നരേന്ദ്രമോഡി ഏതു കാറില്‍ പോകണം?
വളരെ നിര്‍ണായകമായ ഒരു ചരിത്രസന്ദര്‍ഭത്തില്‍ നാമെത്തി നില്‍ക്കുകയാണിപ്പോള്‍. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം നടന്ന് ഒരു വ്യാഴവട്ടം പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് നടന്നു കയറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ സന്ദര്‍ഭത്തിലെ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസ്സിലുയരേണ്ടതുണ്ട്. അതില്‍ നിന്ന് വായനക്കാരെ പിന്തിരിപ്പിക്കാന്‍ ഒട്ടും ഉദ്ദേശ്യമില്ല എന്ന ജാമ്യാപേക്ഷയോടെ ഒരു ചെറിയ ചോദ്യമുന്നയിക്കാന്‍ ആഗ്രഹിക്കുകയാണ് ഈ ലേഖകന്‍. ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി ഏതു കാറിലായിരിക്കും സംഞ്ചരിക്കുക?
ഇതെക്കുറിച്ച് ഡ്രൈവ്‌സ്പാര്‍ക് വായനക്കാരുമായി ഒരു ചര്‍ച്ച നടത്താനുദ്ദേശിക്കുന്നു. താഴെ താളുകളിലേക്ക് ചെല്ലുക.

നരേന്ദ്രമോഡിയുടെ കാര്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയാണ് ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ദില്ലിയില്‍ നടത്തിയ റോഡ് ഷോയില്‍ മോഡി ഇതേ വാഹനം ഉപയോഗിക്കുകയുണ്ടായി.

ഒരു കടുത്ത ദേശീയവാദിയായി അറിയപ്പെടുന്ന മോഡിക്ക് ഗുജറാത്തിലെ വര്‍ഗീയമായി മാത്രം ചിന്തിക്കാനറിയാവുന്ന ഹിന്ദുക്കള്‍ക്കിടയില്‍ പ്രതിച്ഛായാ നിര്‍മിതിക്ക് സ്‌കോര്‍പിയോ വലിയ തോതില്‍ സഹായം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ നിര്‍മാതാവായ മഹീന്ദ്രയാണ് സ്‌കോര്‍പിയോ എസ്‌യുവിയുടെ നിര്‍മാതാവ്. (ടാറ്റ പാഴ്‌സിയാകയാല്‍ അങ്ങോരുടെ കമ്പനിയുടെ ഉല്‍പന്നം പുര്‍ണ അര്‍ത്ഥത്തില്‍ 'ദേശീയ'മാകുന്നില്ല. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഉടമകള്‍ ഹിന്ദുക്കളാണെങ്കിലും അംബാസ്സഡര്‍ കാറില്‍ സഞ്ചരിക്കാന്‍ ഇന്ന് രാഷ്ട്രീയക്കാര്‍ പഴയപോലെ തയ്യാറാവുന്നില്ല.)

അതെസമയം, മഹീന്ദ്രയുടെ സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യയുടെ പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ പറ്റിയ വാഹനമാണെന്ന് ആനന്ദ് മഹീന്ദ്രയ്ക്കുപോലും അഭിപ്രായമുണ്ടാവില്ല. ഇനി അതിനായി പാകപ്പെടുത്തിയെടുക്കാമെന്നു വെച്ചാല്‍ തന്നെയും വന്‍ തോതിലുള്ള മോഡിഫിക്കേഷന്‍ ആവശ്യമായി വരും. പ്രായോഗികബുദ്ധിയായ നരേന്ദ്രമോഡി ഇതിനെല്ലാം മെനക്കെടുമെന്ന് ചിന്തിക്കാന്‍ പ്രയാസമുണ്ട്.

അപ്പോള്‍ ചോദ്യം ഇതാണ്: നരേന്ദ്ര മോഡി ഏതു കാര്‍ തെരഞ്ഞെടുക്കും?

രണ്ടു വാഹനങ്ങളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിക്കു മുമ്പില്‍ തെരഞ്ഞെടുപ്പിനുള്ളത്. മഹീന്ദ്ര സ്‌കോര്‍പിയോയും, അടല്‍ ബിഹാരി വാജ്‌പേയി മുതല്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചുവന്ന ബിഎംഡബ്ല്യു 7 സീരീസും. ബിഎംഡബ്ല്യു വരുന്നത് പണ്ട് ഹിറ്റ്‌ലര്‍ ഭരിച്ചിരുന്ന ജര്‍മനിയില്‍ നിന്നാണ്!

അതെസമയം ആനന്ദ് മഹീന്ദ്ര നടത്തുന്ന ചില നീക്കങ്ങളെക്കുറിച്ചും കേട്ടു തുടങ്ങിയിട്ടുണ്ട്. സ്‌കോര്‍പിയോ എസ്‌യുവിയെ പ്രധാനമന്ത്രിക്കിണങ്ങുന്ന വിധത്തില്‍ മോഡിഫൈ ചെയ്തു നല്‍കാന്‍ മഹീന്ദ്ര തയ്യാറാണെന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ അതൊരു വന്‍ സംഭവമായി മാറും എന്നുറപ്പ്. മഹീന്ദ്രയ്ക്ക് സ്വന്തം ബ്രാന്‍ഡ് നാമത്തെ ലോകത്തിനു മുമ്പില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള ഒരവസരവും ലഭിക്കും.

നരേന്ദ്ര മോഡി സ്‌കോര്‍പിയോയില്‍ തന്നെ തന്റെ യാത്ര തുടരണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് മഹീന്ദ്ര് ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വിഭാഗം തലവന്‍ പവന്‍ ഗോയങ്ക പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷാസംവിധാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുമായി മഹീന്ദ്ര ചര്‍ച്ച നടത്തുമെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാഹനത്തിനാവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നത്.

ഇതൊരു കുഴഞ്ഞ പ്രശ്‌നം തന്നെയാണിപ്പോള്‍. പ്രധാനമന്ത്രി ഏതു കാര്‍ ഉപയോഗിക്കണമെന്നാണ് ഒരു പൗരനെന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായം? ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ സ്‌കോര്‍പിയോയോ, ജര്‍മന്‍ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ (അന്തര്‍ദ്ദേശീയമായി ഗുണനിലവാരം തെളിയിച്ചിട്ടുള്ള) 7 സീരീസ് സലൂണോ?


Click it and Unblock the Notifications








