മുങ്ങിക്കപ്പലില്‍ മധുവിധു ഒരു സുനാമിയാക്കാം
വിവാഹത്തിനു ശേഷം മധുവിധു ആഘോഷങ്ങള്‍ക്കായി ദൂരദേശങ്ങളില്‍ പോകുന്നത് ഒരു സാധാരണ പരിപാടിയാണ്. പോകുന്ന ദേശങ്ങള്‍ നവവധുവിന്റെ ഭ്രാന്തമായ സ്വപ്‌നങ്ങളില്‍ പോലും വന്നുപെട്ടിട്ടില്ലാത്തതും കേട്ടാല്‍ ബന്ധുജനങ്ങള്‍ ഞെട്ടിത്തെറിക്കുന്നതും ആവണമെന്നത് നവവരന്മാരുടെ ഒരു മിനിമം പൂതിയാണ്. ഈ പൂതികള്‍ നടപ്പാക്കുന്നതിനാവശ്യമായ പണം കൈയിലില്ലാത്തതുകൊണ്ട് മാത്രമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ആ അവിഞ്ഞ ഊട്ടിയിലും കൊടൈക്കനാലിലും മൂന്നാറിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തുകൂടുന്നത്.
പോക്കറ്റിന് അസാധാരണമായ ആഴമുള്ളവര്‍ക്ക് ഭാര്യയോട് അനിതരസാധാരണമായ പ്രേമം പ്രകടിപ്പിക്കാനുള്ള ഒരു കിടിലന്‍ അവസരം ഒത്തുവരുന്നതിനെക്കുറിച്ചാണ് ഇവിടെ പറയാനൊരുങ്ങുന്നത്. നിങ്ങളുടെ പുതിയ ഭാര്യയെ ഒരു ആഡംബര മുങ്ങിക്കപ്പലിലേക്ക് ക്ഷണിക്കാം.

ഒളിവേഴ്‌സ് ട്രാവല്‍സാണ് നവദമ്പതികളെ മുങ്ങിക്കപ്പലിലേക്ക് ആനയിക്കുന്നത്. അന്തംവിട്ട ആഡംബരസൗകര്യങ്ങളാണ് ഈ മുങ്ങിക്കപ്പലിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.

'ലവേഴ്‌സ് ഡീപ്പ്'
'ലവേഴ്‌സ് ഡീപ്പ്' എന്നാണ് ഈ മുങ്ങിക്കപ്പല്‍ ഹോട്ടലിന്റെ പേര്. ഈ കപ്പല്‍ ബുക്ക് ചെയ്താല്‍ കടലിന്റെ 650 അടി താഴ്ചയില്‍ മധുവിധു ആഘോഷിക്കുവാനുള്ള അവസരമാണ് ലഭിക്കുക.

ഈ മുങ്ങിക്കപ്പലിലെ മധുവിധു അത്ര ചെലവുകുറഞ്ഞതായിരിക്കില്ല എന്ന് ഇതിനകം തന്നെ നിങ്ങളൂഹിച്ചുകാണും. സംഗതി സത്യമാണ്. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തില്‍ രണ്ട് കോടിയോളം രൂപ വരെ ഒരു രാത്രിയിലെ മുങ്ങിക്കപ്പല്‍ മധുവിധുവിന്. ശരിക്കും ഒരു സുനാമി തന്നെ അല്ലേ?

മധുവിധുക്കാര്‍ക്കായി വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട് മുങ്ങിക്കപ്പലില്‍. ഒരു കാപ്റ്റന്‍, ഒരു ഷെഫ്, ഒരു ബട്‌ലര്‍ എന്നിവര്‍ ദമ്പതികള്‍ക്കായി സദാസമയം റെഡിയായി നില്‍ക്കും.

ഷാപെയ്ന്‍ ബ്രേക്ക്ഫാസ്റ്റ്, രണ്ടു പേര്‍ക്ക് ഒരുമിച്ച് കുളിക്കുവാനുള്ള സൗകര്യം തുടങ്ങിയ അവസരങ്ങളെല്ലാം ഒരുക്കി പണം ചെലവാക്കുന്നവന്റെയും അവളുടെയും മധുവിധു ഗംഭീരമാക്കിക്കൊടുക്കപ്പെടും.

ഉള്ളിലെ ശബ്ദങ്ങൾ
ഉള്ളിലെ ശബ്ദങ്ങൾ ഒരു കാരണവശാലും പുറത്തു കേൾക്കില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്.


Click it and Unblock the Notifications








