പഴയ വാഹനങ്ങളുടെ ടാക്‌സ് ഇരട്ടിയാകുന്നു! കേരളത്തിലെ നിരത്തുകള്‍ നിറയുമോ 'ബോംബെ' വണ്ടികള്‍?

വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഴയ വാഹനങ്ങളുടെ ഹരിത നികുതി ഇരട്ടിയാക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 2026-27 സംസ്ഥാന ബജറ്റിലായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രഖ്യാപനം. പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയം അനുസരിച്ച് പഴയ വാഹനങ്ങള്‍ക്ക് നികുതി കൂട്ടുമ്പോള്‍ തന്നെ, അവ പൊളിക്കാന്‍ (Scrap) തയാറാകുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ വന്‍ ഇളവുകള്‍ നല്‍കും. മലിനീകരണം കൂടിയ പഴയ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം. ബജറ്റ് പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുങ്ങാന്‍ പോകുന്നത്.

ബിഎസ് 4 (BS-4) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോ അല്ലെങ്കില്‍ അതിനേക്കാള്‍ പഴക്കമുള്ളതോ ആയ വാഹനങ്ങള്‍ക്കാണ് ഈ നികുതി വര്‍ദ്ധനവ് ബാധകമാകുന്നത്. ഇത്തരം വാഹനങ്ങള്‍ കൂടുതല്‍ പുക പുറംതള്ളുന്നത് അന്തരീക്ഷ മലിനീകരണം കൂടാന്‍ കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അവയുടെ ഹരിത നികുതി നിലവിലുള്ളതിന്റെ ഇരട്ടിയാക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചത്. ഇതോടെ പഴയ വണ്ടികള്‍ കൈവശം വെക്കുന്നത് ഉടമകള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി മാറും.

old vehicle

എന്നിരുന്നാലും, പഴയ വാഹനം ഒഴിവാക്കി പുതിയത് വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വലിയ ആശ്വാസം പകരും. ബിഎസ്-4 നിലവാരത്തിലുള്ളതോ അതിന് മുമ്പുള്ളതോ ആയ വാഹനം പൊളിച്ച് പുതിയത് വാങ്ങുന്നവര്‍ക്ക് മോട്ടോര്‍ വാഹന നികുതിയില്‍ 16 ശതമാനം ഇളവ് ലഭിക്കും. പഴയ വാഹനം വിറ്റ് പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഈ നികുതി ഇളവ് വലിയ സാമ്പത്തിക സഹായമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

വളരെയേറെ പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ കാത്തുവെക്കുന്നത്. BS-3 അല്ലെങ്കില്‍ അതിനേക്കാള്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അത് സ്‌ക്രാപ്പ് ചെയ്യാന്‍ കൊടുത്താല്‍ പുതിയ വാഹനത്തിന്‍മേല്‍ 30 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.
അന്തരീക്ഷ മലിനീകരണം കൂട്ടുന്ന ഇത്തരം വാഹനങ്ങള്‍ എത്രയും വേഗം നിരത്തുകളില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ക്രെയിന്‍ മൗണ്ടഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ബജറ്റില്‍ ആശ്വാസകരമായ പ്രഖ്യാപനമുണ്ട്. ഇത്തരം വാഹനങ്ങളുടെ മോട്ടോര്‍ വാഹന നികുതിക്ക് സര്‍ക്കാര്‍ ഉയര്‍ന്ന പരിധി നിശ്ചയിച്ചു. ഇത് അനുസരിച്ച് ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് നല്‍കേണ്ട പരമാവധി നികുതി 30 ലക്ഷം രൂപയായി നിജപ്പെടുത്തി. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഹെവി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ തീരുമാനം വലിയ നേട്ടമാകും.

സംസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന വിപുല ശ്രമങ്ങളുടെ ഭാഗമാണ് ഈ നികുതി പരിഷ്‌കാരങ്ങള്‍. പഴയ വാഹനങ്ങളില്‍ നിന്ന് മാറി മലിനീകരണം കുറഞ്ഞതും കൂടുതല്‍ ഇന്ധനക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന പുതിയ മോഡലുകളിലേക്ക് മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറുന്നതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാനും സംസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

commercial old vehicle

സുപ്രധാന തീരുമാനത്തിലൂടെ പരിസ്ഥിതി സംരക്ഷണവും ഒപ്പം വാഹന വിപണിക്ക് പുതു ഉണര്‍വേകാനും കൂടിയാണ് സര്‍ക്കാറിന്റെ ശ്രമം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നീക്കം വരും മാസങ്ങളില്‍ വാഹന വിപണിയില്‍ വലിയ ചലനമുണ്ടാക്കും. സര്‍ക്കാര്‍ തീരുമാനത്തോട് പഴയ കാര്‍ ഉടമകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. പഴയ വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ നികുതി വര്‍ദ്ധനവ് ഒഴിവാക്കാന്‍ സ്‌ക്രാപ്പേജ് പോളിസി പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയിലെ നിരത്തുകളില്‍ പഴയ വാഹനങ്ങള്‍ കൊണ്ടുനടക്കാന്‍ ചിലവേറുമെന്ന് ഉറപ്പായി. നികുതി വര്‍ധനവ് കാരണം പഴയ കാറുകളുടെ റീസെയില്‍ വാല്യൂ കുറയാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരോധിച്ചത് കാരണം മറുനാടന്‍ വണ്ടികള്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് റീ-രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്ന പ്രവണത കൂടുതലാണ്. ഇനി ഡല്‍ഹി വണ്ടികള്‍ മാത്രമല്ല 'ബോംബെ' വണ്ടികളും കേരളത്തിലെ നിരത്തുകളില്‍ റീ-റജിസ്റ്റര്‍ ചെയ്ത് ഓടുന്നത് നമുക്ക് കാണാന്‍ പറ്റിയേക്കും.

More from DriveSpark

Article Published On: Saturday, March 7, 2026, 19:41 [IST]
English summary
Maharashtra budget 2026 green tax hike old cars scrappage benefits explained malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X