ഉടമസ്ഥൻ ഇതെങ്ങനെ സഹിക്കും! വെള്ളപ്പൊക്കത്തിൽ മുങ്ങി പോയത് കോടികൾ വിലയുള്ള കാറുകൾ, വീഡിയോ കാണാം
കേരളത്തിൽ മാത്രമല്ല രാജ്യത്ത് പലയിടങ്ങളിലും ഇപ്പോൾ പ്രളയവും വെള്ളപ്പൊക്കവുമാണ്. ഒരുപാട് നാശനഷ്ടങ്ങളും കേടുപാടുകളും സംഭവിക്കുന്നുണ്ട്. ചിലർക്ക് വീടുകളിൽ വെളളം കയറുകയും, വാഹനങ്ങൾ മുങ്ങിപോകുകയും ചെയ്യുന്ന അവസ്ഥകൾ ഉണ്ടായിരിക്കുകയാണ്. അത്തരത്തിലൊരു വ്യക്തിക്ക് തൻ്റെ പ്രിയപ്പെട്ട ആഡംബര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപോയതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗുരുഗ്രാമിൽ താമസിക്കുന്ന കാർ ഉടമ സെക്ടർ 57 ഏരിയയിലാണ് താമസിക്കുന്നത്. തൻ്റെ പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം മഴ പെയ്തെന്നും അതിനുള്ളിൽ തൻ്റെ വീടിൻ്റെ പരിസരം മുഴുവൻ വെള്ളത്തിനടിയിലായെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഓടകൾ അടഞ്ഞതിനാൽ വെളളം വീട്ടിലേക്കും കയറി.
വീഡിയോയിൽ, അദ്ദേഹത്തിൻ്റെ വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ബിഎംഡബ്ല്യു M340i കാണാൻ സാധിക്കും. കാർ പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്, ഇലക്ട്രിക്ക് സംവിധാനങ്ങൾ തകരാറിലായത് കൊണ്ട്, വൈപ്പറുകൾ സ്വന്തമായി പ്രവർത്തിക്കുന്നത് കാണാം. കാറിൻ്റെ ഗ്രില്ലും ഹെഡ്‌ലാമ്പുകളും വീലുകളും പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ക്യാബിനിലേക്ക് വെള്ളം കയറിയെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

അതോടൊപ്പം തന്നെ വീഡിയോയിൽ ഒരു മെഴ്‌സിഡസ്-ബെൻസ് സി-ക്ലാസ് സെഡാൻ വീടിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണിക്കുന്നുണ്ട്, അത് സെഡാൻ്റെ W204 പതിപ്പാണെന്ന് തോന്നുന്നു. ഈ ആഡംബര കാറും ബിഎംഡബ്ല്യുവിൻ്റെ അതേ ഉടമയുടെ തന്നെയാണ്. ബിഎംഡബ്ല്യു പോലെ തന്നെ മെഴ്‌സിഡസും വെള്ളത്തിനടിയിലാണ്. മെഴ്‌സിഡസിന് മുന്നിൽ ഒരു ഹ്യൂണ്ടായ് i20 N ലൈൻ ഹാച്ച്ബാക്ക് ഉണ്ട്, അതും പൂർണ്ണമായും നശിച്ചിരിക്കുകയാണ്.
നിരവധി തവണ വെളളപ്പൊക്കത്തിൻ്റെ സമയത്ത് അധികാരികളെ വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല എന്നും അദ്ദേഹം വീഡിയോയിൽ കുറ്റപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് ഓടകൾ വൃത്തിയാക്കുകയും വെളളം പോകാനുളള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് വാഹനമുടമ പറയുന്നത്. മഴക്കാലത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രിയപ്പെട്ട വായനക്കാരോട് ഞങ്ങൾ എപ്പോഴും പറയാറുളളതാണ്.

മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.
നിങ്ങൾ വാഹനത്തിൽ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കുക. കാർ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാൽ ഡോറുകൾ ജാം ആകുകയും വാഹനത്തിൽ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്.

നിങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്ന് വെളളം ഇരച്ചുകയറുകയോ വാഹനം മാറ്റാനുളള സാവകാശം നിങ്ങൾക്ക് ലഭിക്കുകയോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് വാഹനത്തിൻ്റെ ബാറ്ററി വിച്ഛേദിക്കാൻ ശ്രദ്ധിക്കുക. അതുവഴി കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാം. നിങ്ങളുടെ വാഹനം മുഴുവനായി മുങ്ങി പോയിട്ടില്ലെങ്കിൽ നിങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് നന്നാക്കാൻ ഈ വഴി ഉപകരിക്കും. അത് പോലെ തന്നെ വാഹനം വെള്ളം കയറിയ സമയത്ത് സ്റ്റാർട്ട് ചെയ്യാൻ മുതിരരുത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








