15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് സ്കോർപിയോ എൻ! 7 പേർക്കും ഒരു പോറൽ പോലുമില്ല, വീഡിയോ കാണാം
മഹീന്ദ്രയുടെ ഏറ്റവും മികച്ച എസ്‌യുവികളിൽ ഒന്നാണ് സ്കോർപിയോ, സത്യം പറഞ്ഞാൽ സ്കോർപിയോ വന്നതിന് ശേഷമാണ് മഹീന്ദ്രയുടെ ശുക്രൻ തെളിഞ്ഞത് എന്ന് വേണം പറയാൻ. ഏതൊരു വാഹനമായാലും ശ്രദ്ധയോടെ ഓടിച്ചില്ല എങ്കിൽ അപകടം ഉണ്ടാകും. അത്തരത്തിലൊരു അപകടമാണ് സ്കോർപിയോ എൻ-ന് സംഭവിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ബിൽഡ് ക്വാളിറ്റി ആണ് ഈ ഒരപകടം കൊണ്ട് എടുത്തു കാണിക്കുന്നത്.
ഈ മഹീന്ദ്ര സ്കോർപ്പിയോ-എൻ റോൾഓവറിൻ്റെ വീഡിയോ യൂട്യൂബിൽ നിഖിൽ റാണയാണ് പങ്കു വച്ചിരിക്കുന്നത്. സ്കോർപിയോ എൻ-ൽ ആകെ 7 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നിന്ന് ബസ്തിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ബന്ധു വീട്ടിൽ പോയി വരികെയാണ് അപകടം സംഭവിച്ചത്.

നിരവധി പേർ സഹായവുമായി എത്തിയിരുന്നു. അവർ ആംബുലൻസിനെ വിളിച്ച് എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. ഭാഗ്യവശാൽ, ഈ സ്കോർപിയോ-എൻ്റെ ഏഴ് യാത്രക്കാരും സുരക്ഷിതരായിരുന്നു. ഈ ഏഴ് യാത്രക്കാരിൽ ഒരാൾക്ക് മാത്രമാണ് ചെറിയ പരിക്ക് സംഭവിച്ചത്. വീഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും, മഹീന്ദ്ര സ്കോർപ്പിയോ-എൻ ൻ്റെ റൂഫും പില്ലറുകളും പൂർണ്ണമായി തകർന്നു. രാത്രിയിൽ റോഡിൽ ദൂരക്കാഴ്ച കുറവായതിനാലാണ് അപകടമുണ്ടായത് എന്നാണ് വീഡിയോയിൽ പറയുന്നത്.
സ്കോർപിയോ എൻ-ൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ സ്കോർപിയോ N എസ്‌യുവിക്ക് 13.26 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അരങ്ങേറ്റം മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് വലിയ വഴിത്തിരിവ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവി ഓരോ മാസവും ശരാശരി 8,000 യൂണിറ്റിലധികമാണ് വിറ്റഴിക്കപ്പെടുന്നത്. സ്‌കോർപിയോ ക്ലാസിക് പതിപ്പിനൊപ്പമാണ് N മോഡലും വിറ്റഴിക്കപ്പെടുന്നത്.

6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ മഹീന്ദ്ര സ്കോർപിയോ N വാങ്ങാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. Z2, Z4, Z6, Z8 എന്നീ നാല് വേരിയന്റുകളിലായാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബോഡി ഓൺ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മുൻഗാമിയേക്കാൾ യാത്രാ സുഖവും പെർഫോമൻസും നൽകാൻ ഇതിനാവുന്നുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്.
ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി രണ്ട് എഞ്ചിൻ ഓപ്ഷനും വീട്ടിലെത്തിക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ മോഡൽ 198 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 173 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും.
സ്കോർപിയോ ക്ലാസിക്കും വിൽപ്പനയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്.
നിങ്ങൾ ഒരു സ്കോർപിയോ ഉടമയാണെങ്കിൽ നിങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ട് എങ്കിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. സ്കോർപിയോയുടെ ബിൽഡ് ക്വാളിറ്റിയെ പറ്റി നിങ്ങളുടെ അഭിപ്രായം കൂടി കമൻ്റ് ചെയ്യാൻ നിങ്ങൾ മറക്കരുതേ. മഹീന്ദ്ര ഷോറൂമുകളിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്ത് മാത്രം വാഹനം വാങ്ങാൻ തീരുമാനിക്കുക എന്ന കാര്യം കൂടി ഓർമിപ്പിക്കുകയാണ്.


Click it and Unblock the Notifications








