ഇതൊക്കെയെന്ത്; പ്രളയത്തിൽ മുങ്ങിയ റോഡിലൂടെ മഹീന്ദ്ര ഥാറിന്റെ മാസ് ഡ്രൈവ് VIDEO
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബെംഗളൂരു നഗരത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. വെള്ളം പൊങ്ങിയ ചില സ്ഥലങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ന്നു. ചില പ്രദേശങ്ങളില്‍ നിന്നും ട്രാക്ടര്‍ ഉപയോഗിച്ചും ചിലയിടങ്ങളില്‍ ബോട്ടുകളും ജെസിബിയും വരെ ഉപയോഗിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളില്‍ സാഹസികമായി ഇറങ്ങിയ ചില ധീരന്മാരും ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെല്ലന്തൂര്‍ തടാകത്തോട് ചേര്‍ന്നുള്ള റോഡിലൂടെ വെള്ളം നിറഞ്ഞ് ഒഴുകുന്നത് കണ്ടിട്ടും തന്റെ മഹീന്ദ്ര ഥാര്‍ ഇറക്കിയ ഡ്രൈവറാണ് അതില്‍ ഒരാള്‍. ബോണറ്റോളമെത്തുന്ന വെള്ളത്തെ വകഞ്ഞുമാറ്റി കൂള്‍ ആയി മുന്നോട്ട് പായുന്ന മഹീന്ദ്ര ഥാറിന്റെ വിഡിയോ കാണാം.

ഥാറിനൊപ്പം മറ്റൊരു വാഹനവും ആ റോഡിലൂടെ ഓടുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കണം. ഒരു ഹെവി വാഹനം അതിലെ കടന്നുപോയാല്‍ ധാരാളം വെള്ളം എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഈ ഒഴിവിലാണ് ചില കുഞ്ഞു വാഹനങ്ങള്‍ വെള്ളക്കെട്ട് മറികടന്ന് പോകാറുള്ളത്.

625 മില്ലിമീറ്റര്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവോടെയാണ് ഥാര്‍ വരുന്നത്. എന്നാല്‍ ബെംഗളൂരുവിലെ വീഡിയോയിലുള്ള ഥാര്‍ ഈ 625 മില്ലിമീറ്റര്‍ പരിധിക്കും അല്‍പ്പം കൂടി മുകളില്‍ പോകുന്നതായി തോന്നുന്നു.

വെള്ളക്കെട്ടില്‍ വാഹനം ഇറക്കാമോ?
വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങളില്‍ വാഹനം ഇറക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. വാഹനത്തിന്റെ ഇന്‍ടേക്ക് സിസ്റ്റത്തിലേക്ക് വെള്ളം കയറുകയും ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഉണ്ടാകുകയും എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ച് വാഹനം കുടുങ്ങിപ്പോകുകയും ചെയ്യും. വെള്ളത്തിനടിയിലായ റോഡുകളില്‍ പാറക്കല്ലുകള്‍, തുറന്ന മാന്‍ഹോളുകള്‍, ഗട്ടറുകള്‍ എന്നിങ്ങനെയുള്ള തടസ്സങ്ങള്‍ മറഞ്ഞിരിക്കാം. ഇവ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും.

ഒരുപക്ഷേ ശക്തമായ ജലപ്രവാഹം ഉണ്ടായാല്‍ വാഹനം അതില്‍ ഒഴുകിപ്പോകുകയും ചെയ്യാം. വാഹനം വെള്ളത്തിലറക്കിയാല്‍ അതിന്റെ ഇലക്ട്രിക്കല്‍ സംവിധാനം തകരാറിലായേക്കാം. എന്തിന്, ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് (ഇസിയു) കേടുവന്ന് വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങി കിടന്നേക്കാം. ഈ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഉചിതമല്ല. പ്രത്യേകിച്ചും ആ റോഡ് അത്ര പരിചിതമല്ല എങ്കില്‍.
സ്‌നോര്‍ക്കലുകള്‍ സഹായിക്കും
വാഹനത്തിന്റെ എയര്‍ ഇന്‍ടേക്കില്‍ ഘടിപ്പിച്ച ഉപകരണമാണ് സ്‌നോര്‍ക്കല്‍. ഇത് വാഹനത്തെ ആഴത്തിലുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. സ്നോര്‍ക്കലിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്ന 4X4 വാഹനമാണ് ഫോഴ്സ് ഗൂര്‍ഖ.

ഇത് ഥാറിന്റെ 625 മില്ലീമീറ്ററിനേക്കാള്‍ അല്‍പ്പം കൂടുതല്‍ 700 മില്ലിമീറ്ററോളം വെള്ളം വകഞ്ഞുമാറ്റി മുന്നോട്ട് പോകാന്‍ കഴിവ് നല്‍കുന്നു. എന്നിരുന്നാലും, സ്നോര്‍ക്കലിന് ഇസിയു പോലുള്ള വാഹനത്തിന്റെ ഇലക്ട്രിക് ഘടകങ്ങളെ ബാധിക്കുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക. അതിനാല്‍, ഒരു വാഹനത്തിന്റെ വാട്ടര്‍ വേഡിംഗ് പരിധി അറിയുകയും അതിനു താഴെയുള്ള സുരക്ഷിതമായ മാര്‍ജിനില്‍ ഓടിക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

മഹീന്ദ്ര ഥാര്‍ അതിന്റെ രണ്ടാം തലമുറയിയാണ് ഇന്ന് ഇന്ത്യയില്‍ വില്‍പന നടത്തുന്നത്. ലോഞ്ച് ചെയ്ത അന്ന് മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലറില്‍ ഒന്നും കൂടിയാണ് ഈ മുതല്. ജനപ്രിയ മോഡലായ ഥാര്‍ എസ്യുവിയുടെ പുതിയ പതിപ്പ് 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. തന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് ആധുനികമായ നിരവധി ഫീച്ചറുകളും സവിശേഷതകളും ഉള്‍ക്കൊള്ളിച്ചെത്തിയ ഈ ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവി ചുരുങ്ങിയ കാലം കൊണ്ട് വിപണി കീഴടക്കി. പുതിയ മഹീന്ദ്ര ഥാറിന്റെ ചില വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ ഒരു വര്‍ഷത്തിലധികം കാത്തിരിക്കണം.

വലിയ കുറ്റങ്ങളൊന്നും പറയാനില്ലെങ്കിലും വിപണിയില്‍ മത്സരം കടുക്കുന്നതിനാല്‍ ഥാറും ചെറുതായി അണിഞ്ഞൊരുങ്ങുകയാണ്. മാരുതി സുസുക്കി ഫൈവ് ഡോര്‍ ജിംനിയുമായും ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയുമായും വിപണി പിടിക്കാനിറങ്ങുന്നതിനാല്‍ മഹീന്ദ്രയും ഒരുങ്ങിത്തന്നെയാണ്.

ഥാര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ പുതിയ ലോംഗ്-വീല്‍ബേസ് അഞ്ച് ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പ്ലാന്‍. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഥാറിന്റെ 5-ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അടുത്തിടെ ഥാറിന്റെ കളര്‍ ഓപ്ഷനുകളുടെ പട്ടികയില്‍ നിന്ന് രണ്ട് നിറങ്ങള്‍ മഹീന്ദ്ര ഒഴിവാക്കിയിരുന്നു. മിസ്റ്റിക് കോപ്പര്‍, റോക്കി ബീജ് എന്നിവയാണ് ആ നിറങ്ങള്‍. ഇനി റെഡ് റേജ്, അക്വാ മറൈന്‍, ഗാലക്സി ഗ്രേ, നാപോളി ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ മാത്രമേ ലഭ്യമാകൂ എന്ന് സാരം. മാനുവല്‍ വേരിയന്റുകള്‍ക്ക് ചുവപ്പ് കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ മാത്രമേ ലഭിക്കൂ.

2022 ഥാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റിന് 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. ഡീസല്‍ ഉണ്ടെങ്കിലും എം സ്റ്റാല്ല്യണ്‍ പെട്രോളാണ് കൂടുതല്‍ ശക്തമായ ഓപ്ഷന്‍. ഈ 2.0L യൂണിറ്റിന് 150 bhp കരുത്തും 320 Nm torque ഉം വികസിപ്പിക്കാന്‍ കഴിയും. അധിക പവറിനും ടോര്‍ക്കിനുമായി എഞ്ചിനുകള്‍ കാലിബ്രേറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. 4×4 ശേഷിയുള്ള ഒരു ട്രാന്‍സ്ഫര്‍ കേസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. പിറകിലെ സ്ഥലപരിമിതിയെ കുറിച്ചാണ് ഥാറിനെ കുറിച്ചുള്ള ഒരു പ്രധാന പരാതി. ഇത് പരിഹരിച്ച ശേഷമാകും പുതിയ ഫൈവ് ഡോര്‍ പതിപ്പ് പുറത്തിറക്കുക.


Click it and Unblock the Notifications








