൃത്തിയാക്കുമ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ സംഭവം മുഴുവന്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക.

പൗരധര്‍മ്മം എങ്ങനെ പാലിക്കണമെന്നാണ് ഈ 'ശിക്ഷ'യിലൂടെ പൊലീസ് കാണിച്ച് തരുന്നതെന്ന് ട്വിറ്ററാറ്റികള്‍ നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും പൊതുജന ശ്രദ്ധ പിടിച്ചുപറ്റാനും ഇന്ന് പലരും പൊതു സ്ഥലങ്ങളില്‍ കാണിച്ച് കൂട്ടുന്ന പ്രവര്‍ത്തികള്‍ സമൂഹത്തിന് വലിയ തലവേദനയാണ്. ഇത് പൊതുജനങ്ങള്‍ക്ക് ശല്യവും അനാവശ്യമായ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഈ ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ കാര്യം തന്നെ പരിഗണിക്കുമ്പോള്‍ റോഡില്‍ പരന്ന പിറന്നാള്‍ കേക്ക് കാണാതെ വരുന്ന ഇരുചക്ര വാഹന യാത്രികര്‍ തെന്നിവീഴാന്‍ വളരെ സാധ്യതയുണ്ട്. എന്തായാലും പൊതുനിരത്തുകളില്‍ കേക്ക് പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നത് കണ്ടാല്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ സാധ്യതയുണ്ട്. ഇതും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമായിരുന്നു.


Click it and Unblock the Notifications








