എന്റമ്മിച്ചിയേ! എന്നാ ഒരു വലിപ്പമാ? 33 ഇഞ്ച് ടയറുകളുമായി കണ്ണഞ്ചിപ്പിക്കും ലുക്കിൽ പരിഷ്കരിച്ച മഹീന്ദ്ര ബൊലേറോ
കുറച്ച് കാലമായി ഇന്ത്യ വിപണിയിലെ നിറ സാനിധ്യമാണ് മഹീന്ദ്ര ബൊലേറോ, രാജ്യത്തെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണിത്. അതോടൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണ് ബൊലേറോ. നോർമൽ മാർക്കറ്റിൽ മാത്രമല്ല കസ്റ്റമൈസേഷൻ അല്ലെങ്കിൽ മോഡിഫിക്കേഷൻ ആസ്വദിക്കുന്ന കാർ പ്രേമികൾക്കിടയിലും എസ്‌യുവി വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്.
ഇവിടെ 33 ഇഞ്ച് വലിയ ടയറുകളുമായി വളരെ മികവുറ്റ രീതിയിൽ പരിഷ്കരിച്ച മഹീന്ദ്ര ബൊലേറോകളിൽ ഒന്നാണ് ഞങ്ങൾ പരിചപ്പെടുത്തുന്നത്. വമ്പൻ 33 ഇഞ്ച് വലിയ ടയറുകളുള്ള മഹീന്ദ്ര ബൊലേറോയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമാങ്ങളിൽ വൈറലായിരിക്കുകയാണ്. അതോടൊപ്പം, ഈ മഹീന്ദ്ര ബൊലേറോയുടെ ഉടമ വാഹനത്തിന്റെ ലുക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വളരെ രസകരമായ ചില പരിഷ്കാരങ്ങളും വാഹനത്തിൽ ചെയ്തിട്ടുണ്ട്.

നോട്ടത്തിൽ തന്നെ നമ്മെ ആകർഷിക്കുന്ന ഒരു കൂട്ടം കൂറ്റൻ 33 ഇഞ്ച് ഹാൻകൂക്ക് ഡൈനാപ്രോ MT ടയറുകളാണ് ഈ മഹീന്ദ്ര ബൊലേറോയുടെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന ഘടകം. വമ്പൻ ടയറുകൾക്കൊപ്പം, ഈ മോഡഫൈഡ് മഹീന്ദ്ര ബൊലേറോയിൽ വരുന്നത് 16 ഇഞ്ച് വീലുകളാണ്.
ഈ വലിയ ടയറുകൾ ഉൾക്കൊള്ളുന്നത് അല്പം ബുദ്ധിമുട്ടുള്ള കേസാണ്, അതിനായി മഹീന്ദ്ര ബൊലേറോയുടെ ഉടമസ്ഥൻ വാഹനത്തിന്റെ പിൻവശത്ത് എക്സ്ട്ര ലീഫുകളും, റൈഡ് ഹൈറ്റ് വർദ്ധിപ്പിക്കുന്നതിനായി ഫ്രണ്ട് ഷോക്ക് അബ്സോർബറുകൾക്ക് മുകളിൽ ഹാർഡ് ബുഷിംഗുകളും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ, വലിയ ടയറുകളെ ഫിറ്റ് ചെയ്യാൻ ഫ്രണ്ട് ബമ്പറും ട്രിം ചെയ്തിട്ടുണ്ട്.

വിഷ്വൽ അപ്പീലും ലുക്സും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, പരിഷ്കരിച്ച മഹീന്ദ്ര ബൊലേറോയ്ക്ക് ഒരു ഗ്ലോസ് ബ്ലാക്ക് റാപ്പ്, ബ്ലാക്ക് വിൻഡോ ടിന്റ്, വൈറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് ബൾബുകൾ എന്നിവ നൽകിയിരിക്കുന്നു. അതോടൊപ്പം റൂഫിൽ എൽഇഡി ലൈറ്റ് ബാറും ഫിറ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ പരിഷ്കരിച്ച ഈ മഹീന്ദ്ര ബൊലേറോ ഒരു ബേസ് വേരിയന്റാണെന്നും വാഹനത്തിന്റെ യഥാർത്ഥ നിറം വെള്ളയാണെന്നതും എടുത്തുപറയേണ്ടതാണ്. എന്നാൽ ഇതിൽ ഇപ്പോൾ ഫോർ ഡോർ പവർ വിൻഡോകൾ, അപ്പ്ഡേറ്റഡ് മ്യൂസിക് സിസ്റ്റം, ഫുൾ മാറ്റ്, പുതിയ സീറ്റ് കവറുകൾ എന്നിവയുൾപ്പെടെ നിരവധി അപ്പ്ഗ്രേഡുകൾ അകത്തളത്തിൽ വരുത്തിയിട്ടുണ്ട്.

ഒറ്റ നോട്ടത്തിൽ ഈ പരിഷ്‌ക്കരിച്ച മഹീന്ദ്ര ബൊലേറോ പലർക്കും തങ്ങളുടെ സ്വപ്ന വാഹനമായി കാണപ്പെടുമെങ്കിലും, ഏത് ഓഫ്-റോഡ് പ്രേമിയും ഉറപ്പായും ആഗ്രഹിക്കുന്ന ഒരു പ്രധാന ഫീച്ചറായ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം ഇല്ലാതെയാണ് ഇത് വരുന്നത്. ഇത്രയധികം പരിഷ്കരണങ്ങളും കൂറ്റൻ ഓഫ്റോഡ് ടയറുകളും ഉണ്ടെങ്കിലും 4x4 സംവിധാനത്തിന്റെ അഭാവം സന്ദ്യവരെ വെള്ളം കോരിയിട്ട് പടിക്കൽ കൊണ്ട് കലം ഉടയ്ക്കുന്ന പരിപാടിയായിപ്പോയി എന്ന് വേണം പറയാൻ.
ഒരുകാലത്ത് ഫോർ വീൽ ഡ്രൈവ് സിസ്റ്റം ലഭിച്ചിരുന്ന ബൊലേറോയ്ക്ക് ഇപ്പോൾ ഇത് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം. നിലവിൽ ഒരു റിയർ വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് എസ്‌യുവി എത്തുന്നത്. കൂടാതെ 75 bhp മാക്സ് പവറും 210 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ത്രീ സിലിണ്ടർ mHawk75 ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഫാൻസി കംഫർട്ട് ഫീച്ചറുകളും ഹൈൻ എൻഡ് സേഫ്റ്റി എക്യുപ്മെന്റുകളും ഒന്നും തന്നെയില്ലെങ്കിലും ഇന്നും മഹീന്ദ്ര ബൊലേറോ ഇന്ത്യൻ വിപണിയിലെ വളരെ ജനപ്രിയമായ ഒരു മോഡലായി ഇന്നും തുടരുന്നു.


Click it and Unblock the Notifications








