ധര്‍മ്മസ്ഥലയ്ക്ക് പുതിയ BE 6 ഇലക്ട്രിക് കാര്‍ സംഭാവന ചെയ്ത് മഹീന്ദ്ര; ഇത് മൊത്തം മൂന്നാമത്തേത്
ഒരു പതിറ്റാണ്ട് മുമ്പ് ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് അവകാശപ്പെട്ട മുന്‍ ശുചിത്വ തൊഴിലാളി രംഗത്ത് വന്നതോടെ ധര്‍മ്മസ്ഥലയെന്ന സ്ഥലം രാജ്യത്ത് മൊത്തം ശ്രദ്ധനേടിയിരിക്കുകയാണ്. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലാണ് ധര്‍മ്മസ്ഥല സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ധര്‍മ്മസ്ഥല ട്രസ്റ്റിന് നേരെയടക്കം ആരോപണമുന നീണ്ട കേസ് കര്‍ണടകയെ മൊത്തം പിടിച്ചുകുലുക്കിയിരുന്നു. രണ്ട് പതിറ്റാണ്ടുകളായി ധര്‍മ്മസ്ഥലയില്‍ നടന്ന കൂട്ടക്കൊല, ബലാത്സംഗം, നിയമവിരുദ്ധ ശവസംസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച് ആരോപണങ്ങള്‍ അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
അജ്ഞാതനായ സാക്ഷി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുകയാണ്. മഞ്ജുനാഥ സ്വാമി ക്ഷേത്രമടക്കം ധര്‍മ്മസ്ഥലയിലെ ക്ഷേത്രങ്ങളുടെ ഭരണാധികാരികളായ ഹെഗ്‌ഡെ കുടുംബമാണ് കേസിലെ പ്രതികളെ രക്ഷിക്കുന്നത് എന്നാണ് ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 6 ധര്‍മ്മസ്ഥലയ്ക്ക് സമ്മാനിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ നിര്‍മ്മാണ വിഭാഗം മേധാവി വിനയ് ഖനോല്‍ക്കര്‍ ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്ക് കാറിന്റെ താക്കോല്‍ കൈമാറി. മഹീന്ദ്ര ധര്‍മ്മസ്ഥലയ്ക്ക് നല്‍കുന്ന മൂന്നാമത്തെ വാഹനമാണിതെന്ന് രാജ്യസഭ എംപി കൂടിയായ ഹെഗ്‌ഡെ പറഞ്ഞു. ഗ്രാമീണ വികസന പദ്ധതികള്‍ക്കായി ഈ വാഹനം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
19.40 ലക്ഷം രൂപ മുതല്‍ 27.65 ലക്ഷം രൂപ വരെയാണ് നിലവില്‍ മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ടാംഗോ റെഡ്, ഡെസേര്‍ട്ട് മിസ്റ്റ്, ഡെസേര്‍ട്ട് മിസ്റ്റ് സാറ്റിന്‍, എവറസ്റ്റ് വൈറ്റ്, എവറസ്റ്റ് വൈറ്റ് സാറ്റിന്‍, ഫയര്‍സ്റ്റോം ഓറഞ്ച്, ഡീപ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, നാപോളി ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 4,371 മില്ലിമീറ്റര്‍ നീളവും 1,907 മില്ലിമീറ്റര്‍ വീതിയും 1,627 മില്ലിമീറ്റര്‍ ഉയരവുമുണ്ട്.
കൂടാതെ, 207 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും 2,775 മില്ലിമീറ്റര്‍ വീല്‍ബേസും ഇതിനുണ്ട്. ആകര്‍ഷകവും ഫ്യൂചറിസ്റ്റിക്കുമായ എക്‌സ്റ്റീരിയര്‍ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. മനോഹരമായ ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍, 20 ഇഞ്ച് വീലുകള്‍, ഫ്‌ലഷ്-ഡോര്‍ ഹാന്‍ഡിലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ വാഹനത്തിന് മികച്ച രൂപം നല്‍കുന്നു.
രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇവിക്കുള്ളത്. 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന മോഡല്‍ ഒറ്റ ചാര്‍ജില്‍ 556 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 230 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 79 kWh ബാറ്ററി പായ്ക്കുള്ള രണ്ടാമത്തെ മോഡല്‍ ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു.

ഈ മോഡലിലെ ഇലക്ട്രിക് മോട്ടോര്‍ 285 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 202 കിലോമീറ്റര്‍ വേഗതയുള്ള ഈ വാഹനം വെറും 6.7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.അഞ്ച് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഇവിക്ക് മോഡേണ്‍ ക്യാബിനാണ് ലഭിക്കുന്നത്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, മാഗ്‌നറ്റിക് കീ ഫോബുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, 16-സ്പീക്കര്‍ ഹാര്‍മന്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ കാറിലുണ്ട്.
7 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ലെവല്‍ 2 അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), 360 ഡിഗ്രി ക്യാമറ എന്നിവ സുരക്ഷാ സംവിധാനങ്ങളില്‍പ്പെടുന്നു. 455 ലിറ്റര്‍ വലിയ ബൂട്ട് സ്‌പേസ് അവധിക്കാല യാത്രകളില്‍ അധിക ലഗേജ് കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുന്നു.


Click it and Unblock the Notifications








