കുഴിയിലകപ്പെട്ട് പോയ സ്കോർപിയോ എൻ -ന് രക്ഷകനായത് ഈ ഓഫ്റോഡർ; വൈറൽ വീഡിയോ
ലഡാക്ക് പോലുള്ള ഡെസ്റ്റിനേഷനുകളിലേക്ക് ടൂ വീൽ ഡ്രൈവ് കാറിൽ പോകുന്നത് വളരെ സാധാരമാണ് എന്ന് എല്ലാവർക്കു അറിയാവുന്നതാണല്ലോ. പക്ഷേ ഈ വാഹനങ്ങൾ കുന്നിൻപുറത്ത് ഓഫ് റോഡ് ഭൂപ്രദേശങ്ങളിലൂടെ ഓടിക്കാൻ ചിലപ്പോൾ പര്യാപ്തമല്ല എന്ന കാര്യം പലരും മറക്കുന്നതാണ് പ്രശ്നം. അടുത്തിടെ, മഹീന്ദ്ര സ്‌കോർപ്പിയോ-എൻ ടൂ വീൽ ഡ്രൈവ് ഒരു നദിക്കടുത്തുള്ള ചെറിയ കുഴിയിൽ കുടുങ്ങിയതിന്റെ വീഡിയോ ഓൺലൈനിൽ വരികയും വൈറലാകുകയും ചെയ്തിരിക്കുകയാണ്.
അരുൺ പൻവാർ എന്ന വ്യക്തി തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ ആണ് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ലഡാക്കിലൂടെ പോകുന്ന വഴി ഒരു നദി കണ്ടപ്പോൾ അതിലൂടെ ഓടിക്കാൻ സ്കോർപിയോ ഡ്രൈവർക്ക് ആഗ്രഹം തോന്നിയപ്പോൾ നേരെ വാഹനം ഇറക്കുകയായിരുന്നു. അൽപ്പം കൂടെ മുന്നോട്ട് പോയപ്പോൾ നദിയിലെ ഒരു കുഴിയിലേക്ക് ഇറങ്ങിയതിന് ശേഷം കയറാൻ പറ്റാതെ വന്നതോടെയാണ് പണി കിട്ടിയത്.

പല തവണ വാഹനം പുറത്തിറക്കാൻ ശ്രമിച്ചുവെങ്കിലും സ്കോർപിയോ ടൂ വീൽ ഡ്രൈവ് വേരിയൻ്റ് ആയത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. അതുവഴി പോയ പല വാഹനങ്ങളോടും സഹായം അഭ്യർത്ഥിച്ചുവെങ്കിലും പറ്റിയില്ല. ഒരു ബലോനോ ഡ്രൈവറിനോട് സഹായം അഭ്യർത്ഥിച്ചു പക്ഷേ അതും ടൂവീൽ ഡ്രൈവ് ആയത് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മനസിലായതോടെ മടങ്ങിപോയി.
കുറച്ച് സമയത്തിന് ശേഷം, ഒരു മഹീന്ദ്ര ഥാർ 4X4 ഡ്രൈവറും സുഹൃത്തുക്കളും റോഡിലൂടെ കടന്നുപോകുന്നത് കാണുകയും സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വ്ലോഗറിന്റെ സുഹൃത്തുക്കൾ അടുത്തുള്ള ഒരു ഗ്രാമത്തിൽ പോയി ഒരു കയറുമായി എത്തി. നിഷ്പ്രയാസം സ്കോർപിയോ കുഴിയിൽ നിന്ന് കയറി വരികയും സ്കോർപിയോ ഉടമ ഥാർ ഡ്രൈവറിനോട് നന്ദി പറയുകയും ചെയ്തു.

ഇത്തരം പ്രദേശങ്ങളിലൂടെ പോകുമ്പോൾ ഒരു 4X4 വാഹനം എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി തരുന്ന വീഡിയോ ആണ് ഇത്. അതിനോടൊപ്പം തന്നെ കയർ തന്നു സഹായിച്ച നാട്ടുകാരന് മുന്നൂറ് രൂപ നൽകുകയാണെന്ന് വ്ലോഗർ പറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ തനിക്ക് 2000 രൂപ വേണമെന്നാണ് നാട്ടുകാരൻ പറഞ്ഞത്. അത് സമ്മതിക്കാത്തതോടെ നാട്ടുകാരൻ പിണങ്ങിപോകുകയായിരുന്നു.
2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.
കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.
സബ് ഫോർ മീറ്റർ ക്രോസ്ഓവർ സെഗ്‌മെന്റിൽ മത്സരം ശക്തമാകുമ്പോൾ, മഹീന്ദ്ര തങ്ങളുടെ XUV300 -നും ഒരു നവീകരണം നൽകുന്നതിനായി തയ്യാറെടുക്കുകയാണ്. സ്പൈ ഷോട്ടുകൾ ഒരു പുതിയ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു, ഇത് നിലവിലെ XUV300 ഡിസൈനിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം ബ്രാൻഡിന്റെ BEV ശ്രേണിയിൽ പ്രദർശിപ്പിച്ച മഹീന്ദ്രയുടെ പുതിയ ഡിസൈൻ ശൈലിയ്ക്ക് അനുസൃതമാണ് പുതിയ XUV300.


Click it and Unblock the Notifications








