അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
ഇന്ത്യൻ നിരത്തിലൂടെയുളള ഡ്രൈവിങ്ങ് എല്ലാവർക്കും വലിയ താൽപ്പര്യമുളള കാര്യമല്ല, നമ്മൾ എത്ര മര്യാദയ്ക്ക് ഓടിച്ചാലും എതിരെ വരുന്നവർ വന്ന് ഇടിച്ചാൽ മതിയല്ലോ, അതിനൊപ്പം മദ്യപിച്ച് കൂടിയാണ് വാഹനമോടിക്കുന്നതെങ്കിൽ പറയുകേം വേണ്ട. ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മിക്കപ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്ന കേസിൽ പെടുന്നുണ്ട്. എന്നാൽ എല്ലാവരും അങ്ങനെ അല്ല എങ്കിൽ പോലും കുറച്ച് പേര് മതിയല്ലോ ബാക്കിയുളളവരുടെ പേര് കളയാൻ.
അടുത്തിടെ ഒഡീഷയിൽ, മദ്യപിച്ച് വാഹനമോടിച്ചതിന് നിരവധി അത്യാധുനിക ആഡംബര കാറുകൾ പിടികൂടിയിരിക്കുകയാണ്. ഈ ആഡംബര കാറുകളിൽ പോർഷെ, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ്, ഔഡി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഒഡീഷ പോലീസ് പിടിച്ചെടുത്ത എല്ലാ കാറുകളും കാണിക്കുന്ന വീഡിയോ കനക് ന്യൂസ് യൂട്യൂബിൽ ഷെയർ ചെയ്തിട്ടുണ്ട്. പോർഷെ കയീൻ, ബിഎംഡബ്ല്യു എക്സ് 7, മെർസിഡീസ് ബെൻസ് EQC, റേഞ്ച് റോവർ വെലാർ എന്നിവയെല്ലാം ഉണ്ട്.

കൂടാതെ, ഔഡി എ4, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 2 ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി സ്വിഫ്റ്റ്, റെനോ കിഗർ എന്നിവയും ലിസ്റ്റിൽ ഉണ്ടായിരുന്നു. കൂടാതെ, ടൊയോട്ട ഫോർച്യൂണർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടാറ്റ നെക്‌സോൺ എന്നിവയും ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരോട് സഹിഷ്ണുതയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പോലീസ് നഗരത്തിൽ പരിശോധനയും തടയലും നടത്തിയത്. ചെക്കിങ്ങിനിടെ, മദ്യപിച്ച് വാഹനമോടിച്ച നിരവധി ഡ്രൈവർമാർ പിടിക്കപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു ഡ്രൈവർ ആദ്യമായി പിടിക്കപ്പെട്ടാൽ, അവരുടെ വാഹനം പോലീസിന് നേരിട്ട് പിടിച്ചെടുക്കാമെന്ന് ഒഡീഷ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് വാഹനം തിരിച്ചെടുക്കാൻ ഡ്രൈവറോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടും.

എന്നാൽ രണ്ടാമത്തെ തവണയും ഡ്രൈവർ പിടിക്കപ്പെടുകയാണെങ്കിൽ, വാഹനം പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അവസാനമായി, അതേ ഡ്രൈവർ മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാൽ, അവരുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. കൂടാതെ, അവരുടെ ഡ്രൈവിംഗ് ലൈസൻസും താൽക്കാലികമായി റദ്ദാക്കുകയും ചെയ്യും.
കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ് (സിഎഡിഡി) ഒരു സർവേയിൽ ഡൽഹിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വന്നിരുന്നു. സർവേയുമായി ബന്ധപ്പെട്ട 30,000 പേരിൽ 81.2% പേരും മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 1 നും ഡിസംബർ 31 നും ഇടയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ നിന്ന് പലതരം പ്രതികരണങ്ങളാണ് ലഭിച്ചത്.

20,776 പുരുഷന്മാരും 9,224 സ്ത്രീകളും സർവേയുമായി സഹകരിക്കുകയും പ്രതികരിക്കാൻ തയ്യാറാകുകയും ചെയ്തു, റോഡിലെ അവരുടെ അനുഭവങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ചുള്ള കാര്യങ്ങളും അവർ സർവേയിൽ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിക്കുന്ന വ്യക്തികൾ ഫോർ വീലർ, ടു വീലർ ഉടമകളാണ് എന്നാണ് സർവേയുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രം പുറത്തുവിട്ട 2022 ലെ റോഡ് അപകട ഡാറ്റയിൽ പറയുന്നത് പോലെ , മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.
ഡാറ്റ അനുസരിച്ച്, 2022-ൽ രാജ്യവ്യാപകമായി നടന്ന റോഡപകടങ്ങളിൽ ഗണ്യമായ ഒരു ഭാഗം മദ്യപിച്ച് വാഹനമോടിച്ചതിലൂടെ സംഭവിച്ചതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ മോട്ടോർ വെഹിക്കിൾ ആക്‌ടിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാരെ അവരുടെ ലഹരിയുടെ തോത് വിലയിരുത്താൻ ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രേഷൻ (ബിഎസി) ടെസ്റ്റിന് വിധേയരാക്കാൻ കഴിയും.
സാധാരണഗതിയിൽ, ആൽക്കഹോൾ അളവ് നിർണ്ണയിക്കാൻ ട്രാഫിക് പോലീസ് ബ്രീത്ത് അനലൈസറുകൾ ഉപയോഗിക്കുന്നു, 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ താഴെ ആൽക്കഹോൾ അളവ് കുറഞ്ഞാൽ ഡ്രൈവറെ സുരക്ഷിതനായി കണക്കാക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








